പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകള്‍ക്കും ഷോര്‍ട്ട് സര്‍വീസ് കമ്മിഷനില്‍ നിന്ന് പെര്‍മനന്റ് കമ്മിഷനിലേക്ക് മാറാനുള്ള അവസരമുണ്ടാകണമെന്ന് സുപ്രിം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍വീസ് കമ്മിഷനില്‍ ഓഫീസര്‍മാരെ നിയമിക്കുന്നത് 10+4 സ്‌കീമിലാണ്. അതായത് ഓഫീസര്‍ക്ക് 10 വര്‍ഷത്തേക്ക് സൈനിക സേവനം നടത്താം. വേണമെങ്കില്‍ നാല് വര്‍ഷത്തേക്ക് സേവനം നീട്ടുകയും ചെയ്യാം. ആവശ്യവും ഒഴിവും പരിഗണിച്ചാണ് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മിഷന്‍ അനുവദിക്കുക. പെര്‍മനന്റ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കല്‍ പ്രായം വരെ സൈനിക സേവനത്തില്‍ തുടരാം. ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ പ്രവേശനം എങ്ങനെയെല്ലാം എന്ന് നോക്കാം. 

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (നോണ്‍ ടെക്‌നിക്കല്‍) 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈ രീതിയില്‍ ഓഫീസര്‍മാരാകാന്‍ അവസരമുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണ അപേക്ഷ ക്ഷണിക്കും. സാധാരണയായി ജൂലായിലും നവംബറിലുമാണ് വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കുക. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുക. യു.പി.എസ്.സി. തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള എഴുത്ത് പരീക്ഷ നടത്തുന്നതും.

ജൂലായിലെ വിജ്ഞാപന പ്രകാരമുള്ള പരീക്ഷ സെപ്റ്റംബറിലും നവംബറിലെ വിജ്ഞാപന പ്രകാരമുള്ള പരീക്ഷ ഫെബ്രുവരിയിലുമാണ് നടത്താറുള്ളത്. ഇതില്‍ വിജയിക്കുന്നവര്‍ക്കായി ഷോര്‍ട്ട് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ അഭിമുഖം ഉണ്ടായിരിക്കും. 

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്‌നിക്കല്‍) 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. വര്‍ഷത്തിലെ ആദ്യത്തെ വിജ്ഞാപനം ജനുവരിയിലും രണ്ടാമത്തെ വിജ്ഞാപനം ജൂലായിലുമാണ് ഉണ്ടാകാറുള്ളത്. 

ഈ വര്‍ഷത്തെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്‌നിക്കല്‍) പ്രവേശനത്തിനുള്ള ആദ്യ വിജ്ഞാപന പ്രകാരം ഫെബ്രുവരി 20 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. വിജ്ഞാപനം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. പുരുഷന്മാര്‍ക്ക് 55 ഒഴിവുകളും സ്ത്രീകള്‍ക്ക് 26 ഒഴിവുകളുമുണ്ട്. 

ഷോര്‍ട്ട് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് വഴിയാണ് തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ ഉണ്ടായിരിക്കില്ല. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എന്‍.സി.സി) 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും. എല്ലാ വര്‍ഷവും ജൂണിലും ഡിസംബറിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും. കുറഞ്ഞത് ബി ഗ്രോഡോടെ എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ (ആര്‍മി) സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (JAG) 

ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ പ്രവേശനം നേടണമെങ്കില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ നിയമത്തില്‍ ബിരുദം ഉണ്ടായിരിക്കണം.

ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന് ഉദ്യോഗാര്‍ഥിക്ക് യോഗ്യതയുണ്ടാകണം. ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ വിജ്ഞാപനം പ്രതീക്ഷിക്കാം. 

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി

ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അര്‍ഹത നേടുന്നവര്‍ക്ക് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം നല്‍കുക. പതിനൊന്ന് മാസത്തോളമായിരിക്കും പരിശീലനം. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഫ്റ്റ്‌നന്റ് റാങ്കില്‍ കമ്മിഷന്‍ ലഭിക്കും.

Content Highlights: Indian army short service commission entry