മൈ ബോസ് എന്ന ചിത്രത്തില്‍ ചീഫിന്റെ ചീത്തയും ആക്ഷേപവും ക്ഷമയോടെ കേട്ട് ബാത്‌റൂമില്‍ പോയി ഉറക്കെ തെറിവിളിക്കുന്ന കലാഭവന്‍ ഷാജോണിനെ നാം മറന്നിട്ടുണ്ടാവില്ല. ചീഫിന്റെ ചീത്തയുടെ ആഘാതം കുറയ്ക്കാന്‍ ആരും കേള്‍ക്കാതെ തെറി വിളിച്ച് കൂളായി ഇറങ്ങിപ്പോരുമ്പോള്‍ ആഹാ മനസ് എത്ര ശാന്തം. തിയറ്ററില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുവെങ്കിലും ചിലരെങ്കിലും സ്വന്തം കാര്യം ഓര്‍ത്ത് കാണും.
ജോലിസ്ഥലത്ത് മിക്കവരും നേരിടുന്ന വെല്ലുവിളിയാണ് മാനസിക സമ്മര്‍ദം. ചിലര്‍ വളരെ എളുപ്പത്തിലും ലാഘവത്തോടെ കാര്യങ്ങളെ നോക്കിക്കാണുമ്പോള്‍ ചിലര്‍ക്ക് സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സാധിക്കാതെ വരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനടിക്കുന്നതാണ് നിങ്ങളുടെ സ്വഭാവമെങ്കില്‍ കരിയറില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും പ്രതിസന്ധികള്‍ വന്നുകൊണ്ടേയിരിക്കും. ഏകാഗ്രത നഷ്ടപ്പെടുന്നതോടൊപ്പം ആരോഗ്യവും ആത്മവിശ്വാസവും നഷ്ടപ്പെടുന്നതിനും സമ്മര്‍ദം പ്രധാന കാരണമാണ്.
സമ്മര്‍ദമേറുമ്പോള്‍ ശരീരവും പ്രതികരിക്കാന്‍ ആരംഭിക്കുന്നു. അമിതമായ സങ്കടം, ദേഷ്യം,വിഷാദം, കാരണമില്ലാതെ കരയല്‍,വിട്ടുമാറാത്ത തലവേദന, ഉദരസംബന്ധ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, നെഞ്ച് വേദന, ഉറക്കമില്ലായ്മ എന്നിവയെല്ലാം ജോലിസമ്മര്‍ദമനുഭവിക്കുന്നവരില്‍ സ്ഥിരമാണ്. പുതിയകാലഘട്ടത്തില്‍ വിഷാദരോഗം പോലുള്ള മാനസിക രോഗങ്ങള്‍ക്ക് പ്രധാന കാരണമായി വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും ജോലി സമ്മര്‍ദത്തെയാണ്. സാവധാനം ജോലിയോടുള്ള താത്പര്യം കുറയുകയും, മദ്യം പോലുള്ള ലഹരികള്‍ക്ക് അടിമകളാവുന്നതും പതിവ് കാഴ്ചയാണ്. മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരില്‍ 65% പേരും തൊഴില്‍ മേഖലയില്‍ നിന്നാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
സമ്മര്‍ദത്തിന് ഇവയും കാരണങ്ങളാവാം
- കുറഞ്ഞ ശമ്പളം
- കൂടുതല്‍ ജോലിഭാരം
- കരിയര്‍ വളര്‍ച്ചക്ക് അവസരം ലഭിക്കാതിരിക്കല്‍
- ജോലിയോടുളള വിമുഖത
- സഹകരണമില്ലായ്മ
- ജോലി നഷ്ടപ്പെടുമെന്ന ഭയം
- ജോലി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതിരിക്കുക
- പ്രതീക്ഷിച്ച പെര്‍ഫോമന്‍സ് ഇല്ലാതിരിക്കുമ്പോള്‍
- ജോലി സ്ഥലത്തെ സൗഹൃദങ്ങളുടെ അഭാവം
നാം സന്തോഷിക്കുന്നുണ്ടെങ്കിലും സങ്കടപ്പെടുന്നുണ്ടെങ്കിലും അതിനുകാരണം മറ്റുള്ളവരല്ല. നാം മാത്രമാണ്. അതുകൊണ്ട് തന്നെ നിങ്ങളെ സ്വസ്ഥരായി ഇരുത്തേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. സാഹചര്യങ്ങളെയോ മറ്റുള്ളവരെയോ പഴിക്കുന്നതിനേക്കാള്‍ സ്വയം മാറുക അഥവാ ചിന്താരീതികളും പ്രവര്‍ത്തികളും മാറ്റുക എന്നതാണ് സമ്മര്‍ദങ്ങളെ അതിജീവിക്കുവാനുള്ള ആദ്യപടി.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തൊഴില്‍ സമ്മര്‍ദം നിയന്ത്രിക്കാം
കാരണം സ്വയം തിരിച്ചറിയാം
ഒരാഴ്ച സ്വയം ഒന്ന് നിരീക്ഷിച്ചാലോ? ഒരു പേപ്പര്‍ കയ്യില്‍ കരുതാം. ഓരോദിവസവും വിലയിരുത്തുക. എപ്പോഴാണ് നിങ്ങള്‍ സമ്മര്‍ദമനുഭവിക്കുന്നതെന്ന് നിരീക്ഷിച്ച് കാരണങ്ങള്‍ എഴുതി വെയ്ക്കാം. നിങ്ങള്‍ അതിനോട് പ്രതികരിച്ച രീതിയും എഴുതാം. പിന്നീട് സമാന സാഹചര്യത്തില്‍ ഇതേ രീതിയില്‍ പ്രതികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. അനാവശ്യമായി ആലോചിച്ച് പ്രശ്‌നങ്ങള്‍ പെരുപ്പിക്കാതിരിക്കാം
ജോലിക്കും വേണം അടുക്കും ചിട്ടയും
സമയക്രമീകരണം എല്ലായിടത്തേയും പോലെ ജോലി സ്ഥലത്തും വേണം. ജോലിക്കിടയില്‍ കൃത്യമായ ഇടവേളകള്‍ എടുക്കാം. ദിവസവും പ്രാധാന്യമനുസരിച്ച് ജോലികളെ തരം തിരിച്ച് ലിസ്റ്റ് ഉണ്ടാക്കുക. ഇവ ടാസ്‌കുകള്‍ കൃത്യസമയത്ത് തീര്‍ക്കുന്നതിന് സഹായിക്കുന്നു. മുന്‍ഗണന ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കരിയര്‍ ഗോളിന് ഏറ്റവും അത്യാവശ്യം ഉള്ളതായിരിക്കണം ലിസ്റ്റില്‍ ആദ്യം ഉണ്ടാവേണ്ടത്. ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ എല്ലാം പ്രാധാന്യമുള്ളതായി തോന്നാം. അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ കരിയറില്‍ ഏറ്റവും സ്വാധീനം ചെലുത്തിയേക്കാവുന്ന ജോലികള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.
ഏത് ജോലിക്കും കൃത്യമായ ഡെഡ്‌ലൈന്‍ വെയ്ക്കാം.അത് പാലിക്കുകയും വേണം. ഇനി ചെയ്യാന്‍ ബാക്കിയുള്ള ജോലികളും അതിനെടുക്കാവുന്ന ഏകദേശ സമയം കൂടി നോട്ട് ചെയ്‌തോളൂ. കരിയര്‍ കലണ്ടര്‍ ഉണ്ടാക്കി കൃത്യമായി പിന്തുടരുക. ഒരു വര്‍ഷം ചെയ്ത് തീര്‍ക്കേണ്ടതും എത്തി തീരേണ്ടതുമായ ലക്ഷ്യങ്ങളും എടുക്കുന്ന സമയവും മുന്‍കൂട്ടി കാണാം.
അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാം. തെറ്റു വരുത്തുന്നതിലും നല്ലത് അതല്ലേ. ചെയ്ത് തീര്‍ക്കാന്‍ സാധിക്കില്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കാം.
പോസിറ്റീവ് ബന്ധങ്ങളുണ്ടാക്കാം
നല്ല സൗഹൃദങ്ങള്‍ ജോലി സ്ഥലത്തും സൂക്ഷിക്കുക. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ആരോഗ്യപരമായ സൗഹൃദങ്ങള്‍ സഹായകമാണ്. എന്നാല്‍ ചില ആളുകളുമായുള്ള സമ്പര്‍ക്കം നമ്മെ മാനസികമായി തളര്‍ത്തുന്നതാവാം. അത്തരക്കാരെ പരമാവധി ഒഴിവാക്കാം. ജോലിക്കിടയില്‍ സോഷ്യല്‍ മീഡിയയ്ക്ക് വിശ്രമം നല്‍കാം. അനാവശ്യമായ ഗ്രൂപ്പുകളും കമ്യൂണിറ്റികളും നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുക മാത്രമല്ല അനാവശ്യ പ്രതിസന്ധികളിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു
വ്യായാമം
ദിവസേന ഉളള വ്യായാമം ശരീരത്തെ മാത്രമല്ല മനസിനെയും ആരോഗ്യപൂര്‍ണമാക്കാന്‍ സഹായിക്കുന്നു. വികാരവിക്ഷോഭങ്ങളെ നിയന്ത്രിച്ച് ലക്ഷ്യത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും വ്യായാമം സഹായിക്കുന്നു. ദിവസേന 30 മിനിറ്റെങ്കിലും വ്യായാമം ശീലമാക്കാം. ജോലിയില്‍ അമിതഭാരം തോന്നുന്ന ദിവസം വെറുതെ നടക്കാനിറങ്ങി നോക്കൂ... മനസ് ഫ്രീയായി പറക്കുന്നത് അനുഭവിച്ചറിയാം. ജോലിസ്ഥലത്തെ തുടര്‍ച്ചയായ ഇരുത്തം മടുപ്പുണ്ടാക്കും. ഇടയ്ക്ക് അല്‍പം നടക്കുകയോ ശരീരത്തിന് ആയാസം നല്‍കുകയോ ചെയ്യാം
പോഷകസമ്പുഷ്ടമായ ആഹാരം ശീലമാക്കാം
ശരീരത്തില്‍ പോഷകാഹാരത്തിന്റെ അളവ് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം. പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ഊര്‍ജനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കും. ഒമേഗ3 ആസിഡ് അടങ്ങിയ ഭക്ഷണം ആഹാരരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വികാരവിക്ഷോഭങ്ങളെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു. ഫാസ്റ്റ് ,ജങ്ക് ഫുഡുകള്‍, ചീസ്, ചുവന്ന മാംസം പരമാവധി ഒഴിവാക്കാം. മാംസാഹാരം കുറച്ച് പച്ചക്കറികളും പഴ വര്‍ഗങ്ങളും ശീലമാക്കാം. ശരീരത്തിന് ഊര്‍ജം പകരാന്‍ ഇവ അത്യന്താപേക്ഷിതമാണ്. ചായ,കാപ്പി, സോഫ്റ്റ ഡ്ര്ിങ്ക്‌സ് എന്നിവ പരമാവധി കുറയ്ക്കാം.ആഹാരം കഴിക്കാതെ ജോലി ചെയ്യരുത്. ഇടക്കിടെ വെള്ളം കുടിക്കാം
നന്നായി ഉറങ്ങുക
ദിവസേന ശരാശരി ഏഴ്-എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. നാല് മണിക്കൂര്‍ പോലും ഉറങ്ങന്‍ സമയമില്ലാത്തവരാണ് നമ്മളില്‍ പലരും. ഇത് ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. എന്ന് കരുതി വാരാന്ത്യത്തില്‍ കൂടുതല്‍ സമയം ഉറങ്ങിക്കളയരുത്. ഇതും ആരോഗ്യത്തിന് ദോഷം ചെയ്യും
കാര്യങ്ങളെ പോസിറ്റീവ് ചിന്താഗതിയോടെ നോക്കിക്കാണുക എന്നതാണ് ഏറ്റവും പ്രധാനം. തെറ്റുകള്‍ പറ്റാം, പതറാതിരിക്കുക. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍കൊണ്ട്, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം. സമ്മര്‍ദമുണ്ടാക്കുന്നതില്‍ നിങ്ങളുടെ പരിധിയിലല്ലാത്ത ചിലകാര്യങ്ങളുണ്ട്. നിങ്ങള്‍ക്ക് നിയന്ത്രിക്കാവുന്ന കാര്യങ്ങളും ഉണ്ട്. അനാവശ്യമായ ദേഷ്യം, സങ്കടം, തൊഴിലിടത്തിലെ മനോഭാവം, ജോലിയോട് ആത്മാര്‍ത്ഥത, മറ്റുള്ളവരോട് നാം ഇടപെടുന്ന രീതി, പരിശ്രമം ഇവയെല്ലാം ഇതില്‍ പെടും.