ല്ലാസ് സാമ്രാട്ട് എന്ന ചെറുപ്പക്കാരനില്‍ നിന്ന് കഥ തുടങ്ങാം. മൊഹാലിയിലെ ഫാം ഹൗസില്‍ ശ്വാസകോശ രോഗിയായ അമ്മയ്‌ക്കൊപ്പമായിരുന്നു ഉല്ലാസിന്റ താമസം. ഒരിക്കല്‍ ഡോക്ടര്‍ പറഞ്ഞു, ഈ ഫാം ഹൗസിലെ പൊടിയും കീടനാശിനിനികളുടെ മണവുമൊക്കെ അമ്മയുടെ അസുഖം വഷളാക്കുകയേ ഉള്ളൂ. എന്തു ചെയ്യണം? കൃഷി ഉപേക്ഷിച്ചാല്‍ മറ്റ് വരുമാന മാര്‍ഗമോ ജോലിയോ ഇല്ല. 

മൊഹാലിയിലെ കൃഷിഭൂമി എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നായി പിന്നത്തെ ചിന്ത. അന്വേഷണം ചെന്നു നിന്നത് ഹൈഡ്രോപോണിക്‌സ് എന്ന ആശയത്തിലാണ്. അതായത് മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതി. ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിലാണ് ഹൈഡ്രോപോണിക്‌സ് രീതിയനുസരിച്ച് സസ്യങ്ങളെ വളര്‍ത്തിയെടുക്കുക. സസ്യങ്ങളെ ഈ ലായനിയില്‍ ഉറപ്പിക്കുന്നതിനായി കയര്‍ പിത്ത്, വെള്ളാരം കല്ലുകള്‍, തെര്‍മോകോള്‍ എന്നിവ ഉപയോഗിക്കും. പോഷകങ്ങളെ അയോണുകളുടെ രൂപത്തില്‍ ആഗികരണം ചെയ്തു വളരാന്‍ ചെടികള്‍ക്ക് ആകുമെന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്‌സ് എന്ന കൃഷി രീതിക്ക് വഴി തുറന്നത്. ഹൈഡ്രോപോണിക്‌സില്‍ സാധാരണ കൃഷിക്കുവേണ്ടതിനേക്കാള്‍ 60 മുതല്‍ 80 ശതമാനം വരെ കുറച്ചേ ജലം ആവശ്യമുള്ളൂ. കീടനാശിനികളുടെയും ആവശ്യമില്ല. 

മീന്‍വയില്‍, സിങ്കപ്പൂരിലെ ജോലി മടുത്ത് എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാനുള്ള വഴി തിരയുകയായിരുന്നു ധ്രുവ് ഖന്ന എന്ന ചെറുപ്പക്കാരന്‍. ഒരു ക്യാച്ച് അപ്പ് കോളിലൂടെ ധ്രുവ് ഉല്ലാസിനെ പരിചയപ്പെടുന്നു. പിന്നീടും ഇരുവരും ചേര്‍ന്നായി ഹൈഡ്രോപോണിക്‌സിന്റെ സാധ്യത തിരയല്‍. ധ്രുവ് സിങ്കപ്പൂരിലെ ചില ഹൈഡ്രോപോണിക് ഫാമുകള്‍ സന്ദര്‍ശിച്ച് അനുഭവങ്ങള്‍ പങ്കുവച്ചു. 

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ദീപക് കക്രേജയും അധികം വൈകാതെ ടീമിന്റെ ഭാഗമായി. തങ്ങളുടെ ആശയം നടപ്പാക്കണമെങ്കില്‍ കൃത്യമായ പ്ലാനിങ്ങും സാമ്പത്തിക അച്ചടക്കവുമെല്ലാം വേണമെന്ന് മൂവര്‍ സംഘം തിരിച്ചറിഞ്ഞു. അങ്ങനെയാണ് സാമ്പത്തിക കാര്യങ്ങളില്‍ ജ്ഞാനീയനായ ദേവാന്‍ഷു ശിവ്‌നാനിയുടെ രംഗപ്രവേശം. 

അര്‍ബന്‍ ഫാമിങ്ങില്‍ ഒരു പുതിയ പരീക്ഷണത്തിന് തുടക്കമിട്ടുകൊണ്ട് ഉല്ലാസ് സാമ്രാട്ട്, ധ്രുവ് ഖന്ന, ദീപക് കുക്രേജ, ദേവാന്‍ഷു ശിവ്‌നാനി എന്നീ നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് 2014ല്‍ ട്രൈറ്റന്‍ ഫുഡ് വര്‍ക്‌സിന് ജീവന്‍ നല്‍കി. 

ഏതൊരു തുടക്കക്കാര്‍ക്കും എന്ന പോലെ അനേകം പ്രശ്‌നങ്ങളെ അവര്‍ക്ക് അതിജീവിക്കേണ്ടിവന്നു. കൈക്കൂലി കൊടുക്കാത്തതിന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ട്രൈറ്റന്‍ ഫുഡ് വര്‍ക്‌സിന്റെ ഫാമുകളിലൊന്ന് തകര്‍ക്കുക പോലും ചെയ്തു. പക്ഷേ വിയര്‍പ്പുകൊടുത്ത് വളര്‍ത്തിയ സംരംഭം ഒടുവില്‍ പൂത്തുലഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരുകോടി രൂപയായിരുന്നു ട്രൈറ്റന്റെ ടേണ്‍ഓവര്‍. ഈ വര്‍ഷം അത് 1.75 കോടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. രണ്ട് പ്രധാന വരുമാന മാര്‍ഗങ്ങളാണ് കമ്പനിക്കിപ്പോള്‍ ഉള്ളത്. ഡല്‍ഹിയിലെ പതിനെട്ടോളം സ്‌റ്റോറുകളിലേക്ക് സ്വന്തം ഫാമുകളില്‍ വിളയിച്ച പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ആവശ്യക്കാര്‍ക്കായി ഹൈഡ്രോപോണിക്‌സ് ഫാമുകള്‍ നിര്‍മിച്ചുനല്‍കുന്നതിലൂടെയും. അമേരിക്കയിലേക്ക് കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ട്രൈറ്റന്‍ ഫുഡ്‌വര്‍ക്‌സ്.

Content Highlights: Hydroponics, Startup, Triton Foodworks