ക്ഷക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും സർവകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്നത്. അവരിൽ ഭൂരിഭാഗവും ഒരു തൊഴിലിനായി പ്രയത്നിക്കുന്നവരാണ്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ പരീക്ഷയെഴുതി ജോലിക്ക് കയറുന്ന ചെറിയൊരു ശതമാനമൊഴിച്ചാൽ ഏറെ പേരും പല അഭിമുഖങ്ങളിലും പോയി പരാജയപ്പെട്ടവരാകാം. മൽസരം ശക്തമായ ഇന്നത്തെ തൊഴിൽ അന്തരീക്ഷത്തിൽ ക്ലാസ്സ്റൂമിൽ പഠിച്ച കാര്യങ്ങൾ മാത്രം അറിഞ്ഞിരുന്നാൽ പോരാ. അതിന് എന്തെല്ലാം വേണമെന്ന് നോക്കാം...

സ്വയം അപ്ഗ്രേഡ് ആകുക

ആദ്യം പറഞ്ഞതു പോലെ ക്ലാസ് മുറികളിൽ പഠിച്ച കാര്യങ്ങൾ കൊണ്ട് മാത്രം ഒരു ജോലി ലഭിക്കില്ല. തൊഴിൽ രംഗം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിച്ചാൽ മാത്രമേ നിലനിൽക്കാനാകൂ. സാങ്കേതികവിദ്യയുടെ വരവോടെ പല വ്യവസായ മേഖലകളും യന്ത്രവൽകൃതമായിട്ടുണ്ട്. അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണം. അഭിമുഖത്തിനായി പോകുമ്പോൾ കഴിയുന്നത്ര പുതിയ വിവരങ്ങൾ അറിഞ്ഞിരിക്കാനും ശ്രദ്ധിക്കണം.

റെസ്യൂമിലാണ് കാര്യം

നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അഭിമുഖം നടത്തുന്നവർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഒന്നാണ് റെസ്യും. നിങ്ങളെക്കുറിച്ച് വളരെ കൃത്യമായ കാര്യങ്ങൾ വേണം അതിൽ രേഖപ്പെടുത്താൻ. നിങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങൾ രേഖപ്പെടുത്തി സ്വയം കെണിയിൽ അകപ്പെടരുത്. വളരെ ലളിതവും ഹ്രസ്വവുമായി വേണം റെസ്യും അവതരിപ്പിക്കാൻ.

പ്രവൃത്തി പരിചയം അഭികാമ്യം

ഇന്ന് ഏത് മേഖലയിലേക്ക് പോയാലും പ്രവൃത്തി പരിചയം ഉള്ളവർക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ജോലിക്കായി ശ്രമിക്കുന്ന മേഖലയിൽ മുൻപരിചയം ഉണ്ടാക്കിയെടുക്കണം. അതിനായി ഇന്റേൺഷിപ്പുകളെ ആശ്രയിക്കാം. ഇന്ന് വിവിധ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് സൗകര്യങ്ങൾ ഒരുക്കി നൽകുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്താനായാൽ കരിയർ ഗ്രാഫ് ഉയരുമെന്നുറപ്പാണ്.

സോഫ്റ്റ് സ്കില്ലുകൾ വികസിപ്പിക്കുക

പ്രവൃത്തി പരിചയം പോലെ പ്രധാന്യമുള്ളതാണ് ആശയ വിനിമയശേഷി, നേതൃപാടവം, പ്രശ്ന പരിഹാരത്തിനുള്ള കഴിവ് തുടങ്ങിയ സോഫ്റ്റ് സ്കില്ലുകൾ. ഒരു വ്യക്തിയെന്ന നിലയിൽ സ്ഥാപന മേധാവിയുടേയും സഹപ്രവർത്തകരുടേയും ഇടയിൽ സ്ഥാനം നേടാൻ അത് സഹായിക്കും. മികച്ച സ്വഭാവമുള്ള ജോലിക്കാരെയാണ് എല്ലാ കമ്പനികൾക്കും ആവശ്യം. അത് അവരെ ബോധ്യപ്പെടുത്താൻ ഉദ്യോഗാർത്ഥിക്ക് കഴിഞ്ഞാൽ ജോലി ഉറപ്പാണ്.

കഴിവുകൾ വളർത്തുക

പഠനം കഴിഞ്ഞുടൻ ജോലി കിട്ടിയില്ലെങ്കിൽ അതോർത്ത് വിഷമിക്കണ്ട. ഈ സമയം നിങ്ങളുടെ കഴിവുകൾ വളർത്താനുപയോഗിക്കാം. ഓൺലൈനായി പുതിയ കോഴ്സുകൾ പഠിക്കാനും പുതിയ വിവരങ്ങൾ കണ്ടെത്താനും ഈ സമയം പ്രയോജനപ്പെടുത്താം.

Content Highlights: How to be employable, tips to be employable