ഒരു സമയമെത്തിയാല്‍ യുവാക്കളുടെ പ്രധാന ജോലി തൊഴിലന്വേഷണമാണ്. യോഗ്യത, കഴിവ് എന്നിവയ്ക്ക് അനുസരിച്ചുള്ള ജോലി അല്ലെങ്കില്‍ മനസ്സിനിഷ്ടപ്പെടുന്ന ജോലി, എന്നിങ്ങനെ നിരവധി താത്പര്യങ്ങളുണ്ടാവും ഓരോരുത്തര്‍ക്കും.

അപ്പോള്‍, ഇഷ്ടപ്പെടുന്ന ജോലി എവിടെനിന്ന് കിട്ടും?. പലപ്പോഴും അനുയോജ്യമായ തൊഴിലവസരങ്ങള്‍ പലരുടെയും ശ്രദ്ധയില്‍പ്പെടുകയില്ല. ഈ പ്രശ്‌നത്തിന് പരിഹാരമാണ് ലിങ്ക്ഡ് ഇന്‍ പോലുള്ള ഓണ്‍ലൈന്‍ ബിസിനസ് നെറ്റ് വര്‍ക്കിങ് സേവനങ്ങള്‍.

'ലിങ്ക്ഡ് ഇന്‍' എന്ത്? 

തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും വേണ്ടിയുള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ് ഇന്‍. ഇരുകൂട്ടര്‍ക്കും പരസ്പരം എളുപ്പത്തില്‍ ബന്ധപ്പെടാനുള്ളൊരു മാര്‍ഗം. ഇരുനൂറിലധികം രാജ്യങ്ങളിലായി നിരവധി കമ്പനികളും പ്രൊഫഷണലുകളും ഉദ്യോഗാര്‍ഥികളുമടക്കം 50 കോടിയിലധികം അംഗങ്ങള്‍ ലിങ്ക്ഡ് ഇന്നിലുണ്ട്.

അപ്പോള്‍ ഇതിന്റെ സാധ്യതയും ഊഹിക്കാമല്ലോ? ഒരു സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കിന്റെ സ്വഭാവമാണ് പ്രത്യക്ഷത്തിലെങ്കിലും ഇവിടെ 'പ്രൊഫഷണല്‍' ഇടപെടലാണ് അംഗങ്ങള്‍ തമ്മില്‍ നടക്കുന്നത്.

തൊഴില്‍ ദാതാക്കള്‍ തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്താനും അവരുടെ ആവശ്യമനുസരിച്ചുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്താനുമാണ് ലിങ്ക്ഡ് ഇന്‍ ഉപയോഗിക്കുന്നത്.  ഇതില്‍ അംഗമാവുന്ന ഉദ്യോഗാര്‍ഥികള്‍ക്കാകട്ടെ അവരുടെ യോഗ്യതയ്ക്കും കഴിവിനും അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ കണ്ടെത്താനും ഇതുവഴി സാധിക്കുന്നു.

പ്രൊഫൈല്‍ ഉണ്ടാക്കാം

www.linkedin.com എന്നതിലൂടെ ഇമെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് ആര്‍ക്കും അക്കൗണ്ട് നിര്‍മിക്കാം. യോഗ്യത, വ്യക്തിവിവരങ്ങള്‍, തൊഴില്‍, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തിയാണ് ലിങ്ക്ഡ് പ്രൊഫൈല്‍ നിര്‍മിക്കേണ്ടത്. ബേസിക്, പ്രീമിയം എന്നിങ്ങനെ രണ്ടുതരത്തിലുള്ള അംഗത്വമാണുള്ളത്. പ്രീമിയം വിഭാഗത്തില്‍ തൊഴിലന്വേഷകന്‍, സെയ്ല്‍സ് നാവിഗേറ്റര്‍, റിക്രൂട്ടര്‍ ലൈറ്റ്, ബിസിനസ് പ്ലസ് എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളുമുണ്ട്. 

സൗജന്യമായി നിര്‍മിക്കുന്ന ബേസിക് അക്കൗണ്ടുകളില്‍ മെസേജിങ്, പ്രൊഫൈല്‍ നിര്‍മാണം, ജോലിക്ക് അപേക്ഷിക്കുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാവും. എന്നാല്‍, പണം നല്‍കിയുള്ള പ്രീമിയം അക്കൗണ്ടില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയും കൂടുതല്‍ സൗകര്യങ്ങളും ലഭ്യമാവും.

അക്കൗണ്ട് നിര്‍മിച്ചുകഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്നപോലെ ബന്ധങ്ങളുണ്ടാക്കാന്‍ ശ്രമിക്കണം. ആളുകളെ നിങ്ങളുടെ പ്രൊഫൈലുമായി ബന്ധം സ്ഥാപിക്കാന്‍ ക്ഷണിക്കണം. പരിചയമുള്ളവരെയും അല്ലാത്തവരെയും ഇതുപോലെ ക്ഷണിക്കാം. അക്കൂട്ടത്തില്‍ കമ്പനികളും പ്രൊഫഷണലുകളുമെല്ലാം വേണം. നിങ്ങളുടെ ക്ഷണം സ്വീകരിക്കുന്നവരെല്ലാം നിങ്ങളുടെ കണക്ഷന്‍ ലിസ്റ്റില്‍ ചേര്‍ക്കപ്പെടും.

എവിടെയിരുന്നും ഉപയോഗിക്കാം

ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് നിര്‍മിച്ചശേഷം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ പ്രൊഫൈല്‍ തയ്യാറാക്കുമ്പോഴാണ്. സാധാരണ ബയോേഡറ്റയില്‍ നല്‍കുന്ന വിവരങ്ങള്‍തന്നെയാണ് ആവശ്യം. പ്രൊഫൈല്‍ എങ്ങനെ എന്നതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ അക്കൗണ്ടിന്റെ ഓണ്‍ലൈന്‍ വിസിബിലിറ്റി ഏതുരീതിയിലാവണമെന്ന് നിര്‍ണയിക്കപ്പെടുന്നത്.

യോഗ്യതകള്‍, ചിത്രം, കഴിവുകള്‍, തൊഴില്‍ പരിചയം തുടങ്ങി വിശദമായ വിവരങ്ങള്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തണം. പ്രൊഫൈലിലെ പരമാവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സംഗ്രഹം (Profile Summery), വിദ്യാഭ്യാസം, തൊഴില്‍, തൊഴില്‍ മേഖല തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്ന പ്രൊഫൈല്‍ എക്‌സ്പീരിയന്‍സ്, മറ്റുള്ളവരില്‍ നിന്നുള്ള റഫറന്‍സുകള്‍, നിങ്ങളുടെ കഴിവുകള്‍, സന്നദ്ധ പ്രവൃത്തിപരിചയങ്ങള്‍ തുടങ്ങിയ വിശദമായ വിവരങ്ങള്‍ പ്രൊഫൈലില്‍ നല്‍കണം.

തൊഴിലവസരങ്ങള്‍ അറിയാം, അപേക്ഷിക്കാം

പ്രൊഫൈലില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലിങ്ക്ഡ് ഇന്‍ ഹോംപേജിന് മുകളിലുള്ള 'ജോബ്‌സ്' എന്ന ലിങ്കില്‍ കാണാം. തൊഴില്‍ ദാതാക്കളായ കമ്പനികളും ഏജന്‍സികളും പരസ്യപ്പെടുത്തിയിട്ടുള്ള തൊഴിലവസരങ്ങള്‍ വിശദാംശങ്ങളടക്കം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും.

ഇതില്‍ താത്പര്യമുള്ളത് തിരഞ്ഞെടുത്ത് തുറന്നുവരുന്ന വിന്‍ഡോയില്‍ 'Esay Apply' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങളുടെ ഇമെയില്‍ ഐ.ഡി., ഫോണ്‍ നമ്പര്‍, റെസ്യൂം എന്നിവ നല്‍കി ജോലിക്ക് അപേക്ഷിക്കാം. ഇതുകൂടാതെ 'ജോബ്‌സ്' പേജിന് മുകളില്‍ താത്പര്യമുള്ള തൊഴില്‍ തിരയുന്നതിനായുള്ള സൗകര്യവുമുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലും ലിങ്ക്ഡ് ഇന്‍ സേവനങ്ങള്‍ ലഭ്യമാണ്. പ്രൊഫൈലില്‍ പുതിയ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കുക. കൂടാതെ പ്രൊഫഷണലുകളുമായും മറ്റ് അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കം സൂക്ഷിക്കാനും ശ്രമിക്കുക. തൊഴില്‍ദാതാക്കള്‍ക്ക് മുന്നിലെത്തുന്ന ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ നിങ്ങളുടെ പ്രൊഫൈലിന് ഇടം ലഭിക്കണമെങ്കില്‍ അത് അത്യാവശ്യമാണ്.