2021 ജനുവരിയില്‍ ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ തുടങ്ങുന്ന വിവിധ ബ്രാഞ്ചുകള്‍/എന്‍ട്രികള്‍ എന്നിവയിലെ പ്രവേശനത്തിന് ഇന്ത്യന്‍ നാവികസേന പൊതു പ്രവേശനപരീക്ഷ നടത്തുന്നു. ഇന്ത്യന്‍ നേവി എന്‍ട്രന്‍സ് ടെസ്റ്റ് (ഇനറ്റ്) വഴി പുരുഷന്മാര്ക്കും വനിതകള്‍ക്കും ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് വഴി നിയമനം ലഭിക്കും.
എന്‍ട്രികള്‍
റെഗുലര്‍ നേവല്‍ ഓറിയന്റേഷന്‍ കോഴ്സില്‍ നേവല്‍ ആര്‍മമെന്റ് ഇന്‍സ്പക്ടറേറ്റ് കേഡര്‍, എയര്‍ ട്രാഫിക് കണ്ട്രോളര്, ഒബ്സര്‍വര്‍, പൈലറ്റ്, ലോജിസ്റ്റിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ജനറല്‍ സര്‍വീസസ് (എക്സ്), ഹൈഡ്രോ, ടെക്നിക്കല്‍ (എന്‍ജിനിയറിങ്/ഇലക്ട്രിക്കല്‍), എജ്യുക്കേഷന്‍ വിഭാഗങ്ങളിലേക്കാണ് പ്രവേശനം.
എന്‍ജി., സയന്‍സ്, കൊമേഴ്സ്
- എല്ലാ എന്‍ട്രികള്‍ക്കും വിവിധ ബ്രാഞ്ചുകളില്‍ ബി.ഇ./ബി.ടെക്. യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്.
- എം.ബി.എ., എം.സി.എ., എം.എസ്സി. (ഐ.ടി.), ബി.എസ്സി., ബി.കോം., ബി.എസ്സി. (ഐ.ടി.), ഫിനാന്‍സ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, മെറ്റീരിയല്‍ മാനേജ്മെന്റ് പി.ജി. ഡിപ്ലോമ എന്നിവയിലൊരു യോഗ്യതയുള്ളവരെ ലോജിസ്റ്റിക്സ് എന്‍ട്രിയില്‍ പരിഗണിക്കും.
- എജ്യുക്കേഷന്‍ ബ്രാഞ്ചിലേക്ക് മെറ്റീരിയോളജി/ഓഷ്യനോളജി/അറ്റ്മോസ്ഫറിക്ക് സയന്‍സ് എം.എസ്സി; ബി.എസ്സി. തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ചശേഷമുള്ള ഫിസിക്സ്, ന്യൂക്ലിയര്‍ ഫിസിക്സ് എം.എസ്സി; ബി.എസ്സി. തലത്തില്‍ ഫിസിക്സ് പഠിച്ചശേഷമുള്ള, മാത്തമാറ്റിക്സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച് എം.എസ്സി. എന്നിവയിലൊരു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിവിധ തലങ്ങളില്‍/യോഗ്യതാ പരീക്ഷയില്വേണ്ട ക്ലാസ്/മാര്‍ക്ക് (ഫസ്റ്റ്/60 ശതമാനം), പ്രായം, വനിതകളുടെ അപേക്ഷാ അര്‍ഹത വ്യവസ്ഥകള്‍, ഒഴിവുകളുടെ എണ്ണം എന്നിവ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
പരീക്ഷാഘടന
ഇനറ്റ് രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാകും. ഇംഗ്ലീഷ്, റീസണിങ് ആന്‍ഡ് ന്യൂമറിക്കല്‍ എബിലിറ്റി, ജനറല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ് ആന്‍ഡ് ജനറല്‍ നോളജ് എന്നിവയില്‍നിന്ന് 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്ക് രീതി ഉണ്ട്. ഇനറ്റ് 2020 ഫെബ്രുവരിയിലായിരിക്കാം. ഇതിലെ സ്കോര്‍ പരിഗണിച്ചാണ് സര്‍വീസ് സെലക്ഷന് ബോര്‍ഡ് (എസ്.എസ്.ബി.) ഇന്റര്‍വ്യൂവിനുള്ള ഷോര്‍ട്ട് ലിസ്റ്റിങ്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയും ഉണ്ടാകും.
അപേക്ഷ
നവംബര്‍ 29 മുതല്‍ ഡിസംബര്‍ 19 വരെ www.joinindiannavy.gov.in വഴി അപേക്ഷിക്കാം. വിജ്ഞാപനവും ഈ സൈറ്റില്‍ ലഭ്യമാക്കും. യോഗ്യതാ കോഴ്സിന്റെ അന്തിമ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വനിതകള്‍, പട്ടികവിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷാഫീസ് നല്‍കേണ്ടതില്ല.
Content Highlights: Indian Navy Entrance Test; Apply by 19 December