അഭിമുഖത്തില്‍ ശമ്പളം ചോദിക്കാമോ ? ഏത് വസ്ത്രം ധരിക്കണം | Interview | Tips 


ഭാഗ്യശ്രീ

'First impression is the best impression' എന്നാണല്ലോ. ആ ഫസ്റ്റ് ഇംപ്രഷന്‍ ശരിയാക്കാന്‍ ഇനി പറയുന്ന പൊതുകാര്യങ്ങള്‍ നിങ്ങളെ സഹായിക്കും

Representational Image | Photo: canva.com

ത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭൂരിഭാഗം പേര്‍ക്കും അഭിമുഖം ഒരു പേടി സ്വപ്നമാണ്. സിവില്‍ സര്‍വീസ് പോലുള്ള മത്സരപരീക്ഷകളില്‍ അഭിമുഖങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം പറയേണ്ടതില്ലല്ലോ. ചിട്ടയായ പരിശീലനവും തയ്യാറെടുപ്പും ഉണ്ടങ്കില്‍ അഭിമുഖം അത്ര ബാലികേറാമലയല്ല. ഒരാളുടെ വ്യക്തിത്വവും വൈജ്ഞാനികതയും അല്‍പനേരം കൊണ്ട് അളക്കുന്ന പ്രക്രിയയാണ് അഭിമുഖം. അതുകൊണ്ട് തന്നെ കൃത്യമായ കാഴ്ചപ്പാടോ തയ്യാറെടുപ്പോ ഇല്ലാതെ അഭിമുഖങ്ങളില്‍ പങ്കെടുക്കരുത്. മറ്റൊരാള്‍ക്ക് മുന്നില്‍ നിങ്ങളെ വേണ്ട വിധം പരിചയപ്പെടുത്താനോ അവതരിപ്പിക്കാനോ സാധിക്കുന്നില്ല എന്നത് ആത്മവിശ്വാസക്കുറവിന്റെ ഏറ്റവും വലിയ ലക്ഷണമാണ്.

ജോലികളുടെ സ്വഭാവവും, മേഖലയുമനുസരിച്ച് അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ട്. എന്നാല്‍, എല്ലാ അഭിമുഖങ്ങളിലും പൊതുവായി കാണുന്ന ചില ചോദ്യങ്ങളും രീതികളുമുണ്ട്. 'First impression is the best impression' എന്നാണല്ലോ. ആ ഫസ്റ്റ് ഇംപ്രഷന്‍ ശരിയാക്കാന്‍ ഇനി പറയുന്ന പൊതുകാര്യങ്ങള്‍ നിങ്ങളെ സഹായിക്കും. ഏത് പരിപാടിയും പോലെ നന്നായി തയ്യാറെടുത്തില്ലെങ്കില്‍ ഇവിടെയും പണിപാളും. വിഷയത്തിലോ ജോലി സംബന്ധമായി ചോദിക്കാവുന്നതോ ആയ കാര്യങ്ങള്‍ മുക്കും മൂലയും അരിച്ച് പെറുക്കി നോക്കണം. നിങ്ങളേത് ജോലിക്കാണ് അപേക്ഷിക്കുന്നത് എന്നതനുസരിച്ചുള്ള 'സ്‌പെസിഫിക് ' തയ്യാറെടുപ്പും നടത്തണം.പോസ്റ്റ് നിങ്ങളെ പോസ്റ്റ് ആക്കാതിരിക്കാന്‍

നിങ്ങള്‍ ഏത് പോസ്റ്റിലേക്കാണ് അപേക്ഷിച്ചിരിക്കുന്നത് എന്നതനുസരിച്ചാവണം അഭിമുഖത്തിനുള്ള തയ്യാറെടുപ്പ്. അതനുസരിച്ച് മാത്രം ബയോഡാറ്റ തയ്യാറാക്കുക. ആ ജോലിക്കാവശ്യമായ യോഗ്യത, അറിവ്, പ്രായോഗിക കഴിവ്, നിങ്ങള്‍ക്കുള്ള ഗുണങ്ങള്‍ എന്നിവയടങ്ങിയ ഒരു ലിസ്റ്റ് തയ്യാറാക്കി ഓരോന്നും വ്യക്തമായി പഠിക്കുക. ഒപ്പം ഏത് തരം ജോലിക്കാരെയാണ് കമ്പനിക്ക് ആവശ്യം എന്നും ജോബ് ഡിസ്‌ക്രിപ്ഷന്‍ നോക്കി മനസ്സിലാക്കണം. മുന്‍ പരിചയമുള്ളവര്‍ ആ മേഖലയില്‍ നിങ്ങളുടെ നേട്ടങ്ങളും നേരിട്ട വെല്ലുവിളികളും ഓര്‍ത്ത് വെയ്ക്കുന്നത് നന്നായിരിക്കും. ജോലിക്ക് വേണ്ട ഗുണങ്ങളും നിങ്ങളുടെ കഴിവുകളും അറിവും താത്പര്യവും വെച്ച് താരതമ്യം ചെയ്യുക. ഒത്തു പോവുന്നുവെങ്കില്‍ അടുത്ത പടിയിലേക്ക് കടക്കാം

സ്ഥാപനത്തെക്കുറിച്ചറിയണം, സ്ഥാപനമെന്താണെന്നറിയണം

നിങ്ങള്‍ ജോലിക്ക് അപേക്ഷ നല്‍കിയ സ്ഥാപനത്തെ നന്നായി പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി സ്ഥാപനത്തെ കൂടി പരിഗണിച്ചാവണം നല്‍കേണ്ടത്. കമ്പനി വെബ്‌സൈറ്റിലെ 'About us' എന്ന ഭാഗം ഇതിന് നിങ്ങളെ സഹായിക്കും. കമ്പനിയെ കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം ശേഖരിക്കുന്നതും ക്ലൈന്റുകളുടെ പ്രതികരണം പരിശോധിക്കുന്നതും നന്നായിരിക്കും. സോഷ്യല്‍ മീഡിയയും ലിങ്ക്ഡ് ഇന്‍ പോലുള്ള സൈറ്റുകളും ഇതിനായി ഉപയോഗിക്കാം

പണി കിട്ടിയാലും ഇല്ലെങ്കിലും 'ബി പോസിറ്റീവ്'

അഭിമുഖത്തിന് പോവുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത്, നിങ്ങളൊരു 'പ്രൊഡക്ടാ'ണെന്ന കാര്യമാണ്. ഇത്രപേര്‍ക്കിടയില്‍ നിന്ന് എന്തുകൊണ്ട് 'ഞാന്‍' തെരഞ്ഞെടുക്കപ്പെടണമെന്ന് ബോധ്യപ്പെടുത്തുന്നതാവണം നിങ്ങളുടെ പ്രൊഫൈല്‍. അതായത് നിങ്ങളുടെ പോസിറ്റീവ് കാര്യമേതാണോ അതാണ് നിങ്ങളുടെ സെല്ലിങ് പോയിന്റ്. എന്നു കരുതി ഇല്ലാത്ത ഗുണങ്ങള്‍ ഊതിവീര്‍പ്പിക്കാന്‍ നിന്നാല്‍ പണി എപ്പോള്‍ കിട്ടിയെന്ന് ചോദിച്ചാല്‍ മതി.

എന്തുകൊണ്ട് ഈ ജോലി, എന്തുകൊണ്ട് ഞാന്‍, വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയം, എല്ലാം കൃത്യമായും വ്യക്തമായും പറയാന്‍ സാധിക്കണം. കള്ളം പറയരുത്. അമിത ആത്മവിശ്വാസവുമരുത്. നിങ്ങള്‍ ശരിക്കും ഈ ജോലി ആഗ്രഹിക്കുന്നുവെന്ന് അഭിമുഖം നടത്തുന്നവര്‍ക്ക് മനസിലായിട്ടില്ലെങ്കില്‍ എത്ര എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടും കാര്യമില്ല. ആ ജോലി പ്രതീക്ഷിക്കണ്ട

ബയോഡേറ്റ സെല്‍ഫ് ഗോളാകരുത്

ഏത് ജോലിക്കുള്ള അഭിമുഖമായാലും ബയോഡാറ്റ വ്യക്തമായി പഠിക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും ഉദ്യോഗാര്‍ഥി സ്വയം കുഴിക്കുന്ന കുഴിയായി അവ മാറാറുണ്ട്. വിനോദം, യോഗ്യതകള്‍ ഇവ സത്യസന്ധമായി മാത്രം നല്‍കുക. ബോര്‍ഡ് ബയോഡാറ്റയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ ഇത് സഹായിക്കും. ബന്ധപ്പെട്ട് ചെയ്തിട്ടുള്ള വര്‍ക്കുകള്‍ എന്നിവ കൂടി മറ്റൊരു ഫയലാക്കി 'പോര്‍ട്ട് ഫോളിയോ ' രൂപത്തില്‍ കയ്യിലെടുക്കാം. ആവശ്യപ്പെട്ടാല്‍ കാണിക്കാം.

ഇനിയും പേടിയാണോ? മോക്ക് ഇന്റര്‍വ്യൂ ഇല്ലേ?

ആത്മവിശ്വാസത്തോടെ വ്യക്തമായി ഒരു കാര്യം മറ്റൊരാള്‍ക്ക് മുന്നില്‍ പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ..പേടിക്കേണ്ട. പ്രാക്ടീസിലൂടെ മറികടക്കാമെന്നേ. അഭിമുഖത്തിന് പോകുന്നതിന് മുമ്പ് പല തവണ സുഹൃത്തുക്കളുടെ സഹായത്തോടെയോ സ്വന്തമായോ പരിശീലിക്കാം. മോക്ക് ഇന്റര്‍വ്യൂകള്‍ നല്‍കുന്ന ധാരാളം കോച്ചിങ് സ്ഥാപനങ്ങള്‍ ഇന്നുണ്ട്. പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍ സ്വയം തയ്യാറാക്കി കണ്ണാടിക്ക് മുന്നിലോ ക്യാമറയില്‍ റെക്കോഡ് ചെയ്‌തോ സ്വയം വിലയിരുത്തുകയുമാവാം.

വേണം ശ്രദ്ധ വസ്ത്രത്തിലും

അഭിമുഖത്തില്‍ ഒരാളെ വിലയിരുത്തുന്നതില്‍ പ്രധാനപ്പെട്ട ഘടകമായി വസ്ത്രധാരണം കണക്കാക്കുന്നു (ടീഷര്‍ട്ടിട്ട് സിവില്‍ സര്‍വീസ് അഭിമുഖത്തിന് പോവുകയും മികച്ച റാങ്കോടെ ഐ.എ.എസ് കിട്ടിയവരുമുണ്ടെങ്കിലും). വിലകൂടിയ വസ്ത്രം എന്നല്ല, വൃത്തിയായി ലളിതമായ വസ്ത്രം ധരിക്കുക എന്നതിനാണ് പ്രാമുഖ്യം. നിറത്തിലും ഫാഷനിലും ഒരല്‍പം മിതത്വമാകാം. കടും നിറങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. അമിതമായി അയഞ്ഞ വസ്ത്രമോ അമിതമായി ഇറുകിയതോ ആയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാം. വസ്ത്രം ആത്മവിശ്വാസത്തിന്റെ കൂടി ഭാഗമായതിനാല്‍ റിസ്‌കെടുക്കാതിരിക്കുകയല്ലേ നല്ലത്? കറുപ്പ്, വെള്ള, നീല തുടങ്ങിയ നിറങ്ങളാണ് പൊതുവില്‍ അഭിമുഖങ്ങള്‍ക്ക് അനുയോജ്യമായ നിറങ്ങളായി പരിഗണിക്കുന്നത്. ഓറഞ്ചു പോലുള്ള നിറങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ അഭിമുഖത്തിന് തയ്യാറാവുന്ന ജോലിയുടെ സ്വഭാവം കൂടി പരിഗണിക്കാവുന്നതാണ്. പുരുഷന്‍മാര്‍ ഫോര്‍മല്‍ വസ്ത്രങ്ങള്‍ ധരിക്കണം

മേക്കപ്പ് എന്താ ഇഷ്ടമല്ലേ, ഡോണ്ട് ദെ ലൈക്ക് ?

പുതിയ കാലത്ത് മേക്കപ്പ് അത്ര മോശം കാര്യമൊന്നുമല്ല. അങ്ങനെയാണെങ്കില്‍ അഭിമുഖത്തിന് ലേശം ഒരുങ്ങീന്ന് വെച്ച് എന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല, ഒരുങ്ങാം. ഒരു വഴിക്കിറങ്ങുമ്പോള്‍ ആഹാ നന്നായിട്ടുണ്ടല്ലോ എന്നൊരു കോംപ്ലിമെന്റില്‍ നിന്ന് കിട്ടുന്ന കോണ്‍ഫിഡന്‍സ് ഒരുപക്ഷേ ആ ദിവസം മുഴുവന്‍ നില്‍ക്കും. അവനവനെ നന്നായി അവതരിപ്പിക്കുന്നതില്‍ ഒരുക്കത്തിനും പങ്കുണ്ട്‌. എന്നു കരുതി ആഘോഷപരിപാടികള്‍ക്കിറങ്ങുന്നത് പോലെ അഭിമുഖത്തിന് ഒരുങ്ങിയിറങ്ങുന്നത് ഉചിതമായിരിക്കില്ല. ലിപ്സ്റ്റികിനും നെയില്‍ പോളിഷിനും ചെരുപ്പിനും ഇളം നിറങ്ങള്‍ ഉപയോഗിക്കാം. ഹൈ ഹീല്‍സോ തിളക്കമുള്ളതോ ആയ ചെരിപ്പുകളും പരമാവധി ഒഴിവാക്കാം. നഖവും മുടിയും ഏറ്റവും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക. ഏത് ക്ഷീണിച്ച സമയത്തും മുടിയൊന്ന് ചീകി ഒതുക്കി വെച്ചാല്‍ നല്ല ഫ്രഷ്‌നസ് ഫീല്‍ ചെയ്യും. നിങ്ങളേത് ബ്രാന്റ് ഉപയോഗിക്കുന്നു എന്നല്ല എത്ര വൃത്തിയായി അത് ധരിക്കുന്നു എന്നതിലാണ് കാര്യം.

'വാ' തുറന്നാലും ഇല്ലേലും 'ബോഡി' സംസാരിക്കും

നിങ്ങളുടെ വായ സംസാരിക്കാത്തിടത്ത് ശരീരം സംസാരിക്കുന്നുണ്ടെന്ന് അറിയുക. മുഖത്തിന്റെയോ ശരീരത്തിന്റെയോ ചെറുചലനങ്ങള്‍ പോലും ശ്രദ്ധയോടെ വീക്ഷിക്കപ്പെടാം. മാന്യമായ ഹസ്തദാനത്തിന് നമ്മുടെ കരുത്തും ആത്മവിശ്വാസവും മനസിലാക്കിക്കൊടുക്കാന്‍ സാധിക്കും. കണ്ണില്‍ നോക്കി സംസാരിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ സൂചിപ്പിക്കും. എന്നു കരുതി അഭിമുഖത്തിനെത്തിയ എല്ലാ നേരവും കണ്ണില്‍ നോക്കി ഇരിക്കേണ്ടതില്ല.

പണി കിട്ടണോ? സമയത്തിനെത്തണം

അഭിമുഖം നിശ്ചയിച്ചിരിക്കുന്നതിന് മുപ്പത് മിനിറ്റ് മുന്‍പെങ്കിലും അഭിമുഖ സ്ഥലത്ത് എത്തുന്നത് ഉദ്യോഗാര്‍ഥിയുടെ കൃത്യനിഷ്ഠ സൂചിപ്പിക്കുന്നു. മാത്രമല്ല ഇത് ഉദ്യോഗാര്‍ഥിയുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കും. വൈകി എത്തുക എന്നത് നിങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യ നെഗറ്റീവ് മാര്‍ക്ക് ആയിരിക്കും. അഭിമുഖം നടക്കുന്ന സ്ഥലത്തെക്കുറിച്ചും എത്താനുള്ള മാര്‍ഗത്തെക്കുറിച്ചും നേരത്തെ അറിഞ്ഞു വെയ്ക്കുക

ഇടയില്‍ക്കയറണ്ട, ക്ഷമയാണ് ആയുധം

നല്ല കേള്‍വിക്കാരനാവുക എന്നതാണ് ക്ഷമാശീലത്തിന്റെ ആദ്യ പടി. പരസ്പര ബഹുമാനം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. സംസാരിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുക. ഇടയില്‍ കയറാതിരിക്കുക. അറിയാത്ത കാര്യങ്ങള്‍ കേട്ട് അറിയാമെന്ന ഭാവത്തില്‍ തലകുലുക്കുന്നതും നെഗറ്റീവ് ഇംപ്രഷനാണ് നല്‍കുക. ചോദിക്കുന്ന ചോദ്യങ്ങള്‍ ക്ഷമയോടെ കേട്ട് ആലോചിച്ച് ഉത്തരങ്ങള്‍ നല്‍കുക. അറിയാത്തവയ്ക്ക് തെറ്റായ ഉത്തരങ്ങള്‍ പറയുന്നതിലും നല്ലത് അറിയില്ലെന്ന് വിനയത്തോടെ പറയുന്നതാണ്.

മൊബൈല്‍ ഫോണ്‍ വില്ലനാവാതെ നോക്കണം

അഭിമുഖ സമയത്ത് ഫോണ്‍ പരമാവധി ബാഗിലിരിക്കട്ടെ. കാത്തിരിപ്പ് നീളുമ്പോള്‍ ബോറടി മാറ്റാന്‍ ഇയര്‍ഫോണ്‍ വെച്ച് രണ്ട് പാട്ടൊക്കെ കേട്ടുകളയാമെന്ന് കരുതിയെങ്കില്‍ തെറ്റി. അഭിമുഖത്തിനായി കാത്തിരിക്കുമ്പോള്‍ ഹെഡ് ഫോണുകള്‍ ഉപയോഗിക്കാതിരിക്കലാവും ഉചിതം. ഇടയ്ക്ക് വരുന്ന കോളുകളോ മെസേജുകളോ നമ്മെ ഏതെങ്കിലും വിധത്തില്‍ അലട്ടുന്നതാണെങ്കില്‍ അത് നിങ്ങളുടെ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കും. അഭിമുഖം കഴിയും വരെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുന്നതാവും നല്ലത്. സൈലന്റ് മോഡിലിടുമ്പോള്‍ കോള്‍ എടുത്തില്ലെങ്കിലും എന്തിനാവും വിളിച്ചതെന്ന ചോദ്യം സ്വാഭാവികമായും നമ്മെ അലട്ടിക്കൊണ്ടേ ഇരിക്കും.

അകത്ത് കയറുമ്പോള്‍ മാത്രമല്ല, പുറത്തും മാന്യതയാവാം

പല കമ്പനികളും വെയ്റ്റിങ് റൂമിലെ നമ്മുടെ പെരുമാറ്റം കൂടി സൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്ന് ജോലി നല്‍കുക. ഉദ്യോഗാര്‍ഥിയുടെ സ്വാഭാവിക പെരുമാറ്റം പ്രതിഫലിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് കമ്പനി ഈ രീതി അവലംബിക്കുന്നത്. ശരിയായ രീതിയില്‍ അഭിവാദനം ചെയ്യല്‍ പ്രധാന ഘടകമാണ്. നന്ദി പറയാനും ആവശ്യമെങ്കില്‍ ക്ഷമ ചോദിക്കാനും മടിക്കരുത്. മാന്യമായ വിനയപൂര്‍വമുള്ള പെരുമാറ്റമാണ് നിങ്ങളെ വിജയിത്തിലെത്തിക്കുക.

ചാഞ്ഞും ചെരിഞ്ഞുമല്ല, നട്ടെല്ല് നിവര്‍ത്തിയങ്ങിരിക്കണം

ഇരിക്കാന്‍ പറഞ്ഞതിന് ശേഷം മാത്രം ഇരിക്കുക. നന്ദി പറയാന്‍ മടിക്കരുത്. ഇരിക്കുമ്പോള്‍ ശബ്ദമുണ്ടാവാതെ കസേര നീക്കാതെ ഇരിക്കുക. സര്‍ട്ടിഫിക്കേറ്റ് അടങ്ങിയ ഫയല്‍ മടിയില്‍ വെച്ച്നി വര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. അല്‍പം മുന്നോട്ടാഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് വിഷയത്തിലുള്ള താത്പര്യത്തെ സൂചിപ്പിക്കുന്നു. കസേരയില്‍ പിന്നിലേക്ക് ചാഞ്ഞോ ചാരിയോ ഇരിക്കരുത്. കൈ ടേബിളിന് മുകളില്‍ വെക്കുമ്പോള്‍ അലക്ഷ്യമായി വെയ്ക്കാതിരിക്കുക. ഫയല്‍ ടേബിളില്‍ വെക്കരുത്. കര്‍ച്ചീഫ്, മൊബൈല്‍ പോലുള്ളവ കയ്യില്‍ നിന്ന് ഒഴിവാക്കാം.

വീഡിയോ അഭിമുഖത്തിനും ബാധകം

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് അഭിമുഖത്തിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്. തീര്‍ത്തും ഫോര്‍മലാവുക. അവിടെ കാണത്തക്ക വിധം മറ്റൊന്നുമില്ലെന്ന് ഉറപ്പു വരുത്തുക (ഉദാ. വസ്ത്രങ്ങള്‍) . ഇരിക്കുന്ന സ്ഥലത്തെ നെറ്റ് വര്‍ക്ക് ലഭ്യത നേരത്തെ പരിശോധിക്കുക. ഇടയ്ക്ക് തടസം നേരിട്ടാലോ കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കിലോ കൃത്യമായി അറിയിക്കുക.

ഏത് ചോദ്യമായാലും സത്യസന്ധമായി ഉത്തരം നല്‍കുക എന്നതാണ് പ്രധാനം. കാടടച്ചു വെടിവെയ്ക്കാതെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ ശ്രമിക്കുക. അറിയാത്തവ അറിയില്ലെന്ന് പറയാം. തെറ്റുത്തരങ്ങള്‍ നല്‍കുന്നതിലും നല്ലത് സത്യസന്ധതയാണ്. അതെ അല്ലെങ്കില്‍ അല്ല എന്നതിന് പകരം ചെറിയ വാചകങ്ങളില്‍ ഉത്തരം നല്‍കാന്‍ ശ്രദ്ധിക്കുക

അഭിമുഖങ്ങളില്‍ സാധാരണയായി ചോദിക്കാറുള്ള ചില മേഖലകള്‍ ഇതാ;

ഞങ്ങള്‍ നിങ്ങളെ എന്തിന് ജോലിക്കെടുക്കണം: മിക്ക അഭിമുഖങ്ങളിലും ചോദിക്കുന്ന ചോദ്യമാണിത്. ഇവിടെ ജോലിക്കായി നിങ്ങള്‍ക്കുള്ളതും അവര്‍ക്കു വേണ്ടതുമായ കഴിവുകളെ ഉയര്‍ത്തിക്കാട്ടാം. അത് സ്വയം പുകഴ്ത്തലാകാതിരിക്കാനും ശ്രദ്ധിക്കണം. മുന്‍കാല പരിചയമുണ്ടെങ്കില്‍ അതും പറയാമല്ലോ

നിങ്ങളെക്കുറിച്ച് : ഏത് അഭിമുഖത്തിലും ആവര്‍ത്തിച്ച് വരുന്ന ഒരു ചോദ്യമാണ് 'നിങ്ങളെക്കുറിച്ച് പറയുക 'എന്നത്. പലരെയും കുഴപ്പിക്കുന്ന ഭാഗവും ഇത് തന്നെ. കാരണം വരാനിരിക്കുന്ന ബാക്കി ചോദ്യങ്ങള്‍ മിക്കതും. നിങ്ങള്‍ പറഞ്ഞ ' നിങ്ങളെക്കുറിച്ച്' ചുറ്റിപ്പറ്റിയാകും. എന്ത് പറയണം എന്ത് പറയണ്ട എന്ന് കൃത്യമായി പഠിച്ച് മാത്രം ഉത്തരം നല്‍കുക.

യോഗ്യത : നിങ്ങളുടെ തൊഴില്‍ നൈപുണ്യവും കഴിവും പാടവവും പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കാം. ജോലി സംബന്ധമായി നിങ്ങള്‍ക്കുള്ള അറിവ് ഇവിടെ അളക്കപ്പെടും

പശ്ചാത്തലം: നിങ്ങളുടെ ചുറ്റുപാട്, പഠനം, യോഗ്യത, ജോലി ചെയ്തിട്ടുണ്ടോ ഇല്ലയോ, അറിവ്, വിനോദം, താത്പര്യമുള്ള മേഖലകള്‍ ഇവയെല്ലാം ചോദ്യങ്ങളായേക്കാം. ഒപ്പം പുതിയ സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയതിന്റെ കാരണവും ചോദ്യാമാവാം.

മുന്‍ പരിചയം : മുന്‍പരിചയം ഉളളവരാണെങ്കില്‍ ജോലിയുടെ സ്വാഭാവം, എന്ത് കൊണ്ട് നേരത്തെ ഉള്ള ജോലി വിട്ടു, അനുഭവം എന്നിവ ചോദിക്കാം. നേരത്തെ ജോലി ചെയ്ത സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ഉചിതമായിരിക്കില്ല. അത് നിങ്ങളുടെ മനോഭാവത്തെ കൂടിയാണ് കാണിക്കുന്നത്.

ശക്തിയും ദൗര്‍ബല്യവും: നിങ്ങളുടെ ശക്തിയോടൊപ്പം ദൗര്‍ബല്യവും അഭിമുഖത്തിന് ചോദ്യമായേക്കാം. രണ്ടായാലും ആ ജോലിയുമായി ബന്ധപ്പെട്ടതായിരിക്കാന്‍ ശ്രദ്ധിക്കാം. മാനേജ്‌മെന്റ് സ്‌കില്‍, കൃത്യനിഷ്ഠ, കഠിനാധ്വാനം, പോസിറ്റീവ് തിങ്കിങ് ഒക്കെ പറയാം. ദൗര്‍ബല്യങ്ങള്‍ പറയുമ്പോഴും നല്ല ശ്രദ്ധവേണം. ഞാന്‍ നന്നായി മദ്യപിക്കും, പെട്ടെന്ന് ദേഷ്യം വരും, വേഗം കരയും എന്നൊന്നും പറഞ്ഞുകളഞ്ഞേക്കരുത്. പകരം പോസിറ്റീവായ ദൗര്‍ബല്യങ്ങള്‍ പറയാം. ഉദാഹരണത്തിന് ഡെഡ്‌ലൈനിന് മുന്‍പ് ജോലി തീര്‍ത്തില്ലെങ്കില്‍ എനിക്ക് മനസമാധാനം നഷ്ടപ്പെടും, ഈ ജോലിക്ക് ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഉണ്ട്. അത് ചെയ്യാത്തത് എനിക്ക് മോശമായി തോന്നുന്നുണ്ട്. അത് എത്രയും വേഗം ചെയ്യണമെന്നാണ് കരുതുന്നത് തുടങ്ങിയവ

പ്രായോഗിക ചോദ്യങ്ങള്‍ : സാഹചര്യങ്ങളെയും സമ്മര്‍ദങ്ങളെയും ഏത് രീതിയില്‍ അതിജീവിക്കുമെന്നറിയാന്‍ പ്രായോഗിക ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഒരു മോശം സാഹചര്യം വന്നാല്‍ എങ്ങനെ കൈകൈര്യം ചെയ്യുമെന്നറിയാനാണിത്. ചോദ്യം കൃത്യമായി മനസിലാക്കി മാത്രം അത്തരം ചോദ്യങ്ങള്‍ക്കുത്തരം നല്‍കാം. അഭിമുഖത്തിന് തയ്യാറെടുക്കുമ്പോള്‍ സ്വന്തം മേഖലയുമായി ബന്ധപ്പെട്ട് വരുന്ന കേസ് സ്റ്റഡികള്‍ പഠിക്കുന്നത് ഒരു പരിധി വരെ സഹായകമാണ്.

ഐ.ടി പരിജ്ഞാനം : ഐ.ടി പരിജ്ഞാനം അളക്കുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. അടിസ്ഥാന സോഫ്‌ട്വെയറുകള്‍ക്കൊപ്പം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട സോഫ്‌റ്റ്വെയറുകളെക്കുറിച്ചും സാങ്കേതികതകളെക്കുറിച്ചും പുതിയ പരീക്ഷണങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ വരാം.

ശമ്പളം : നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതായി നിങ്ങള്‍ക്ക് അറിയിക്കാം. പുതിയ ആളുകളാണെങ്കില്‍ മുന്‍പരിചയം ഇല്ലാത്തതിനാല്‍ തുക പറയാന്‍ പ്രയാസം തോന്നും. എന്നാല്‍ എന്തെങ്കിലും മതിയെന്നോ നിലവില്‍ മറ്റു കമ്പനികള്‍ അതേ ജോലിക്ക് നല്‍കുന്നതിനേക്കാള്‍ കുറവോ ചോദിക്കുന്നത് നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവില്‍ മതിപ്പും ആത്മവിശ്വാസവുമില്ലെന്ന് പറയുന്നതിന് തുല്യമാണ്. നിങ്ങളിലെ ആത്മവിശ്വാസം, നിങ്ങള്‍ പറയുന്ന ശമ്പളം കമ്പനിക്ക് താങ്ങുന്നതാണോ? എന്നീ രണ്ട് കാര്യങ്ങള്‍ അറിയുന്നതിനാണ് വാസ്തവത്തില്‍ 'ശമ്പളം' ചോദിക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ ഈ രണ്ട് കാര്യങ്ങള്‍ മനസില്‍ കണ്ടാവണം ശമ്പളം പറയുന്നത്. കൃത്യമായ തുക പറയുന്നതിനേക്കാള്‍ ഒരു റേഞ്ച് ( 30000-35000) പറയുന്നതാവും എപ്പോഴും നല്ലത്.

റീലൊക്കേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ? : ജോലി ചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനം മറ്റൊരു സിറ്റിയിലാണെങ്കില്‍ ഉറപ്പായും ഈ ചോദ്യം പ്രതീക്ഷിക്കാം. അല്ലെന്ന് പറഞ്ഞാല്‍ ആ ജോലിയെപ്പറ്റി മറന്നേക്കൂ (വര്‍ക്ക്@ഹോം ഇല്ലെങ്കില്‍). അല്ലെങ്കില്‍ നിങ്ങള്‍ക്ക് സിറ്റി മാറുന്നതില്‍ ബുദ്ധിമുട്ടില്ലെന്നറിയിക്കാം

'എന്തെങ്കിലും ചോദിക്കാനുണ്ടോ' എന്ന് അഭിമുഖങ്ങള്‍ക്കവസാനം ചോദിച്ചാല്‍ തീര്‍ച്ചയായും അവസരം ഉപയോഗപ്പെടുത്താം. ജോലിയുടെ സ്വഭാവത്തെക്കുറിച്ചോ സമയത്തെക്കുറിച്ചോ ആവാം.

തൊഴില്‍മേഖല അറിഞ്ഞ് തയ്യാറെടുക്കാം

നിങ്ങളുടെ തൊഴില്‍മേഖല ഏതാണോ അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേഷനുകള്‍ ഉണ്ടെങ്കില്‍ അക്കാര്യം ഓര്‍ത്ത് വെയ്ക്കണം. ഒപ്പം മുന്‍കാല പ്രവൃത്തി പരിചയം, ശമ്പളം, ജോലിയുടെ സ്വഭാവം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാകണം. ഏതെങ്കിലും സര്‍ട്ടിഫൈഡ് കോഴ്‌സുകളുണ്ടെങ്കില്‍ അവയും പരാമര്‍ശിക്കണം. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പ്രായോഗിക ചോദ്യങ്ങള്‍, സാഹചര്യങ്ങള്‍ നല്‍കി സമയത്തെ ഇടപെടലല്‍ എങ്ങനെയാകുമെന്നതടക്കമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കണം. നേരത്തെ ഉള്ള ജോലിയില്‍ എന്ത് നേടി, ഭാവിയില്‍ എന്ത് പ്രതീക്ഷിക്കുന്നു, പുതിയ ജോലി നോക്കാനുള്ള കാരണം തുടങ്ങിയ ചോദ്യങ്ങളും ഉണ്ടായേക്കാം. ഒപ്പം നിങ്ങളിലെ നേതൃഗുണവും പരിശോധിക്കപ്പെടാം.

Content Highlights: How to prepare for an interview?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented