ണ്ടാം മോദി സര്‍ക്കാരിലെ അപ്രതീക്ഷിത മന്ത്രിയാണ് സുബ്രഹ്മണ്യം ജയശങ്കര്‍. ട്വിറ്ററിലൂടെ ഇന്‍സ്റ്റന്റ് മറുപടികളും നടപടികളുമായി സജീവ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രീതി നേടിയെടുത്ത സുഷമാ സ്വരാജിന്റെ അഭാവത്തില്‍ തല്‍സ്ഥാനത്തേക്ക് പുതിയതാര് എന്ന ചോദ്യത്തിന് അനുയോജ്യനായ ആളെ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ സമയം വേണ്ടിവന്നില്ലെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും മികച്ച നയതന്ത്രജ്ഞരില്‍ ഒരാളായ എസ്. ജയശങ്കറുമായുള്ള മോദിയുടെ സൗഹൃദത്തിന് എട്ട് ആണ്ടോളം പഴക്കമുണ്ട്.

1977-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന ജയശങ്കര്‍ നിരവധി ലോകരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കുന്നതിലും അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇംഗ്ലീഷിന് പുറമേ തമിഴ്, റഷ്യന്‍, ഹിന്ദുസ്ഥാനി, മന്‍ഡാരിന്‍, ജാപ്പനീസ്, ഹംഗേറിയന്‍ ഭാഷകളും കൈകാര്യം ചെയ്യാന്‍ വിദഗ്ധനാണ് അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഇത്രയധികം ഇടപെട്ട ഒരാളെ മന്ത്രിയായി നിയമിക്കുന്നത് ആദ്യമായാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയിക്കേണ്ട കാര്യമില്ല. 

1955-ല്‍ സിവില്‍ സര്‍വന്റ് ആയിരുന്ന കെ. സുബ്രഹ്മണ്യത്തിന്റെയും സുലോചനയുടെയും മകനായി ഡല്‍ഹിയിലായിരുന്നു ജയശങ്കറിന്റെ ജനനം. ഡല്‍ഹിയിലെ കേംബ്രിജ് സ്‌കൂളിലും സെന്റ് സ്റ്റീഫന്‍സ് കോളേജിലും പഠനം. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും കരസ്ഥമാക്കി. ആണവ നയതന്ത്രത്തിലായിരുന്നു അദ്ദേഹം സ്‌പെഷ്യലൈസ് ചെയ്തത്.

1977-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന ജയശങ്കര്‍ 1979 മുതല്‍ 1981 വരെ മോസ്‌കോയിലെ ഇന്ത്യന്‍ മിഷന്‍ ടു ദ് സോവിയറ്റ് യൂണിയനില്‍ തേര്‍ഡ് സെക്രട്ടറിയും സെക്കന്‍ഡ് സെക്രട്ടറിയുമായിരുന്നു. പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയ ജയശങ്കര്‍ താരാപൂര്‍ ആണവനിലയത്തിലേക്ക് അമേരിക്കയില്‍നിന്ന് ആണവ ഇന്ധനം എത്തിക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തായി നിയോഗിച്ച സംഘത്തിലെ പ്രധാനിയായിരുന്നു.

1988 മുതല്‍ 1990 വരെ ശ്രീലങ്കയിലെ ആഭ്യന്തര കലാപം നിയന്ത്രിക്കാന്‍ അയച്ച ഇന്ത്യന്‍ പീസ് കീപിങ് ഫോഴ്‌സിന്റെ ഫസ്റ്റ് സെക്രട്ടറിയും രാഷ്ട്രീയ ഉപദേശകനുമായി ജയശങ്കര്‍ പ്രവര്‍ത്തിച്ചു. 1996 മുതല്‍ 2000 വരെ ടോക്യോയിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഡെപ്യൂട്ടി ചീഫ് ആയി പ്രവര്‍ത്തിച്ചു. 1998-ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണത്തേത്തുടര്‍ന്ന് ജപ്പാനുമായി നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കുന്നതില്‍ ജയശങ്കറിന്റെ ഇടപെടലുകളും പ്രധാനമായിരുന്നു.

2001 മുതല്‍ 2004 വരെ ചെക്ക് റിപ്പബ്ലിക്കില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു അദ്ദേഹം. 2007 മുതല്‍ 2009 വരെ സിംഗപ്പൂരില്‍ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്ന ജയശങ്കര്‍ ആ രാജ്യവുമായുള്ള ഇന്ത്യയുടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സാമ്പത്തിക സഹകരണത്തോടൊപ്പം സിംഗപ്പൂരുമായുള്ള സൈനീക ഉടമ്പടികളും ഇക്കാലയളവിലാണ് ഉണ്ടായത്. 

2009 മുതല്‍ 2013 വരെ ചൈനയില്‍ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ച ജയശങ്കര്‍ സുപ്രധാനമായ പല സാമ്പത്തിക ഉടമ്പടികളും സൃഷ്ടിക്കുന്നതിലും ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ദോക്ലാം പ്രശ്‌നം അവസാനിപ്പിക്കുന്നതിലും ജയശങ്കറിന്റെ ഇടപെടലുകളിണ്ടായിരുന്നു. ഇതിനിടെ 2012-ല്‍ പത്ത് വര്‍ഷത്തിനിടെ ടിബറ്റ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ അംബാസഡറെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഇതേവര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ചൈനാ സന്ദര്‍ശന വേളയിലാണ് ആദ്യമായി ജയശങ്കറിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. 

2013-ല്‍ നിരുപമ റാവുവിന്റെ പിന്‍ഗാമിയായി അമേരിക്കയില്‍ ഇന്ത്യന്‍ അംബാസഡറായി ജയശങ്കര്‍ നിയമിതനായി. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ജയശങ്കറിനായി. 2015 മുതല്‍ 2018 വരെ അദ്ദേഹം വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സര്‍വീസില്‍നിന്ന്  വിരമിച്ച ശേഷം ടാറ്റാ സണ്‍സിന്റെ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫേഴ്‌സ് പ്രസിഡന്റായി ചുമതലയേറ്റു. 2019-ലെ പത്മശ്രീ പുരസ്‌കാര ജേതാവ് കൂടിയാണ് ജയശങ്കര്‍.

S Jaishakar with Sushama Swaraj

ഇന്ത്യയുടെ വിദേശ നയത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ ജയശങ്കറിനാകും എന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. പാകിസ്താനുമായുള്ള അസുഖകരമായ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതും യു.എന്നില്‍ സ്ഥിരാംഗത്വം നേടുന്നതുമെല്ലാം കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യങ്ങളാണ്. ഇതോടൊപ്പംതന്നെ വടക്കു-കിഴക്കന്‍ പ്രദേശത്ത് ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും സജീവമാണ്. ഇത്തരം കാര്യങ്ങളിലുള്‍പ്പെടെ ജയശങ്കറിന് എന്ത് ചെയ്യാനാകുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.

Content Highlights: Modi 2.0, Second Modi Ministry, Ministry of External Affairs, Indian Foreign Service, S Jaishankar