ന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്.) പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും ഗവേഷണ, വിശകലന നൈപുണികള്‍ നയപരമായ മേഖലകളില്‍ പ്രയോഗത്തില്‍ കൊണ്ടുവരാനും യുവ ഗവേഷകര്‍ക്ക് അവസരമൊരുക്കുന്ന ഐ.എം.എഫ്. ഇക്കണോമിസ്റ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

സാമ്പത്തികസ്ഥിരത ഉറപ്പാക്കല്‍, അന്താരാഷ്ട്രവ്യാപാരത്തിന്റെ അഭിവൃദ്ധി, തൊഴില്‍വളര്‍ച്ച, ദാരിദ്ര്യനിര്‍മാര്‍ജനം, സുസ്ഥിരസാമ്പത്തിക വളര്‍ച്ച തുടങ്ങി ലോകത്തെ മുഖ്യ സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിലേക്ക് ഏറ്റവുംപുതിയ സാമ്പത്തികചിന്തകള്‍ മുന്നോട്ടുവെക്കാനും മള്‍ട്ടി ഡിസിപ്ലിനറി സമീപനങ്ങള്‍ സ്വീകരിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നു.

പരിശീലനമല്ല

മൂന്നുവര്‍ഷമാണ് പ്രോഗ്രാം. 18 മാസം വീതമുള്ള രണ്ടുപ്രവര്‍ത്തനങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഏര്‍പ്പെടണം. 2022 സെപ്റ്റംബറില്‍ വാഷിങ്ടണ്‍ ഡി.സി. ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പ്രോഗ്രാം തുടങ്ങും. ഇതൊരു പരിശീലനപദ്ധതിയല്ല. തുടക്കംമുതല്‍ത്തന്നെ ഐ.എം.എഫ്. ഇക്കണോമിസ്റ്റിന് എന്നതുപോലെത്തന്നെ, യഥാര്‍ഥജോലിയും ഉത്തരവാദിത്വങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുന്നതാണ്.

അക്കാദമിക് മികവ്

അപേക്ഷാര്‍ഥി ഐ.എം.എഫ്. അംഗരാജ്യത്തുനിന്നാകണം. സമീപകാലത്ത് പിഎച്ച്.ഡി. പൂര്‍ത്തിയാക്കിയവര്‍, പ്രോഗ്രാമില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തിനകം പിഎച്ച്.ഡി. ഗവേഷണം പൂര്‍ത്തിയാക്കാമെന്നു പ്രതീക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

മാക്രോ ഇക്കണോമിക്‌സ്, ഫിനാന്‍സ്, പബ്ലിക് ഫിനാന്‍സ്, മോണിറ്ററി ഇക്കണോമിക്‌സ്, ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ്, ട്രേഡ്, പൊളിറ്റിക്കല്‍ ഇക്കോണമി, ഇക്കണോമെട്രിക്‌സ്, അനുബന്ധമേഖലകള്‍ എന്നിവയിലൊന്നിലായിരിക്കണം ഗവേഷണം. സ്ഥിരതയാര്‍ന്ന അക്കാദമിക് മികവ് തെളിയിക്കണം. ഇംഗ്ലീഷില്‍ റിട്ടണ്‍/ഓറല്‍ നൈപുണി, അനലിറ്റിക്കല്‍, ക്വാണ്ടിറ്റേറ്റീവ്, ഐ.ടി. നൈപുണികള്‍ വേണം. പ്രായം 2022 സെപ്റ്റംബര്‍ 12ന് 34 വയസ്സില്‍ താഴെയാകണം.

അപേക്ഷ

അപേക്ഷ, അനുബന്ധരേഖകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക തിരഞ്ഞെടുപ്പിനുശേഷം ഫോണ്‍/വീഡിയോ ഇന്റര്‍വ്യൂ, വെര്‍ച്വല്‍ പാനല്‍ ഇന്റര്‍വ്യൂ തുടങ്ങിയവ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ വര്‍ഷാവസാനമോ 2022 ജനുവരിയിലോ ഉണ്ടാകും. അപേക്ഷ www.imf.org/en/About/Recruitment വഴി നല്‍കാം.

Content Highlights: International Monetary Fund Economist Program