എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നതിനുപോലും മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മക്കളെ ശകാരിക്കുന്ന കാലമാണിത്. പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തിന് ആത്മഹത്യയ്ക്ക് മുതിരുന്നവര്‍ പോലുമുണ്ട്. ഇതിനിടെ തോറ്റവര്‍ വിമഷിക്കേണ്ടതില്ലെന്ന സന്ദേശവുമായി അധ്യാപകന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു.
എടവണ്ണയിലെ പ്രയിസ്വില്‍ പബ്ലിക് സ്‌കൂളിലെ അധ്യാപകനായ വിപിന്‍ദാസ് തറയിലിന്റേതാണ് കുറിപ്പ്. പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റയാളാണ് ഞാന്‍. പരീക്ഷയില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക് നേടിയത് ഇംഗ്ലീഷിനാണ്. പിന്നീട് അല്പം കഷ്ടപ്പെടാന്‍ തയ്യാറായപ്പോള്‍ താന്‍ ഇംഗ്ലീഷ് അധ്യാപകനായെന്നും വിപിന്‍ദാസ് പറയുന്നു. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഞാന്‍ തോറ്റിരുന്നു...
തോറ്റവര്‍ ഉണ്ടെങ്കില്‍ വിഷമിക്കരുത്
എന്റെ ഇംഗ്ലീഷിന്റെ മാര്‍ക് കണ്ട് ചിരിവരുന്നുണ്ടോ???
ഇന്ന് ഞാന്‍ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്..
നിങ്ങള്‍ അറിയാന്‍.....
ഒരു വ്യക്തിക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാര്‍ഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച് നാളയിലെ വലിയ സന്തോഷങ്ങള്‍ക്കായി പരിശ്രമിക്കുന്നതു പോലെ, നാളെയിലെ സന്തോഷങ്ങള്‍ക്കായി ചില കഷ്ടപ്പാടുകള്‍ കൂടി സഹിക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ ജീവിത വിജയം സുനിശ്ചിതമാണ്....
NB- തോറ്റപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചര്‍ ആകണം എന്ന് തന്നെയായിരുന്നു...
Content Highlights: Inspirational story of an English teacher who once failed in SSLC exam