Image Credit: Getty Image
ഏതൊരു പ്രൊഫഷനലിന്റെയും കരിയര്‍ തുടങ്ങുന്നത് ഇന്റര്‍വ്യൂ പാനലിന്റെ മുന്നില്‍ നിന്നാണ്. അവിടെ നന്നായി തിളങ്ങാന്‍ പറ്റിയില്ലെങ്കില്‍ കരിയറിന്റെ ഭാവി എന്താവുമെന്ന് പറയേണ്ടതില്ലല്ലോ. ചിലപ്പോള്‍ നന്നായി തയാറെടുത്തുപോയാലും അഭിമുഖങ്ങളില്‍ സ്‌കോര്‍ ചെയ്യാന്‍ പറ്റണമെന്നില്ല. കുറേ ചോദ്യങ്ങള്‍ ചോദിച്ച്, സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് 'ശരി, നിങ്ങള്‍ക്ക് നാളെ ജോയിന്‍ ചെയ്യാം' എന്നുപറയുന്ന ഇന്റര്‍വ്യൂ രീതികളൊക്കെ പഴയ സിനിമകളിലേ കാണാനാകൂ. സന്ദര്‍ഭങ്ങളോടുള്ള ഉദ്യോഗാര്‍ഥിയുടെ പ്രതികരണ ശേഷി, പ്രായോഗിക ബുദ്ധി തുടങ്ങിയവയാണ് ഇന്ന് പരീക്ഷിക്കപ്പെടുക.
ഇവിടെ പ്രധാനമാണ് ശരീരഭാഷ. നാക്കുകൊണ്ട് നിങ്ങള്‍ എത്ര നന്നായി ആശയവിനിമയം നടത്തുന്നുവോ അത്രതന്നെ പ്രാധാന്യമുണ്ട് ശരീരഭാഷയ്ക്കും. പ്രവൃത്തികള്‍ വക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുമെന്നാണ് പഴഞ്ചൊല്ല്.
അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- - ഹസ്തദാനം നല്‍കുകയാണെങ്കില്‍ അത് പൂര്‍ണ ആത്മവിശ്വാസത്തോടെയാകണം. മുഖം പ്രസന്നമായിരിക്കണം. പുഞ്ചിരി ഹൃദയത്തിലേക്കുള്ള താക്കോലാണ്.
- - കണ്ണില്‍നോക്കി സംസാരിക്കണം. ശരീരഭാഷയില്‍ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് ദൃഷ്ടി. കണ്ണുകള്‍ നിങ്ങള്‍ക്ക് കാണാനുള്ളത് മാത്രമല്ല, നിങ്ങളുടെ മനസ് മറ്റുള്ളവരെ കാണിക്കുന്നതുകൂടിയാണ്. അതുകൊണ്ട് കണ്ണുകള്‍കൊണ്ടുള്ള സമ്പര്‍ക്കം എപ്പോഴും ഉണ്ടായിരിക്കണം. സംഭാഷണത്തില്‍ നിങ്ങള്‍ എത്രമാത്രം താത്പര്യം കാണിക്കുന്നുവെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഇത് സഹായിക്കും.
- - നടപ്പ്, ഇരിപ്പ്, നില്‍പ്പ് എന്നിവയിലൊക്കെ നിങ്ങളുടെ മനസ്ഥിതിയുടെ പ്രതിഫലനങ്ങളുണ്ടാകും. ഇക്കാര്യങ്ങളിലൂടെ വേണം ആത്മവിശ്വാസം പ്രകടമാക്കാന്‍. കസേരയില്‍ ഇരിക്കുമ്പോള്‍ നടുനിവര്‍ത്തി മുന്നോട്ടാഞ്ഞ് ഇരിക്കണം. ഒരു ചര്‍ച്ചയ്ക്ക് നിങ്ങള്‍ ജിജ്ഞാസുവാണെന്ന് വ്യക്തമാക്കുകയാണ് അതിലൂടെ.
- - സംസാരിക്കുമ്പോഴും അല്ലാത്തപ്പോഴും കൈകളുടെ ചലനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സംസാരിക്കാത്ത സമയത്ത് കൈകള്‍ മടിയിലോ മേശപ്പുറത്തോ അടക്കി വയ്ക്കുക.
- - സംസാരത്തിനിടയില്‍ മുഖം തുടയ്ക്കുകയോ, മുടി കോതുകയോ, മൂക്കില്‍ തൊടുകയോ ചെയ്യരുത്. അങ്ങനെചെയ്യുമ്പോള്‍ നിങ്ങളുടെ വിശ്വാസ്യതയും ബഹുമാനവും ചോദ്യം ചെയ്യപ്പെടും
- - അഭിമുഖത്തിന്റെ ഒരു ഘട്ടത്തിലും ഇന്റര്‍വ്യൂവറിനെ തടസ്സപ്പെടുത്തരുത്. അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടശേഷം മാത്രം സൗമ്യമായി മറുപടി പറയുക. വിയോജിപ്പുകള്‍ തുറന്നുപറയാം. പക്ഷേ ബാലിശമായ തര്‍ക്കങ്ങളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം.
- - അഭിമുഖത്തിന് പോകുന്ന സ്ഥാപനത്തെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..