ബോംബെ ഐഐടിയില്‍നിന്നും ബി.ടെകും എം.ടെകും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി തസ്തികയില്‍ ട്രാക്ക്മാനായി ജോലി ചെയ്യുക. കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. ബിഹാറിലെ പാട്‌ന സ്വദേശിയായ ശ്രാവണ്‍ കുമാറാണ് വളരെ ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും റെയില്‍വേയില്‍ ഗ്രൂപ്പ് ഡി തസ്തികയില്‍ പ്രവേശിച്ചത്.
2010-ലാണ് ശ്രാവണ്‍ ഐഐടി ബോബെയില്‍ ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി കോഴ്‌സിന് ചേര്‍ന്നത്. അന്നുമുതല്‍ക്കേ സര്‍ക്കാര്‍ ജോലി നേടുകയെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് ശ്രാവണ്‍ പറയുന്നു. 2015-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷവും ഇതിനായുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു.
ഇതിനിടയില്‍ സുഹൃത്തുക്കളും സഹപാഠികളുമെല്ലാം സ്വകാര്യ മേഖലയിലെ പല ജോലികളിലും പ്രവേശിച്ചിരുന്നു. ഇതര ജോലികള്‍ക്ക് ശ്രമിക്കാന്‍ അവര്‍ പലപ്പോഴായി ഉപദേശിച്ചുവെങ്കിലും ശ്രാവണിന്റെ തീരുമാനം ഉറച്ചതായിരുന്നു. ഇപ്പോള്‍ ഗ്രൂപ്പ് ഡിയിലാണ് പ്രവേശിച്ചതെങ്കിലും ഒരുനാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രാവണ്‍.
ജാര്‍ഖണ്ഡിലെ ധന്‍ബാദ് റെയില്‍വേ ഡിവിഷനിലാണ് ശ്രാവണ്‍ ജോലിയില്‍ പ്രവേശിച്ചത്. ഉയര്‍ന്ന യോഗ്യതകളുമായി ഗ്രൂപ്പ് ഡി തസ്തികയില്‍ പ്രവേശിച്ച ശ്രാവണിന്റെ തീരുമാനം മേലുദ്യോഗസ്ഥരേപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. എന്നാല്‍ സ്വകാര്യമേഖലയെ അപേക്ഷിച്ച് ജോലി സ്ഥിരതയാണ് തന്നെ റെയില്‍വേയിലെ ഈ ജോലി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രാവണ്‍ പറയുന്നു.
യുവതലമുറയില്‍ സര്‍ക്കാര്‍ ജോലിക്കായുള്ള ആഗ്രഹം വര്‍ധിച്ചുവരുന്ന കാലമാണിന്ന്. മികച്ച ശമ്പളവും ജോലി സ്ഥിരതയും തൊഴിലന്വേഷകരെ സര്‍ക്കാര്‍ ജോലിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. എന്തിനേറെ, വിവാഹ മാര്‍ക്കറ്റിലെ പോലും മാനദണ്ഡമായി സര്‍ക്കാര്‍ ജോലി മാറിക്കഴിഞ്ഞു. തൊഴിലില്ലായ്മ വര്‍ധിക്കുക കൂടിയായപ്പോള്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജോലിക്കുപോലും ലക്ഷക്കണക്കിന് അപേക്ഷകരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
Content Highlights: IITian Completed MTech and now Joins Group D Post in Railway