Representational Image | Pic Credit: Getty Images
സ്പെഷ്യലൈസേഷന്റെ ലോകത്ത്, മാറിയുള്ള വായന വലിയ നഷ്ടമാണെന്നു കരുതുന്നവരാണ് പലരും. രണ്ടുവര്‍ഷം പഠിച്ച വിഷയം ഇനി വേണ്ടാ എന്നു തോന്നിയാലും ഇഷ്ടപ്പെട്ട മറ്റൊന്നിലേക്ക് മാറാതെ അതില്‍ത്തന്നെ തുടര്‍ന്ന് ശരാശരിക്കാരായി മാറുന്നതിലും എത്രയോ നല്ലതാണ് വഴിമാറ്റിപ്പിടിക്കുന്നത്.
ഒരു പഠനവും വിഫലമാവുന്നില്ല, ഒരിക്കലും. ഏതെങ്കിലും വിധത്തില്‍ അതു സഹായത്തിനെത്തും. കാന്‍സര്‍, പ്രമേഹം പോലുള്ളവയുടെ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു കാരണമായ ഗവേഷണപ്രബന്ധങ്ങളുടെ രചയിതാവും ഭാവിയില്‍ പുകയിലയെക്കാളധികം അകാലമരണത്തിന് കാരണമാവുക പഞ്ചസാരയാവുമെന്ന് ലോകത്തിന് മുന്നറിയിപ്പ് നല്‍കുകയും സെല്‍ ബയോളജിസ്റ്റും ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസറുമായിരുന്ന ലൂയിസ് കാന്ട്ലി പറയുന്നത് ശ്രദ്ധിക്കുക - സ്വന്തം സ്പെഷ്യലൈസേഷനായ സെല്‍ബയോളജിയുമായി പ്രത്യക്ഷ ബന്ധമില്ലാത്ത കെമിസ്ട്രിയും ബയോഫിസിക്കല്‍ കെമിസ്ട്രിയും പഠിക്കാന്‍ ചെലവിട്ട നീണ്ട എട്ടുവര്‍ഷങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിക്ഷേപം എന്നാണ്.
കാന്‍സര്‍ ഗവേഷണ പഠനങ്ങളിലെ, അതിനുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്നതിലെ തന്റെ മികവുകളത്രയും പാഴായെന്നു കരുതിയ കെമിസ്ട്രിയുടെയും ബയോകെമിസ്ട്രിയുടെയും പാഠങ്ങളില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ലാബില്‍ അതൊതുങ്ങിയില്ല, മറിച്ച് ആ അറിവ് ജന്മംനല്‍കിയത് ഏജിയോസും പെട്രോയും പോലുള്ള കാന്‍സര്‍ തെറാപ്പിയില്‍ വഴിത്തിരിവായ സ്ഥാപനങ്ങള്‍ക്കു കൂടിയാണ്.
സ്പെഷ്യലൈസ്ഡ് വിഷയത്തിനു പുറത്തുള്ള വായനയും അറിവുമാണ് ഒരാളെ സ്വന്തം വിഷയത്തില്‍ അഗ്രഗണ്യനാക്കുക. ലോകമറിയുന്ന വ്യക്തിത്വങ്ങളാക്കുന്നത് കേവലം സ്വന്തം വിഷയത്തിലുള്ള അവഗാഹം മാത്രമല്ല. അതിനപ്പുറമുള്ള അറിവും അതു പകരാനുള്ള വൈദഗ്ധ്യവും ഭാഷയും ഒക്കെയായിരിക്കും. നൊബേല്‍ സമ്മാനവും ഭാരതരത്‌നയും നേടിയ, സാമൂഹികശാസ്ത്രവും ജെന്‍ഡര്‍ അസമത്വവും ഒക്കെ വിഷയമാക്കുന്ന ഡോ. അമര്‍ത്യസെന്നിലെ ഇക്കണോ മിസ്റ്റിനെ മാത്രമല്ല ഫിലോസഫറെ കൂടിയാണ് നാം ആഘോഷിക്കുന്നത്.
(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)
Content Highlights: It is better to change your area of specialisation rather than continuing as an average employee, IIMK Director's Column, Success Mantra
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..