മോഡൽ: ദിവ്യ | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ| മാതൃഭൂമി
രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പൊതുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനല്‍ സെലക്ഷന് (ഐ.ബി.പി.എസ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 12,0000-ത്തിലേറെ ഒഴിവുകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 1,557 ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. അതിനാല്‍ത്തന്നെ മത്സരം കടുക്കുമെന്നുറപ്പ്. പരീക്ഷയെ അറിഞ്ഞു തയ്യാറെടുക്കുന്നവര്‍ക്കു മാത്രമേ ഇത്തവണ വിജയം കൈയെത്തിപ്പിടിക്കാനാവൂ.
പരീക്ഷയെ അറിയാം
രണ്ടുഘട്ട ഓണ്‍ലൈന്‍ പരീക്ഷയാണ് ഐ.ബി.പി.എസ്. ക്ലാര്‍ക്ക് തസ്തികയിലേക്ക് നടത്തുന്നത്. റെയില്‍വേ, എസ്.എസ്.സി, ഐ.ബി.പി.എസ് എന്നിവയ്ക്കുള്ള പൊതുപ്രാഥമിക പരീക്ഷ ഉടന്‍തന്നെ പുതുതായി രൂപവത്കരിക്കുന്ന ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ നിയന്ത്രണത്തിലാവും. അതിനാല്‍ത്തന്നെ ഇത്തവണത്തേത് ഐ.ബി.പി.എസ് നേരിട്ടു നടത്തുന്ന അവസാനത്തെ പ്രിലിമിനറി പരീക്ഷയാകാന് സാധ്യതയുണ്ട്. പ്രാഥമിക പരീക്ഷ ഡിസംബറിലും മുഖ്യപരീക്ഷ ജനുവരി 24-നും നടത്തും. ഏപ്രില്‍ 1-ന് പ്രൊവിഷണല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാനാവുന്ന വിധമാണ് പരീക്ഷാക്രമം തയ്യാറാക്കിയിട്ടുള്ളത്.
പ്രാഥമിക പരീക്ഷ: 60 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രാഥമിക പരീക്ഷയില്‍ പരമാവധി 100 മാര്‍ക്കിനുള്ള 100 ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. പരീക്ഷയെ ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇംഗ്ലിഷ് ലാംഗ്വേജ് വിഭാഗത്തില്‍നിന്നും 30 എണ്ണവും മറ്റു രണ്ടു വിഭാഗങ്ങളിലും 35 വീതവും ചോദ്യങ്ങളുമാണുണ്ടാവുക. ഓരോ വിഭാഗത്തിനും 20 മിനുട്ട് വീതം സമയം നല്‍കും. ഓരോ വിഭാഗത്തിനും വെവ്വേറെ കട്ട്ഓഫ് മാര്‍ക്കും ഉണ്ടായിരിക്കും.
മുഖ്യപരീക്ഷ: 200 മിനുട്ട് ദൈര്‍ഘ്യമുള്ള മുഖ്യപരീക്ഷയില്‍ പരമാവധി 200 മാര്‍ക്കിനുള്ള 190 ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. ജനറല്‍/ ഫൈനാന്‍ഷ്യല്‍ അവയര്‍നെസ് (50 ചോദ്യം, 50 മാര്‍ക്ക്), ജനറല്‍ ഇംഗ്ലിഷ് (40 ചോദ്യം, 40 മാര്‍ക്ക്), റീസണിങ് എബിലിറ്റി & കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് (50 ചോദ്യം, 60 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ് (50 ചോദ്യം, 50 മാര്‍ക്ക്) എന്നിങ്ങനെ നാലുവിഭാഗത്തില്നിന്നുള്ള ചോദ്യങ്ങളുണ്ടായിരിക്കും. ആദ്യത്തെ രണ്ട് വിഭാഗം ചോദ്യങ്ങള്ക്ക്് 35 മിനുട്ട് വീതവും മൂന്നും നാലും വിഭാഗങ്ങള്‍ക്ക് 45 മിനുട്ടും സമയം ലഭിക്കും. ഓരോ വിഭാഗത്തിനും വെവ്വേറെ കട്ട്ഓഫ് മാര്‍ക്ക് ഉണ്ടായിരിക്കും.
ചെയ്ത് പരിശീലിക്കാം
ഐ.ബി.പി.എസ്. പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങള്‍ മാത്തമാറ്റിക്സ്, റീസണിങ്, ഇംഗ്ലീഷ് വിഭാഗങ്ങളില്‍ നിന്നുള്ളവയാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചെയ്തു പരിശീലിച്ചാല്‍ മാത്രമേ പരീക്ഷയില്‍ വിജയിക്കാനാവൂ. മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകള്‍ ഉള്‍പ്പെടെ പരിശീലനത്തിനായി ഉപയോഗിക്കാം. ഗൈഡുകള്ക്കുപുറമെ മോക്ക് ടെസ്റ്റുകള്‍ക്കായി വിവിധ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഉപയോഗിക്കാം.
സമയം പ്രധാനം
ബാങ്ക് ടെസ്റ്റുകളില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്കാന് ശരാശരി ഒരു മിനുട്ടുപോലും ലഭിക്കില്ലെന്ന കാര്യം ഉദ്യോഗാര്‍ഥികള്‍ ഓര്‍ത്തിരിക്കുക. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ക്രിയകള്‍ ചെയ്യാനുള്ള ശേഷി വര്‍ധിപ്പിച്ചാല്‍ മാത്രമേ ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡില് മികച്ച സ്കോര്‍ കണ്ടെത്താനാകൂ. ഇംഗ്ലിഷ്, റീസണിങ് വിഭാഗങ്ങളില്‍ വരുന്ന ചോദ്യങ്ങളും കൂടുതല്‍ ചെയ്തുതന്നെ വേഗത വര്‍ധിപ്പിക്കണം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതായുണ്ട്. സ്ഥിരമായി ചെയ്തു പഠിച്ചാല്‍ മാത്രമേ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാവൂ.
നെഗറ്റിവ് മാര്‍ക്ക് വരാതെ ശ്രദ്ധിക്കാം
പരീക്ഷയ്ക്ക് തെറ്റായി അടയാളപ്പെടുത്തുന്ന ഓരോ ചോദ്യത്തിനും 0.25 നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കും. ഉത്തരം രേഖപ്പെടുത്താത്തവയ്ക്ക് നെഗറ്റിവ് മാര്‍ക്ക് ഉണ്ടാകില്ല. കൃത്യമായി അറിയാവുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കേണ്ടത് വളരെ പ്രധാനമാണെന്നു സാരം. നെഗറ്റിവ് മാര്‍ക്ക് വരാതിരിക്കാന്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയ പരീക്ഷകളിലെ കട്ട്ഓഫ് മാര്‍ക്ക് എത്രയാണെന്ന് ആദ്യമേ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രാഥമിക പരീക്ഷയില്‍ കട്ട്ഓഫ് മാര്‍ക്ക് കടന്നാല്‍ മതിയെന്ന കാര്യം ഓര്‍ത്തിരിക്കുക. അന്തിമ മെറിറ്റ് തയ്യാറാക്കാന്‍ മുഖ്യപരീക്ഷയിലെ മാര്‍ക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.
സൗജന്യ പരിശീലനം
എസ്.സി., എസ്.ടി., ന്യൂനപക്ഷം, വിമുക്തഭടര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന അപേക്ഷാര്ഥികള്ക്കായി പരീക്ഷയ്ക്ക് മുന്നോടിയായി നവംബര്‍ 23 മുതല്‍ 28 വരെ സൗജന്യമായി പരിശീലനം നേടാന്‍ അവസരമുണ്ടാകും. പ്രസ്തുത പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ബന്ധപ്പെട്ട കോളം പൂരിപ്പിക്കണം. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പരിശീലന കേന്ദ്രങ്ങളുണ്ട്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും നോഡല്‍ ബാങ്കുകളോ പരീക്ഷാ നടത്തിപ്പുകാരോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Content Highlights: IBPS Clerk Exam Pattern and Preparation Strategy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..