മികച്ച കരിയറിനായി കോവിഡ് കാലത്ത് ഒരു കോഴ്സ് തിരഞ്ഞെടുത്താലോ. ഓൺലൈനായി പഠിക്കാം. സർട്ടിഫിക്കറ്റ് നൽകുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മദ്രാസ്. ഐ.ഐ.ടി.യുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് പഠനം പൂർത്തിയാക്കാം. പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സയൻസിൽ ഓൺലൈനായി ബി.എസ്‌സി. ഡിപ്ലോമ നേടാം. കോഴ്സ് പൂർത്തിയാക്കാൻ മൂന്നുമുതൽ ആറുവർഷംവരെ സമയം ലഭിക്കും. പ്രവേശന പരീക്ഷ, അസൈൻമെന്റ് എന്നിവ വഴിയാണ് പ്രവേശനം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ-15.

അവസരങ്ങൾ

സർക്കാർ, സ്വകാര്യമേഖലകളിൽ ധാരാളം ഡേറ്റ സയന്റിസ്റ്റുകളെ ഇന്ന് ആവശ്യമാണ്. കംപ്യൂട്ടിങ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ നൈപുണിയും സ്വന്തമായി തീരുമാനം എടുക്കാൻ ആത്മവിശ്വാസവും ഉള്ളവർക്ക് കോഴ്സുകളെടുത്ത് കരിയർ മികച്ചതാക്കാം. ഈ മേഖലയിൽ സർക്കാർ, സ്വകാര്യമേഖലയിൽ അവസരങ്ങൾ വലുതാണ്. ഇന്റർനെറ്റ് കണക്ഷനും ലാപ്ടോപ്, ഡെസ്ക്ടോപ്പുമുണ്ടെങ്കിൽ എവിടെയിരുന്നും പഠിക്കാം.

ഇവർക്ക് അപേക്ഷിക്കാം

ബിരുദകോഴ്സിന് പഠിക്കുന്നവർ, ബിരുദത്തിന് നേരത്തേ രജിസ്റ്റർ ചെയ്തവർ, ബിരുദം പൂർത്തിയാക്കിയവർ (കാമ്പസ്/ഓൺലൈൻ/വിദൂരവിദ്യാഭ്യാസം). 12-ാം ക്ലാസിനുശേഷം ഡിപ്ലോമ വിജയിച്ചവർ. സി.എ. ഇന്റർ, എ.എം.ഐ. ഇ. 2020 -ൽ പ്ലസ്ടു ജയിച്ചവർക്ക് പ്രവേശനപരീക്ഷ എഴുതാം. പത്താംക്ലാസിൽ മാത്തമാറ്റിക്സും ഇംഗ്ലീഷും പഠിച്ചിരിക്കണം. 12-ാം ക്ലാസ് തത്തുല്യ പരീക്ഷ വിജയിക്കണം.

കോഴ്സ് ഘടന

ഫൗണ്ടേഷൻ, ഡിപ്ലോമ, ബി.എസ്‌സി. എന്നിങ്ങനെ മൂന്നുഘട്ടങ്ങളായാണ് കോഴ്സ്. റഗുലർ എൻട്രി വഴി ഫൗണ്ടേഷൻ മുതൽ കോഴ്സ് തുടങ്ങും. ബിരുദം പൂർത്തിയാക്കിയാൽ ഐ.ഐ.ടി. മദ്രാസ് ബി.എസ്സി. പ്രോഗ്രാമിങ് ആൻഡ് ഡേറ്റാ സയൻസ് സർട്ടിഫിക്കറ്റ് ലഭിക്കും. ഓരോ ഘട്ടം പൂർത്തിയാക്കുമ്പോഴും ഇടയ്ക്കുവെച്ച് അവസാനിപ്പിക്കാൻ (എക്സിറ്റ്) അവസരം ലഭിക്കും. ഫൗണ്ടേഷൻ മാത്രം മതിയെങ്കിൽ ഐ.ഐ.ടി. മദ്രാസ് കണ്ടിന്യൂയിങ് എജ്യുക്കേഷൻ നൽകുന്ന സർട്ടിഫിക്കറ്റാണ് ലഭിക്കുക.

ഫൗണ്ടേഷൻ: അടിസ്ഥാന കാര്യങ്ങൾ ഈ ഘട്ടത്തിൽ പഠിക്കാം. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബേസിക്സ് പ്രോഗ്രാമിങ് ആൻഡ് പൈതോൺ, കംപ്യൂട്ടേഷണൽ തിങ്കിങ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ. ഈ ഘട്ടത്തിൽ മികച്ച വിജയം നേടിയാൽ ഡിപ്ലോമയിലേക്ക് കടക്കാം.

ഡിപ്ലോമ: രണ്ട് കോഴ്സുകൾ. ഒന്ന്: ഡിപ്ലോമ ഇൻ പ്രോഗ്രാമിങ്. രണ്ട്: ഡിപ്ലോമ ഇൻ ഡേറ്റ സയൻസ്. അഞ്ച് കോർ കോഴ്സുകളും ഒരു സ്കിൽ കോഴ്സും ഉണ്ടാകും. ഡിപ്ലോമ മാത്രം മതിയെങ്കിൽ നേരിട്ട് ഇതിൽ ചേരാം (2021-ൽ പ്രവേശനം). വർക്കിങ് പ്രൊഫഷണലുകൾക്കാണിത്.

ബി.എസ്‌സി.: മൂന്ന് പഠന മേഖലകളിലൊന്ന് തിരഞ്ഞെടുക്കണം. 1. കംപ്യൂട്ടർ സിസ്റ്റംസ്, 2. കംപ്യൂട്ടർ അപ്ലിക്കേഷൻസ്, 3. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്. കോർ, ഇലക്ടീവ് കോഴ്സുകൾ ഉണ്ടാകും.

യൂട്യൂബ് ക്ലാസുകൾ

കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://www.onlinedegree.iitm.ac.in/ ലെ ഇവന്റ്സ് സന്ദർശിക്കുക. ഓഗസ്റ്റ് 27-ന് വൈകീട്ട് അഞ്ചിന് യൂട്യൂബ് ലൈവ് വഴി ഐ.ഐ.ടി. മദ്രാസ് അധ്യാപകർ കോഴ്സ് വിവരങ്ങൾ വിശദീകരിക്കും. കൂടാതെ പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സയൻസുമായി ബന്ധപ്പെട്ട ക്ലാസുകളും കാണാം.

എവിടെനിന്നും പഠിക്കാം

Bhasker Ramamurthyപ്രോഗ്രാമിങ് ആന്‍ഡ് ഡേറ്റ സയന്‍സ് മേഖലയില്‍ മികച്ച ബിരുദധാരികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഒട്ടേറെ ഉദ്യോഗാര്‍ഥികളെ ഈ മേഖലയില്‍ ആവശ്യമുണ്ട് ഓണ്‍ലൈനായി എവിടെ നിന്നും പഠിക്കാമെന്നതാണ് കോഴ്‌സിന്റെ പ്രത്യേകത.
-പ്രൊഫ. ഭാസ്‌കര്‍ രാമമൂര്‍ത്തി, ഡയറക്ടര്‍, ഐ.ഐ.ടി. മദ്രാസ്

Content Highlights: IIT Madras offers online programming and data science course