ലോകത്തെ ശക്തരായ വനിതകളില്‍ എക്കാലത്തെയും പ്രാതിനിധ്യമാണ് ഇന്ദ്ര നൂയി. അറുപത്തിരണ്ടാം വയസിലും അന്താരാഷ്ട്ര ബിസിനസ് രംഗത്തെ ഊര്‍ജസ്വലമായ ഇന്ത്യന്‍ മുഖം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാങ്കയില്‍ വരെ സ്വാധീനം ചെലുത്തിയ ലേഡി ഐക്കണ്‍.
തമിഴ്‌നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യനിര്‍മ്മാണ കമ്പനിയുടെ തലപ്പത്തെത്തിയ ഇന്ത്യയുടെ അഭിമാനം. ഇന്ദ്ര നൂയി എന്ന പെണ്‍കരുത്തിന്റെ കഥ യുവത്വത്തിന് എന്നും പ്രചോദനമാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലായുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാമെന്നതിന്റെ മറ്റൊരു തെളിവ്.
ശീതളപാനീയങ്ങളുടെ മാര്‍ക്കറ്റ് അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് നീങ്ങിയ കാലത്താണ് പെപ്സിയുടെ അമരക്കാരിയായി ഇന്ദ്രനൂയി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങള്‍ കമ്പനിക്ക് നല്‍കിക്കൊണ്ട് ഒക്ടോബര്‍ ആദ്യവാരം ഇന്ദ്ര നൂയി രാജിവെച്ചു. ഓഹരി വരുമാനത്തില്‍ 162 ശതമാനം വര്‍ധനയെന്ന സ്വപ്നനേട്ടമാണ് ഇന്ദ്ര നൂയിയുടെ നേതൃത്വത്തില്‍ കമ്പനി കൈവരിച്ചത്
ഇന്ദ്രാനൂയി എന്ന വളര്‍ച്ച
പെണ്‍കുട്ടികള്‍ ബിസിനസ് രംഗത്തില്ലാത്ത ഒരു കാലത്താണ് ചെന്നൈയിലെ ഒരു യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രനൂയി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയത്. തന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അമ്മയാണെന്നും അത്താഴ സമയത്ത് അമ്മ പറയിപ്പിച്ച പ്രസംഗങ്ങളാണ് തന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചതെന്നും നിരവധി വേദികളില്‍ ഇന്ദ്ര നൂയി പറഞ്ഞിട്ടുണ്ട്.
1974ല്‍ സയന്‍സ് വിഷയങ്ങളില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദമെടുത്തശേഷമാണ് 1976ല്‍ എം.ബി.എ എടുക്കാന്‍ ഇന്ദ്ര കൊല്‍ക്കത്തയിലെത്തിയത്. പഠനശേഷം നൂയി ബ്രിട്ടീഷ് ടെക്‌സ്റ്റൈല്‍ കമ്പനിയായ ടൂട്ടലിലാണ് ആദ്യമായി ജോലിക്കെത്തിയത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണില്‍ പ്രൊഡക്ട് മാനേജരായി പിന്നീട്. കമ്പനിയുടെ എക്കാലത്തെയും മികച്ച പ്രൊഡക്റ്റായ സ്റ്റേഫ്രീ നാപ്കിന്‍ ഇന്ദ്ര നൂയിയുടെ സംഭാവനയായിരുന്നു.
ആര്‍ത്തവ ശുചിത്വത്തിനായി സാനിറ്ററി നാപ്കിന്‍ എന്ന വലിയൊരു വിപ്ലവത്തിനാണ് ഇന്ദ്ര നൂയി തുടക്കമിട്ടത്. രാജ്യത്തിന് പരിചിതമല്ലാത്ത ഒരു പ്രൊഡക്ടിന് എങ്ങനെ മാര്‍ക്കറ്റ് ഉണ്ടാക്കാമെന്നതായിരുന്നു ഇന്ദ്ര നൂയിക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പരസ്യത്തിന് പോലും നിരോധനമുണ്ടായിരുന്ന കാലമായിരുന്നു അത്. വിദ്യാര്‍ഥിനികള്‍ക്കിടയിലേക്ക് നേരിട്ടുള്ള മാര്‍ക്കറ്റിങ് അവര്‍ വിജയകരമായി പരീക്ഷിച്ചു
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിലെ ജോലിക്ക് ശേഷം 1976 ല്‍ നൂയി വീണ്ടും വിദ്യാര്‍ഥിയായി. 1978 ല്‍ ഉന്നതപഠനത്തിനായി അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലേക്ക്. പഠനകാലത്ത് റിസപ്ഷനിസ്റ്റായി ജോലി ചെയ്താണ് പഠനച്ചെലവ് കണ്ടെത്തിയത്. 1980 ല്‍ പബ്ലിക് ആന്‍ഡ് പ്രൈവറ്റ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് നേടിയശേഷമായിരുന്നു രാജ് നൂയിയുമായുള്ള വിവാഹം.
പഠനശേഷം ഇന്ദ്ര നൂയി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പില്‍ ഡയറക്ടറായി. ആറു വര്‍ഷത്തെ സേവനത്തിന് ശേഷം 1986 ല്‍ മോട്ടോറോളയില്‍ ഓട്ടോമോട്ടീവ് ഡെവലപ്‌മെന്റ് ഡിവിഷനില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായി സ്ഥാനമേറ്റു. പിന്നീട് വൈസ് പ്രസിഡന്റായും ഡയറക്ടറായും മോട്ടോറോള അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി.
തൊണ്ണൂറുകളില്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഒന്നടങ്കം ഇന്ദ്ര നൂയിക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടു. ഏഷ്യ ബ്രൌണ്‍ ബോവറിയില്‍ വൈസ്പ്രസിഡന്റായി 1990 ല്‍ അവര്‍ വീണ്ടും കമ്പനി മാറി. 1994ല്‍ സീനിയര്‍ വൈസ് പ്രസിഡന്റായി ആണ് ഇന്ദ്ര നൂയി പെപ്‌സി കോയില്‍ എത്തുന്നത്. ഹെൽത്തിഫുഡിലേക്കുള്ള വഴിയിൽ ഫാസ്റ്റ് ഫുഡ് രീതി പലരും ഉപേക്ഷിച്ചപ്പോള്‍ ശീതളപാനീയങ്ങളുടെ വികസിത രാജ്യങ്ങളിലെ വില്‍പന കുത്തനെ ഇടിഞ്ഞു. ഇന്ദ്ര നൂയിയുടെ ദീര്‍ഘവീക്ഷണം പെപ്‌സിയെ പിടിച്ചുനിര്‍ത്തി.
ഇന്ത്യ പോലുള്ള ജനസംഖ്യ കൂടുതലുള്ള വികസ്വര രാജ്യങ്ങളിലേക്ക് പെപ്‌സി ശ്രദ്ധ കേന്ദ്രീകരിച്ചു. കുറഞ്ഞ കാലം കൊണ്ട് പെപ്‌സി ആ രാജ്യങ്ങളുടെ വിപണി പിടിച്ചടക്കി. ശീതളപാനീയങ്ങളുടെ മാര്‍ക്കറ്റ് അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് നീങ്ങിയപ്പോള്‍ പെപ്‌സിയെ പിടിച്ചുനിര്‍ത്തിയത് ഇന്ദ്ര നൂയിയുടെ ദീര്‍ഘവീക്ഷണമായിരുന്നു.
പെപ്‌സിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി 2006 ല്‍ ഇന്ദ്ര നൂയി സി.ഇ.ഒ സ്ഥാനമേറ്റു. കമ്പനിയുടെ റവന്യു 35 ബില്യണ്‍ ഡോളറില്‍നിന്ന്് 63 .5 ബില്യണിലേക്ക് ഉയര്‍ത്താന്‍ നൂയിക്ക് സാധിച്ചു. ട്രോപ്പിക്കാന, ക്വാക്കര്‍ ഓട്ട്സ് എന്നീ ബ്രാന്‍ഡുകള്‍ ഗ്രൂപ്പിന്റെ ഭാഗമാക്കി കമ്പനിയെ ചരിത്രനേട്ടത്തിലെത്തിച്ചു
ഉയര്‍ച്ചയുടെ പടവുകള്‍.. പദവികള്‍
- ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് നല്‍കിയ മുന്‍ഗണനയ്ക്ക് ഫോബ്സിന്റെ മോസ്റ്റ് പവര്‍ഫുള്‍ വുമൺ ഇന്‍ ബിസിനസ് 2017 ലിസ്റ്റില്‍ രണ്ടാം സ്ഥാനം
- യുഎസിലെ 13 വനിതാ സിഇഒമാരില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നയാൾ.
- കരുത്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ ഇടം
- അമേരിക്കയും ഇന്ത്യയും വാണിജ്യബന്ധം മെച്ചപ്പെടുത്താന്‍ രൂപീകരിച്ച ബിസിനസ് കൗണ്‍സിലിന്റെ അധ്യക്ഷ പദവി
- ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദ്യത്തെ വനിതാ ഡയറക്ടര്‍
- 2007ൽ രാജ്യം അവരെ പത്മഭൂഷൺ നൽകി ആദരിച്ചു
പെപ്‌സിയ്ക്ക് വിട
പെപ്‌സികോയിലെ സേവനം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ദ്ര നൂയി ട്വീറ്റ് ചെയ്തത്. കമ്പനിയുടെ ചെയര്‍പേഴ്സണായി അവര്‍ 2019 വരെ തുടരും. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന താന്‍ ഇതുപോലൊരു കമ്പനിയെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന സ്ഥാനത്ത് എത്തിച്ചെരുമെന്ന് ഒരിക്കലും കരുതിയില്ല. ഇന്ന് ശക്തമായ നിലയിലാണ് പെപ്സിക്കോ-വിരമിക്കലിനെക്കുറിച്ചുള്ള ഇന്ദ്ര നൂയിയുടെ വാക്കുകളാണിത്. ജോലിക്കൊപ്പം കുടുംബത്തിനും പ്രാധാന്യം നല്‍കിയ ഇന്ദ്ര നൂയിയെ ബിസിനിസ് രംഗം എന്നും ഓര്‍മ്മിക്കുക ശക്തമായ ഒരു കരിയര്‍ ഗ്രാഫുകൊണ്ടായിരിക്കും.