Image: PTI
പ്ലസ്ടു കഴിഞ്ഞ് ബഹിരാകാശ പഠനം;ശേഷം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ.എസ്.ആര്.ഒ.) ഭാഗമാകാം. സ്വപ്നതുല്യമായ അവസരമൊരുക്കുകയാണ് തിരുവനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.ഐ.എസ്.ടി). ഐ.എസ്.ആര്.ഒ.യ്ക്കുവേണ്ടി അസാമാന്യമികവുള്ള മാനവവിഭവശേഷി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ഐ.ഐ.എസ്.ടി. ഇതിനകം പഠനം പൂര്‍ത്തിയാക്കിയവരില്‍ 1051 പേരെയാണ് ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞന്/എന്‍ജിനിയര്‍ തസ്തികയില്‍ നിയമിച്ചത്.
മൂന്ന് പ്രോഗ്രാമുകള്‍
പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചവര്‍ക്കായി മൂന്നു പ്രോഗ്രാമുകള്‍. ഏറോ സ്പേസ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (ഏവിയോണിക്സ്) എന്നിവയില്‍ നാല് വര്‍ഷ ബി.ടെക്. പ്രോഗ്രാമുകള്‍.
ബി.ടെക്. എന്‍ജിനിയറിങ് ഫിസിക്സ് + മാസ്റ്റര്‍ ഓഫ് സയന്‍സ്/മാസ്റ്റര്‍ ഓഫ് ടെക്നോളജി അഞ്ചുവര്‍ഷ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം. ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നീ എം.എസ്. പ്രോഗ്രാമുകളും എര്‍ത്ത് സിസ്റ്റം സയന്‍സ്, ഒപ്റ്റിക്കല്‍ എന്‍ജിനിയറിങ് എം.ടെക്. പ്രോഗ്രാമുകളും ആണ് എക്സിറ്റ് ഓപ്ഷന് ഇല്ലാത്ത അഞ്ചുവര്‍ഷ പ്രോഗ്രാമില്‍ അഞ്ചാം വര്‍ഷമുള്ളത്.
മെക്കാനിക്കല്‍ എന്‍ജിനിയറിങ് അധിഷ്ഠിത ബഹിരാകാശ സാങ്കേതിക പഠനങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പ്രോഗ്രാമാണ് ഏറോസ്പേസ് എന്‍ജിനിയറിങ് (70 സീറ്റ്). ഏറോസ്പേസ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്സ് പഠനമായ ഏവിയോണിക്സിന് ഊന്നല്നല്കുന്ന ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് പഠനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് പ്രോഗ്രാം (70 സീറ്റ്). ഫിസിക്സ്, മാത്തമാറ്റിക്സ്, എന്‍ജിനിയറിങ് എന്നിവയുടെ പഠനങ്ങളിലാണ് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം (22 സീറ്റ്) ശ്രദ്ധനല്കുന്നത്.
യോഗ്യത
പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം. 2021ലെ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് അടിസ്ഥാനമാക്കി വ്യവസ്ഥ ചെയ്തിരിക്കുന്ന കട്ട് ഓഫ് മാര്‍ക്ക് നേടണം. അത് ഇപ്രകാരമാണ്: ജനറല്ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ഓരോന്നിനും നാലുശതമാനം മാര്‍ക്കും മൊത്തത്തില്‍ 16 ശതമാനം മാര്‍ക്കും; ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. 3.6 ശതമാനം, 14.4 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ രണ്ടുശതമാനം, എട്ടു ശതമാനം. മിനിമം യോഗ്യതാ മാര്‍ക്കിനു വിധേയമായി ജെ.ഇ.ഇ. അഡ്വാന്‍സ്ഡില്‍ ലഭിച്ച മൊത്തം മാര്‍ക്ക് പരിഗണിച്ചാകും റാങ്ക് പട്ടിക.
ഫീസിളവ്
പട്ടിക/ഭിന്നശേഷി വിഭാഗക്കാരും ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബവരുമാനം ഉള്ളവരും ട്യൂഷന് ഫീസ് നല്‍കേണ്ടതില്ല. വാര്‍ഷിക കുടുംബവരുമാനം അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സെമസ്റ്റര്‍ ട്യൂഷന് ഫീസ് 62,500 രൂപയാണ്. ഒന്നുമുതല്‍ അഞ്ചുലക്ഷംവരെ വാര്‍ഷിക കുടുംബവരുമാനം ഉള്ളവര്‍ക്ക് 20,850 രൂപയാണ് സെമസ്റ്റര്‍ ഫീസ്.
മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍
പ്രവേശനം നേടുന്നവരില്‍ മുന്നിലുള്ള ജെ.ഇ.ഇ. അഡ്വാന്‍സ്ഡില്‍ 1000 വരെ ഓള് ഇന്ത്യ റാങ്ക് നേടിയവര്‍ക്ക് ആദ്യവര്‍ഷത്തേക്ക് ട്യൂഷന് ഫീസ് ഒഴിവാക്കും. തുടര്‍വര്‍ഷങ്ങളില്‍ ഇളവുകിട്ടാന്‍ കുറഞ്ഞത് 9.0 സി.ജി.പി.എ. ഓരോ വര്‍ഷവും ലഭിക്കണം. ഒരു സെമസ്റ്ററില്‍ സി.ജി.പി.എ. കുറഞ്ഞത് 9.0 ലഭിക്കുന്നവര്‍ക്ക് അടുത്ത സെമസ്റ്ററില്‍ ട്യൂഷന് ഫീസില്‍ 50 ശതമാനം ഇളവുകിട്ടും.
പ്ലേസ്മെന്റ്
ബി.ടെക്. എങ്കില്‍ ആറാം സെമസ്റ്റര്‍ അവസാനവും ഡ്യുവല്‍ ഡിഗ്രി എങ്കില്‍ എട്ടാം സെമസ്റ്റര്‍ അവസാനവും സി.ജി.പി.എ. കുറഞ്ഞത് 7.0 ലഭിക്കുന്നവര്‍ക്ക് ഐ.എസ്.ആര്.ഒ. ജോബ് പ്ലേസ്മെന്റ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഐ.എസ്.ആര്.ഒ. സെന്ററുകള്‍/ യൂണിറ്റുകള്‍ എന്നിവയിലേക്ക് നിയമിക്കും. ഓഫര്‍ ലെറ്റര്‍ കിട്ടാന്‍ ബി.ടെക്./ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം 4/5 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുകയും കോഴ്സില്‍ സി.ജി.പി.എ. 7.5 നേടുകയും വേണം.
അപേക്ഷ
ഒക്ടോബര്‍ 20ന് വൈകീട്ട് മൂന്നുവരെ admission.iist.ac.in വഴി അപേക്ഷിക്കാം.
Content Highlights: IIST Admissions 2021 Careers at ISRO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..