കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഴുവൻ വിദ്യാഭ്യാസ, തൊഴിൽ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. പൊതു പരീക്ഷകളും റിക്രൂട്ട്മെന്റ് എക്സാമുകളും മാറ്റിവെച്ചു. ഈ സാഹചര്യം വെറുതെ വീടിനുള്ളിൽ അടഞ്ഞിരിക്കാതെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

വായിച്ച് തുടങ്ങാം

വിദ്യാർഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ജോലിക്കാർക്കുമെല്ലാം വായനയുടെ പുത്തൻ ലോകം അടുത്തറിയാനുള്ള അവസരമാണിത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥകളോ, നോവലോ, കവിതയോ അങ്ങനെ എന്തും ഈ കാലയളവിൽ വായിക്കാം. വായനാനുഭവം സാമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമാകാം. നാഷണൽ ബുക്ക് ട്രസ്റ്റ് പുസ്തകങ്ങൾ സൗജന്യമായി വായിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളും ഇത്തരത്തിൽ സൗജന്യമായി വായിക്കാം

പരീക്ഷകൾക്കായി പഠിക്കാം

വിദ്യാർത്ഥികളേയും ഉദ്യോഗാർത്ഥികളേയും സംബന്ധിച്ച് അസുലഭമായ മുഹൂർത്തമാണിത്. വിവിധ പ്രവേശന, റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റിവച്ചതോടെ പഠിക്കാൻ ഏറെ സമയമാണ് അവർക്ക് കിട്ടിയിട്ടുള്ളത്. സ്വന്തമായി സ്റ്റഡി പ്ലാനുകൾ തയ്യാറാക്കി, വിവരങ്ങൾ ശേഖരിച്ച് പരീക്ഷകൾക്ക് വേണ്ടി ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും തയ്യാറെടുക്കാം.

പുത്തൻ കോഴ്സ് പഠിക്കാം

പരീക്ഷകൾക്ക് പരിശീലിക്കുന്നതിന് പുറമേ ഓൺലൈനായി പുതിയ കോഴ്സുകൾ പഠിക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ സ്വയം മൂക്കിലൂടെ (SWAYAM MOOC) 1900-ലേറെ ഓൺലൈൻ കോഴ്സുകൾ സൗജന്യമായി പഠിക്കാൻ അവസരമുണ്ട്. ഇതിന് പുറമേ യു.ജി.സി, ഇ-പാഠശാല തുടങ്ങിയവയും ഓൺലൈൻ കോഴ്സുകൾ പ്രദാനം ചെയ്‌യുന്നുണ്ട്.

പഠിപ്പിക്കുകയും ചെയ്‌യാം

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ അധ്യാപകർക്ക് കുട്ടികളുമായി നിരന്തരം സംവദിക്കാനുള്ള അവസരവുമുണ്ട്. ചെറു വിഡിയോകളിലൂടെ കുട്ടികൾക്ക് പുതിയ വിവരങ്ങൾ കൈമാറാനും ക്ലാസ്സുകൾ കൈകാര്യം ചെയ്‌യാനും ഇന്ന് അവസരമുണ്ട്. പി.എസ്.സി, എസ്.എസ്.സി എന്നിവയ്‍ക്ക് വേണ്ടി പരിശീലിക്കുന്നവർക്ക് വിഡിയോ ക്ലാസ്സുകൾ കാണാം. വേണമെങ്കിൽ ഓൺലൈൻ കോച്ചിങ്ങിൽ ഒരു കൈ നോക്കുകയുമാകാം.

വർക്ക് ഫ്രം ഹോം ആഘോഷമാക്കാം

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാൻ വീട്ടിലിരുന്നാണ് ജോലി ചെയ്‌യുന്നത്. ഈ ജോലി സമയവും ഫല പ്രദമായി ഉപയോഗിക്കാം. സമയ ബന്ധിതമായി ജോലികൾ ചെയ്ത് തീർക്കാനും പുതിയ ശീലങ്ങൾ തുടങ്ങാനും ഈ സമയം ഉപയോഗിക്കാം.

കലാവാസന വളർത്താം

പടം വരയ്‍ക്കുക, ചെറിയ ക്രാഫ്റ്റ് വർക്കുകൾ ചെയ്യുക തുടങ്ങി ഒഴിവ് സമയങ്ങളിൽ കലാവാസനയെ വളർത്താൻ കഴിയുന്ന നിരവധി കാര്യങ്ങൾ ഈ അവസരത്തിൽ ചെയ്യാം. ഇത് നാളെ മികച്ച വരുമാനമാർഗമായും കാണാം. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുമായി പങ്കു വെയ്‍ക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം

Content Highlights: How toUtilise lock down time usefully