ഹയര്‍ സെക്കന്‍ഡറി അധ്യാപക പരീക്ഷകളെക്കുറിച്ച് പരാതി വ്യാപകമായി. ചോദ്യകര്‍ത്താക്കളുടെ കുതന്ത്രങ്ങള്‍ കാരണം പി.എസ്.സി. പ്രതിക്കൂട്ടിലാണ്. ഓരോ വിഷയത്തിന്റെ പരീക്ഷ കഴിയുന്തോറും പരാതി പെരുകുന്നു.
 
ഇക്കണോമിക്‌സിനും മാത്തമാറ്റിക്‌സിനും ചോദ്യങ്ങള്‍ പകര്‍ത്തിയതാണ് പരാതിയായതെങ്കില്‍ മലയാളത്തിന് നിലവാരമില്ലാത്തതും തെറ്റുകള്‍ നിറഞ്ഞതുമായ ചോദ്യങ്ങളാണ് ആക്ഷേപത്തിനിടയാക്കിയത്. 
വടക്കന്‍ കേരളത്തിലെ ചില പരീക്ഷാകേന്ദ്രങ്ങളില്‍ കണക്ക് വിഷയത്തിന് സീല്‍ ഇല്ലാത്ത ചോദ്യക്കടലാസ് വിതരണം ചെയ്തതായും ആരോപണമുണ്ട്.
 
ജനുവരി 29-ന് നടത്തിയ മലയാളം പരീക്ഷയ്ക്ക് തട്ടിക്കൂട്ട് ചോദ്യങ്ങളാണ് കൂടുതലും വന്നത്. 15-ലേറെ തെറ്റുകളുള്ളതായി ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിലോ അധ്യാപനത്തിലോ ഉള്ള അഭിരുചി പരിശോധിക്കുകയായിരുന്നില്ല ചോദ്യകര്‍ത്താവിന്റെ ലക്ഷ്യം. ഒന്നിലേറെ ഉത്തരങ്ങള്‍ക്ക് സാധ്യതയുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും.

കേരള സാഹിത്യ ചരിത്രം എത്ര വാല്യങ്ങളാണെന്ന ചോദ്യത്തിന് ശരിയുത്തരം സൂചികയിലുണ്ടായില്ല. ആദ്യത്തെ സംസ്‌കൃത സന്ദേശകാവ്യം കേരളത്തിലേതോ ഭാരതത്തിലേതോ എന്ന് ചോദ്യത്തില്‍ വ്യക്തമല്ല. 'ഈ വക പെണ്ണുങ്ങള്‍ പൂമീലുണ്ടോ...' എന്ന വരികളുടെ സാഹിത്യരൂപത്തിന്റെ ശരിയുത്തരം സൂചികയിലുണ്ടായിരുന്നില്ല. 

എം.ടിക്ക് ജ്ഞാനപീഠം കിട്ടിയ വര്‍ഷം, കുമാരനാശാന്റെ 'ലീല' പ്രസിദ്ധീകരിച്ച വര്‍ഷം, 'ദ് ന്യൂ ക്രിട്ടിസിസം' എന്ന ഗ്രന്ഥം രചിച്ചത്, തമിഴ്നാട്ടില്‍ വിവരാവകാശ നിയമം ആരംഭിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശരിയുത്തരമില്ലായിരുന്നു. 

'കവിത്വബീജം പ്രതിഭാനാം' എന്ന ചോദ്യത്തിനും ശരിയുത്തരമില്ല. 'സ്ഥായീഭാവങ്ങള്‍' എത്ര, ഓരോ പാട്ടിലും വിന്യസ്തമാകുന്ന ദേശകാലങ്ങള്‍, കേരളന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നയാള്‍, അവര്‍ണര്‍ക്കു മാത്രമുണ്ടായിരുന്ന ശിക്ഷാവിധി തുടങ്ങിയവയ്ക്ക് പി.എസ്.സി. നല്‍കിയ ഉത്തരങ്ങള്‍ തെറ്റാണ്. 

ജനുവരി 27ന് നടത്തിയ മാത്തമാറ്റിക്‌സ് പരീക്ഷയ്ക്ക് 2014 ഓഗസ്റ്റിലെ കോളേജ് അധ്യാപക പരീക്ഷയില്‍നിന്ന് പത്തു ചോദ്യങ്ങള്‍ ഓപ്ഷനുകള്‍ പോലും മാറ്റാതെ ആവര്‍ത്തിക്കുകയായിരുന്നു. 30-ഓളം വരുന്ന പൊതുവിജ്ഞാനത്തിലെ ചോദ്യങ്ങളില്‍ ഭൂരിഭാഗവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചവയാണെന്നും പരാതിയുയര്‍ന്നു. അഞ്ച് വിഷയങ്ങളുടെ പരീക്ഷയാണ് കഴിഞ്ഞത്. 

ബാക്കിയുള്ള വിഷയങ്ങള്‍ക്കും വരും ദിവസങ്ങളിലായി പരീക്ഷ നടക്കും. ചോദ്യകര്‍ത്താക്കളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളില്‍ പി.എസ്.സിയും പ്രതിസന്ധിയിലായി.പുനഃപരീക്ഷകള്‍ നടത്തേണ്ട സ്ഥിതിയിലേക്കാണ് ഭൂരിഭാഗം പരാതികളുടേയും അന്വേഷണം മുന്നേറുന്നത്. 

എന്നാല്‍ വീണ്ടും പരീക്ഷ നടത്തുന്നത് നിലവിലെ സാമ്പത്തികസ്ഥിതിയില്‍ പ്രായോഗികമല്ലെന്നാണ് പി.എസ്.സി. അധികൃതര്‍ പറയുന്നത്. കഠിന പരിശീലനം നടത്തി പരീക്ഷക്കെത്തുന്നവര്‍ ചോദ്യങ്ങള്‍ കണ്ട് അന്ധാളിച്ചിരിക്കുകയാണ്.