പ്രതീകാത്മക ചിത്രം | Photo: gettyimages.in
ജീവിതം പഠിക്കാൻ പിന്നോട്ടുനോക്കുകയും ജീവിക്കാൻ മുന്നോട്ടുനോക്കുകയുമാണ് നമ്മൾ. ഓരോ ദിവസവും ചിന്തിക്കാൻ, സ്വപ്നംകാണാൻ, ചെയ്തുതീർക്കാൻ, കുറിച്ചിടാനെങ്കിലും എന്തെങ്കിലും ഉണ്ടാവുക എന്നതു വലിയ കാര്യമാണ്. നമ്മെ മുന്നോട്ടുനയിക്കുക അതാണ്. സ്വന്തം സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിച്ച് അതിലേക്ക് വഴിവെട്ടുന്നവരുടേതാണ് വിജയം. അധ്വാനിക്കണമെന്നു മാത്രം. 'ഇന്നലെ കഴിഞ്ഞുപോയി, നാളെ വരാനുള്ളതാണ്, ഉള്ളത് ഇന്നാണ്. അതുകൊണ്ട് ഇന്നുതന്നെ തുടങ്ങുക' എന്നായിരുന്നു മദർ തെരേസ പറഞ്ഞത്. നാളെയില്ലെന്ന മട്ടിൽ ഇന്നുതന്നെ തുടങ്ങുക. ചെയ്തുതീർക്കുക. കോവിഡ് കാലം പലരെയും അലസരാക്കിയിട്ടുണ്ട്. പലർക്കു മുന്നിലും പുതുവഴികൾ തുറന്നിട്ടിട്ടുമുണ്ട്.
അവസരങ്ങളെ പലരും വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണാറുണ്ട്. സത്യത്തിൽ അവസരത്തെ ചവിട്ടുപടിയാക്കുമ്പോൾ കിട്ടിയ ജോലിയെ ചവിട്ടുപടിയായി കാണുമ്പോൾ സംഭവിക്കുന്നതെന്താണ്? അവിടെ നമ്മുടെ ഒരു സംഭാവനയും പ്രതീക്ഷിക്കേണ്ട എന്നല്ലേ? കിട്ടിയ ജോലിയെ അടുത്തതിലേക്കുള്ള ചവിട്ടുപടിയായി കാണുന്നവർക്ക് അവിടെ അവരുടെതായി ഭാവിയിൽ അടയാളപ്പെടുത്തപ്പെടേണ്ട ഒരു നിക്ഷേപവും സാധ്യമാവുകയില്ല. കാരണം അതൊരു ചവിട്ടുപടി മാത്രമായിരുന്നു എന്നതാണ്. പിന്നിലെ കാൽ വലിച്ചു മുന്നോട്ടായാനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണ് ചവിട്ടുപടികൾ എന്ന ബോധമാണ് അവിടെ നമ്മെ നയിക്കുക. സ്വാഭാവികമായും ആ അവസരത്തിലെ നിക്ഷേപത്തിൽനിന്നും ലഭിക്കേണ്ട പലിശ, ജീവിതാനുഭവപാഠങ്ങൾ ഉണ്ടാവുകയുമില്ല. ജീവിക്കാതിടത്ത് അനുഭവമുണ്ടാവുകയില്ല.
ഒരു ചവിട്ടുപടി വേണമെന്നു തോന്നുന്നുവെങ്കിൽ മറ്റൊരാളുടെ വഴിയിൽ സഞ്ചരിക്കാൻ നിങ്ങൾ തീരുമാനിച്ചു എന്നർഥം. വെട്ടേണ്ടത് സ്വന്തം വഴിയാണ്. അപ്പോൾ എന്താവണം ചവിട്ടുപടികൾ? മുന്നോട്ടുള്ള പ്രയാണത്തിലെ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ പ്രതിസന്ധികളാവട്ടെ, തെറ്റുകളും പരാജയങ്ങളും.
(കോഴിക്കോട് ഐ.ഐ.എം ഡയക്ടറാണ് ലേഖകൻ)
Content Highlights: Importance of finding own ways to career development,IIMK Director's Column
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..