ശാസ്ത്ര സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അമെച്ചര്‍ കലാകാരന്മാര്‍ക്കും അവസരം.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള വിഗ്യാന്‍ പ്രസാര്‍ എന്ന സ്വയംഭരണ ഓര്‍ഗനൈസേഷന്‍ നടപ്പാക്കിവരുന്ന 'ഇന്ത്യ സയന്‍സ്' ഓവര്‍-ദി-ടോപ്പ് (ഒ.ടി.ടി.) ടി.വി. ചാനലാണ് ഡി.എസ്.ടി. യുടെ കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്യൂണിക്കേഷനുമായി സഹകരിച്ച് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

യോഗ്യത

സ്‌കൂള്‍, കോളേജ്, സര്‍വകലാശാല, മറ്റേതെങ്കിലും അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തിലെ വിദ്യാര്‍ഥി എന്ന നിലയിലോ, ഫിലിം മേക്കിങ് ഒരു ബിസിനസ്/തൊഴില്‍ ആയി കാണാത്ത അമെച്ചര്‍ ഫിലിം മേക്കര്‍ എന്ന നിലയിലോ ഒരാള്‍ക്ക് മത്സരാര്‍ഥിയാകാം.

പരമാവധി മൂന്ന് എന്‍ട്രികള്‍ ഒരാള്‍ക്ക് നല്‍കാം. ഭാഷ ഇംഗ്ലീഷോ ഹിന്ദിയോ ആകാം.

ഷൂട്ട് ചെയ്യാം

സിനിമയുടെ സമയം പരമാവധി അഞ്ച് മിനിറ്റ്. സ്മാര്‍ട്ട് ഫോണിലോ വീഡിയോ ക്യാമറയിലോ ഫിലിം ഷൂട്ട് ചെയ്യാം.

പ്രൊഡക്ഷനുമായി ബന്ധപ്പെട്ട മറ്റു സ്‌പെസിഫിക്കേഷനുകള്‍ www.mygov.in ല്‍ ഉള്ള വിജ്ഞാപന ലിങ്കില്‍ നല്‍കിയിട്ടുണ്ട്.

സിനിമ, 'അണ്‍ ലിസ്റ്റഡ്' ആയി യുട്യൂബില്‍ അപ്ലോഡ് ചെയ്യണം. പബ്ലിക് ഡൊമൈനിലോ സെര്‍ച്ച് എന്‍ജിന്‍ വഴിയോ അത് ലഭ്യമാക്കരുത്. തുടര്‍ന്ന്, യുട്യൂബ് ലിങ്ക് www.mygov.in-ല്‍ എന്‍ട്രി ആയി നല്‍കണം. ഇംഗ്ലീഷിലോ ഹിന്ദിയിലോ സിനിമയെപ്പറ്റിയുള്ള 50 വാക്കുകളില്‍ കവിയാത്ത ഒരു ഹ്രസ്വ സംഗ്രഹവും അപ്ലോഡ് ചെയ്യണം. എന്‍ട്രികള്‍ 2020 നവംബര്‍ 30 വരെ നല്‍കാം. ഏറ്റവും മികച്ച അഞ്ച് എന്‍ട്രികളെ വിഗ്യാന്‍ പ്രസാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കും.

സയന്‍സ് മേഖലയിലെ ഒരു പുസ്തകശേഖരം അവര്‍ക്ക് ലഭിക്കുന്നതുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവ ഇന്ത്യ സയന്‍സ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യും.

വിഷയങ്ങള്‍

ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, ടെക്‌നോളജി ചേഞ്ചിങ് ലൈവ്‌സ്, ഗ്രാസ് റൂട്ട് ഇന്നൊവേഷന്‍, സയന്‍സ് ഇന്‍ എജ്യുക്കേഷന്‍, സയന്‍സ് ഇന്‍ ഡെയിലി ലൈഫ് എന്നിവയില്‍ ഒന്നാകണം ചലച്ചിത്ര വിഷയം.

Content Highlights: Indian science film making competition for students and amateur