ഐ.എ.എസും ഐ.പി.എസും ഇന്ത്യൻ ഫോറിൻ സർവീസും  പോലെ ജനങ്ങൾക്കിടയിൽ അത്ര പോപ്പുലറല്ല ഇന്ത്യൻ ഫോറസ്റ്റ് സർവീസ്. യു.പി.എസ്.സി. അഖിലേന്ത്യാതലത്തിൽ നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയിലൂടെ തന്നെയാണ് ഈ സർവീസിലേക്കുള്ള പ്രവേശനവും. ഇതര സർവീസുകൾക്കൊപ്പംതന്നെ പേരും പ്രശസ്തിയും നൽകുന്ന ഫോറസ്റ്റ് സർവീസിന്റെ തിരഞ്ഞെടുപ്പ് രീതി കുറച്ച് വ്യത്യസ്തമാണ്.

അതിലേക്ക് എങ്ങനെ ഒരുങ്ങണമെന്ന് അനുഭവങ്ങളിലൂടെ വഴികാട്ടുകയാണ് 2014-ൽ ഐ.എഫ്.എസിൽ 64-ാം റാങ്ക് നേടിയ തമിഴ്‌നാട് സ്വദേശി വിഘ്‌നേഷ് ഹരികൃഷ്ണൻ. ത്രിപുര കേഡറിലെ ഐ.എഫ്.എസ്. ഓഫീസർ ആയ വിഘ്‌നേഷ് തൊഴിൽമന്ത്രാലയത്തിൽ അസിസ്റ്റന്റ് ലേബർ കമ്മിഷണറായിരുന്ന ഹരികൃഷ്ണന്റെയും അധ്യാപികയായ അംഗയർകനിയുടെയും മകനാണ്.  

ഇന്ത്യൻ ഫോറസ്റ്റ് സർവീസ്

1864-ലാണ് ബ്രിട്ടീഷ് സർക്കാർ ഇംപീരിയൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം 1966-ൽ അഖിലേന്ത്യാ സർവീസ് നിയമപ്രകാരം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) സ്ഥാപിതമായി. ദേശീയ വനനയം നടപ്പാക്കുകയാണ് പ്രധാനലക്ഷ്യം. വനസംരക്ഷണം, പ്രകൃതി എന്നിവയിൽ താത്പര്യമുള്ളവർക്കുള്ളതാണ് ഈ മേഖല. കരിയർ കാലഘട്ടങ്ങളിൽ ഭൂരിഭാഗം സമയവും വനമേഖലകളിലായിരിക്കും. 

എപ്പോൾ തുടങ്ങണം

ഈ സർവീസ് തിരഞ്ഞെടുക്കണോ എന്നത് വ്യക്തിയുടെ തീരുമാനമാണ്. വീട്ടുകാരുടെ നിർബന്ധത്തിന് പ്രസക്തിയില്ല. സ്കൂൾ കാലഘട്ടത്തിൽ തന്നെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കാം. നിരന്തരപഠനമാണ് വേണ്ടത്. സിവിൽ സർവെന്റ് ആകാൻ ചെറുപ്പം മുതൽ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതേപ്പറ്റി ഗൗരവമായി ചിന്തിച്ചുതുടങ്ങിയത് 22-ാം വയസ്സിലാണ്. നിരന്തരമായ പരിശ്രമംകൊണ്ട് 25-ാം വയസ്സിൽ സർവീസിൽ കയറാനായി. 

അപേക്ഷ

സിവിൽ സർവീസസ് പരീക്ഷാ വിജ്ഞാപനത്തോടൊപ്പമാണ് ഐ.എഫ്.എസ്. വിജ്ഞാപനവും വരിക. യു.പി.എസ്.സി. വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. മൃഗസംരക്ഷണം, വെറ്ററിനറി സയൻസ്, സസ്യശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, സുവോളജി, കാർഷികം, ഫോറസ്റ്റ്‌ട്രി എന്നീവിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദം ഉണ്ടാവണം. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. 

പരീക്ഷ  

ആദ്യഘട്ടം: സിവിൽ സർവീസസിനും ഇന്ത്യൻ ഫോറസ്റ്റ് സർവീസിനും ആദ്യഘട്ടത്തിൽ നേരിടേണ്ടത് ഒരേ പ്രിലിമിനറി പരീക്ഷയാണ്. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങുന്നതാണ് പ്രിലിമിനറി. കറന്റ് അഫയേഴ്സ്, പൊതുവിജ്ഞാനം, അടിസ്ഥാനപരമായ ആശയങ്ങൾ തുടങ്ങിയവയുണ്ടെങ്കിൽ എളുപ്പം കടക്കാവുന്ന കടമ്പയാണിത്.

രണ്ടാംഘട്ടം: മെയിൻ പരീക്ഷയിലാണ് വ്യത്യാസമുള്ളത്. സിവിൽ സർവീസസ് പരീക്ഷയ്ക്ക് ഒരു ഓപ്ഷണൽ വിഷയമാണുള്ളത്. എന്നാൽ ഐ.എഫ്.എസിന് രണ്ടു ഓപ്ഷണൽ വിഷയങ്ങളുണ്ട്. കൂടാതെ ജനറൽനോളജ് പേപ്പറും ജനറൽ ഇംഗ്ളീഷ് പേപ്പറും.

മൂന്നാംഘട്ടം: സിവിൽ സർവീസസ് പരീക്ഷയ്ക്ക് സമാനമായ അഭിമുഖമാണ് ഐ.എഫ്.എസിനും. എന്നാൽ ഇവിടെ ഫിസിക്കൽ ടെസ്റ്റും പാസാകണം. പുരുഷൻമാർക്ക് നാലുമണിക്കൂറിൽ 25 കിലോമീറ്റർ നടക്കാനാവണം. വനിതകൾക്കിത് 14 കിലോമീറ്ററാണ്. 

പഠനം 

പഠിക്കുവാൻ ഓരോരുത്തർക്കും അവരരവരുടേതായ രീതിയുണ്ടാകും. അതുതന്നെയാണ് നല്ലത്. അത് ചിട്ടയോടെയാവണം. ദിവസവും കുറഞ്ഞത് 8-9 മണിക്കൂർ പഠിക്കാം. തലേന്ന് പഠിച്ചത് പുനരവലോകനം ചെയ്യണം. പത്രംവായന മുടക്കരുത്. ജനറൽ സ്റ്റഡീസും ഓപ്ഷണൽ വിഷയങ്ങളും ഉൾപ്പെടെയുള്ളവ പഠിക്കാൻ ഞാൻ മുഴുവൻ ദിവസവും ഉപയോഗിച്ചു. കൂട്ടുകാരുമൊത്ത് കമ്പൈൻഡ് സ്റ്റഡി നല്ലതാണ്.

ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി

ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമിയിലാണ്ഐ.എഫ്.എസ്. ഓഫീസർമാർക്ക് പരിശീലനം. കാടിന്റെ ആത്മാവിനെ തൊട്ടറിയാൻ സാധിക്കുന്ന രണ്ടുവർഷത്തെ പരിശീലനമാണ് നൽകുന്നത്. കായികപ്രവൃത്തികളും ദൈനംദിന ക്ലാസുകളും തികഞ്ഞ ഒരു ഐ.എഫ്.എസ്. ഓഫീസറെയാണ് വാർത്തെടുക്കുന്നത്. കോഴ്സിന്റെ സമയത്ത് ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും അക്കാദമി ഒരുക്കും. ഞങ്ങൾക്ക് ഏതാണ്ട് ആറുമാസത്തെ പഠന ടൂറുകളും മറ്റ് മൊഡ്യൂളുകളും ഉണ്ടായിരുന്നു. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും വിദേശത്തും യാത്രചെയ്യാൻ സാധിച്ചു. ഫോട്ടോഗ്രാഫി, ട്രെക്കിങ്, പക്ഷിനിരീക്ഷണം എന്നീ ഹോബികൾ വളർത്തിയെടുക്കാനായി.

മോക്‌ ടെസ്റ്റും കുറിപ്പുകളും


മോക്‌ ടെസ്റ്റുകൾ (പ്രിലിമിനറിയും മെയിനും) ചെയ്യാം. ഒപ്പം മറ്റ് സർക്കാർ പരീക്ഷകളുണ്ടെങ്കിൽ ഒഴിവാക്കരുത്. മെയിൻ പരീക്ഷാസമയത്ത് ഇത് സഹായകമാവും. ഇലക്‌ട്രോണിക് മെറ്റീരിയലുകളെക്കാൾ പേപ്പർ മെറ്റീരിയലുകളാണ് ഞാൻ കൂടുതലും ആശ്രയിച്ചിരുന്നത്. പഠിക്കുന്നതിനോടൊപ്പം കുറിപ്പുകൾ തയ്യാറാക്കുന്നത് അവസാനവട്ട തയ്യാറെടുപ്പിൽ ഒരുപാട് സഹായിക്കും. 

രക്ഷിതാക്കളോട്‌

ഈയിടെയായി സമൂഹത്തിൽ സിവിൽ സർവീസ് ഭ്രമം കടന്നുകൂടിയിട്ടുണ്ട്. ഈ ഭ്രമത്തിന്റെ പേരിൽ രക്ഷിതാക്കൾ ചെറിയ കുട്ടികളുടെ ബാല്യം നശിപ്പിക്കയുമരുത്.

ജോബ് പ്രൊഫൈൽ

  • അസിസ്റ്റന്റ് കൺ‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ട്രെയിനി ആണ് ആദ്യത്തെ പോസ്റ്റിങ്. (സംസ്ഥാനങ്ങൾക്കനുസരിച്ചും ഡെപ്യൂട്ടേഷൻ അനുസരിച്ചും മാറും)
  • ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
  • കൺ‍സർവേറ്റർ ഓഫ് ഫോറസ്റ്റ്
  • ചീഫ് കൺ‍സർവേറ്റർ ഓഫ് ഫോറസ്റ്റ്
  • അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺ‍സർവേറ്റർ ഓഫ് ഫോറസ്റ്റ് 
  • പ്രിൻസിപ്പൽ ചീഫ് കൺ‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് ഉയർന്നപദവി.

 

ഈ മേഖലയിൽ ഒഴിവുകൾ കുറവായതിനാൽ പരീക്ഷയിൽ മത്സരം കടുക്കും. 

ഐ.എഫ്‌.എസ്‌. ആർക്കെല്ലാം

പ്രവർത്തിക്കാനുള്ള സുബോധമനസ്സും വിശകലനശേഷിയും ഏതുജോലിക്കും ആവശ്യമാണ്. സഹജീവികളോടുള്ള സഹതാപം, പ്രകൃതിസ്നേഹം, വെല്ലുവിളി നേരിടാനുള്ള കരുത്ത് എന്നിവയാണ് ഒരു ഐ.എഫ്.എസ്. ഓഫീസർക്ക് അവശ്യംവേണ്ടത്. വനം, പ്രകൃതി, സാഹസികത, യാത്രകൾ എന്നിവയോട് താത്പര്യമില്ലാത്തവർ ഈ സർവീസ് തിരഞ്ഞെടുക്കരുത്.

വിഘ്‌നേഷ് 
ത്രിപുര കേഡറിലെ  ഐ.എഫ്.എസ്. ഓഫീസർ