പൈതൃക പട്ടികയിലുള്ള ഒട്ടേറെ നിര്‍മിതികള്‍ നമുക്കുണ്ട്. അതേപ്പറ്റി നിങ്ങള്‍ക്കറിവുണ്ടോ? കല, സംസ്‌കാരം, പാരമ്പര്യതൊഴില്‍, ഉത്സവങ്ങള്‍ എന്നിവയെക്കുറിച്ച് ധാരണയുണ്ടോ? ഇതൊക്കെ നല്ലഭാഷയില്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനറിയാമോ? എങ്കില്‍ നിങ്ങള്‍ക്കും തിളങ്ങാനാകും ടൂര്‍ ഗൈഡ് മേഖലയില്‍.

ല്ല കൂട്ടുണ്ടെങ്കില്‍ ഏതുയാത്രയും മധുരമാകും. താത്പര്യങ്ങളറിഞ്ഞ് ഒപ്പംനില്‍ക്കാന്‍ നല്ലൊരു ഗൈഡ് കൂടിയുണ്ടെങ്കിലോ. അത് ഇരട്ടിമധുരമാകുമെന്നതില്‍ സംശയമില്ല.

ദൈവത്തിന്റെ സ്വന്തം നാടുകാണാനെത്തുന്ന വിദേശികളുടെ എണ്ണം വര്‍ഷം 11 ലക്ഷത്തിനടുത്തുവരും. ഇതിനുപുറമേയാണ് സ്വദേശികളും കേരളത്തിന് പുറത്തുള്ളവരുമായ ലക്ഷക്കണക്കിന് സഞ്ചാരികള്‍. ഇവരില്‍ വളരെക്കുറച്ചുപേര്‍ക്കേ കേരളത്തിന്റെ പ്രത്യേകതകളെപ്പറ്റി ധാരണയുള്ളൂ. ഇവിടെയാണ് മികച്ച ടൂര്‍ ഗൈഡിന്റെ പ്രസക്തി.

ടൂര്‍ ഗൈഡുമാരെ കിട്ടാനില്ല

കായല്‍, സാഹസികം, പൈതൃകം, ആരോഗ്യം, ഇക്കോ എന്നിങ്ങനെ വിവിധ വകഭേദങ്ങളായി ടൂറിസം വളര്‍ന്നെങ്കിലും ഗൈഡുമാര്‍ ആവശ്യത്തിനില്ല. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) കണക്കനുസരിച്ച് 208 ഗൈഡുമാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 75 പേര്‍ നാല് തെക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന റീജണല്‍ ലെവല്‍ ഗൈഡുമാരാണ്. ഇവര്‍ മിക്കപ്പോഴും കേരളത്തിനു പുറത്താകും. സംസ്ഥാനതല ഗൈഡുമാര്‍ എട്ടുപേരാണ്. 75 പ്രാദേശികതല ഗൈഡുമാരില്‍ 63 പേരും എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പരിശീലിപ്പിച്ചവരാണ് മറ്റ് 50 പേര്‍.  

അംഗീകൃത വനിതാ ഗൈഡുമാരെ വിരലിലെണ്ണാം. ഇതുപോലെയാണ് ജര്‍മന്‍, അറബി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന ഗൈഡുമാരുടെ കാര്യവും. ആറുപേര്‍മാത്രമാണ് ജര്‍മന്‍ ഭാഷ അറിയാവുന്ന ഗൈഡുമാര്‍

അവസരങ്ങളുടെ ഖനി

വിനോദസഞ്ചാര വ്യവസായത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സമര്‍ഥരായ ഗൈഡുമാരുടെ സേവനം അനിവാര്യമാണ്. പൂര്‍ണസമയവും അല്ലാതെയും പ്രവര്‍ത്തിക്കാം. അതിനനുസരിച്ചാകും വരുമാനം. ട്രാവല്‍ ഏജന്‍സികളിലും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കൊപ്പവും ജോലിചെയ്യാം.  

കിറ്റ്സ് നല്കും പരിശീലനം

കേരള ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ കിറ്റ്സ് സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും ആവശ്യമായ ഗൈഡുകളെ പരിശീലിപ്പിക്കുന്നുണ്ട്. ഓര്‍ക്കുക, ഇത് സര്‍ക്കാര്‍മേഖലയില്‍ ജോലി ലഭ്യമാക്കാനുള്ള പരിശീലനം അല്ല. ഫ്രീലാന്‍സായി ജോലിചെയ്യാന്‍ മടിയില്ലാത്തവരെ ഉദ്ദേശിച്ചുള്ളതാണ്. രണ്ടുതരത്തിലാണ് പരിശീലനം.

സംസ്ഥാനതലം

കോഴ്സ് ഒന്‍പതുമാസം. യോഗ്യത സര്‍വകലാശാല ബിരുദം. പ്ലസ്ടു കഴിഞ്ഞ് ആറുമാസത്തെയെങ്കിലും അംഗീകൃത റഗുലര്‍ പഠനം വഴിയുള്ള വിദേശഭാഷാ സര്‍ട്ടിഫിക്കറ്റുണ്ടായാലും മതി. ഒഴുക്കോടെ ഇംഗ്ലീഷ് പറയണം. 50 സീറ്റുണ്ട്. കോഴ്സ് ഫീസ് 25,000 രൂപ. ഇതില്‍ പകുതി ടൂറിസം വകുപ്പിന്റെ സബ്സിഡിയാണ്. അതായത് 12,500 രൂപ.

പ്രാദേശികതലം‌

കോഴ്സ് നാല് ആഴ്ച. യോഗ്യത എസ്.എസ്.എല്‍.സി. ആകെ സീറ്റ് 200. സ്വന്തം ജില്ലയിലേക്കാണ് അപേക്ഷിക്കേണ്ടത്. കോഴ്സ് ഫീസ് 9500 രൂപ. ഇതിലും 50 ശതമാനം സബ്സിഡിയുണ്ട്. ഗൈഡുമാര്‍ ധാരാളമുള്ളതിനാല്‍ എറണാകുളത്തെ പരിഗണിച്ചിട്ടില്ല.

പരിശീലനകേന്ദ്രങ്ങള്‍

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, തലശ്ശേരി എന്നിവിടങ്ങളിലാണ് പരിശീലനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ലിഖിതരേഖകളെപ്പറ്റിയും സ്മാരകങ്ങളെപ്പറ്റിയുമുള്ള അറിവ്, ചരിത്രം, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. 2018 ഒക്ടോബര്‍ ഒന്നിന് കുറഞ്ഞത് 20 വയസ്സ് ഉണ്ടാകണം. ഗൈഡിങ് സ്‌കില്‍സ്, ടൂറിസം, വൈല്‍ഡ് ലൈഫ്, ജനറല്‍ ടൂറിസം, ഫീല്‍ഡ് വിസിറ്റ്, ഫ്രഞ്ച്-ജര്‍മന്‍ ഭാഷാപഠനം, ഇന്റര്‍പേഴ്സണല്‍ സ്‌കില്‍സ് എന്നിവയാണ് പാഠ്യവിഷയങ്ങളെന്ന് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ഹരികൃഷ്ണന്‍ പറഞ്ഞു.

പരിശീലനം കഴിഞ്ഞാല്‍

എല്ലാവര്‍ക്കും ഗൈഡ് ലൈസന്‍സ് ലഭിക്കും. ടൂറിസം വകുപ്പ് നല്കുന്ന ലൈസന്‍സിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. അതിനുശേഷം റിഫ്രഷര്‍ കോഴ്സില്‍ പങ്കെടുത്ത് ലൈസന്‍സ് പുതുക്കാം. ലൈസന്‍സ് കിട്ടുന്നവര്‍ക്ക് ഗൈഡായി ജോലിയില്‍ പ്രവേശിക്കാം.

അപേക്ഷാഫോറത്തിന്

കിറ്റ്സിന്റെ വെബ് സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ചശേഷം ഡയറക്ടര്‍, കിറ്റ്സ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 400 രൂപയുടെ ഡി.ഡി. സഹിതം അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 22. ഫോണ്‍: 95629 30027, 94969 94389, 94959 95419. 0471 2329468. മെയില്‍- info@kittsedu.org  www.kittsedu.org

വരുമാനം

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സും ടൂറിസ്റ്റ് ഗൈഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും നിശ്ചയിച്ച കണക്കനുസരിച്ച് മികച്ച വരുമാനമാണ് ഗൈഡുമാര്‍ക്ക് ലഭിക്കുന്നത്.

  • അഞ്ചുപേരുള്ള സംഘത്തെ ഗൈഡുചെയ്താല്‍ ഫാഫ് ഡേ-1600 രൂപ, ഫുള്‍ ഡേ-2000 രൂപ
  • ആറുമുതല്‍ 14 വരെയുള്ള സംഘത്തിന് യഥാക്രമം 2000, 2600
  • 15 മുതല്‍ 40 വരെയുള്ള സംഘത്തിന് യഥാക്രമം 2650, 3450 രൂപ.
  • തീര്‍ന്നില്ല, ലാംഗ്വേജ് അലവന്‍സുമുണ്ട്. ഇത് 14 പേരുള്ള സംഘത്തിന് ഹാഫ് ഡേ 600 രൂപയും ഫുള്‍ ഡേ 800 രൂപയുമാണ്. 15-ല്‍ കൂടുതലാണെങ്കില്‍ ഇത് യഥാക്രമം 650, 1000 രൂപ.

വിജയത്തിന് നാലുകാര്യങ്ങള്‍

കഠിനാധ്വാനത്തിനുപുറമേ നാലുകാര്യങ്ങളില്‍ മികവുപുലര്‍ത്തിയാല്‍ ടൂര്‍ ഗൈഡ് ജോലിയില്‍ ആര്‍ക്കും വിജയിക്കാം. l യാത്ര ഇഷ്ടപ്പെടണം l മറ്റുള്ളവരുമായി നന്നായി ഇടപെടാന്‍ കഴിയണം l ഭാഷ ഭംഗിയായി ഉപയോഗിക്കാനറിയണം l സ്ഥലങ്ങളെപ്പറ്റിയും സംഭവങ്ങളെപ്പറ്റിയും നല്ല അറിവുണ്ടാകണം.

-മനോജ് വാസുദേവന്‍,(25 വര്‍ഷമായി ടൂറിസം രംഗത്ത് സജീവം. നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ ഗൈഡായും പ്രവര്‍ത്തിച്ചു)