
Representational Image | Pic Credit: Getty Images
പലരും നമ്മളില്‍ ചൊരിയുന്ന സ്‌നേഹവും വിശ്വാസവുമൊക്കെയാണ്. നമ്മുടെ കരുത്തായിമാറുന്നത്. ആ സ്‌നേഹവും വിശ്വാസവും വെറുതേയാവരുത് എന്ന ബോധമാവണം നമ്മില്‍ ധൈര്യമായി മാറേണ്ടത്; ധീരമായ തീരുമാനങ്ങളെടുക്കാന്‍ നമ്മളെ പ്രാപ്തരാക്കേണ്ടത്.
ഇതുമനസ്സിലാക്കാന്‍ ധീരതയുടെ പര്യായങ്ങളായി ലോകം അടയാളപ്പെടുത്തിയവരെ നോക്കൂ. ഒരു ഊതിനു പാറിപ്പോവാന്‍ മാത്രം ശരീരമുള്ളവരായിരുന്നു പലരും. കൃശഗാത്രരും ഗാത്രികളുമായ എത്രയോ പേരെ നമുക്ക് മഹാത്മജിയിലും മദറിലും തൊട്ടിങ്ങോട്ട് ആധുനികലോകത്ത് കാണാം.
ജീവിതനേട്ടങ്ങളുടെ മഹാഭൂരിഭാഗവും സ്വയം സൃഷ്ടിച്ചെടുക്കേണ്ടതാണെന്നു വരുന്നിടത്താണ് ധീരമായ തീരുമാനങ്ങളുടെ പ്രസക്തി. തന്നെ കണ്ടെത്തിയാല്‍പ്പിന്നെ തന്റേടത്തോടുകൂടി മുന്നോട്ടുനീങ്ങുന്നവര്‍ക്കു മാത്രമാണ് തങ്ങളുടേതായ മേഖലകളിലെ ജീനിയസുകളാവാന്‍ കഴിയുക.
പലരും കരുതുന്നതുപോലെ ധീരത എന്നാല്‍ ഭയം തോന്നാതിരിക്കുക, ഭയപ്പെടാതിരിക്കുക എന്നല്ല അര്‍ഥം. ഒരു വ്യക്തിയെ സ്വന്തം ലക്ഷ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഭയത്തിനായില്ലെങ്കില്‍, അവിടെ ധൈര്യം വിജയിക്കുകയാണ്, ഭയം തോല്‍ക്കുകയാണ്. 'ഭയം ഒരു പ്രതികരണമാണ്, ധൈര്യമാണ് തീരുമാനം' എന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍.
അസാധ്യമെന്നു തോന്നിയേക്കാവുന്ന പലതും എളുപ്പം ചെയ്യാവുന്നതേയുള്ളൂ. അതു ജനിപ്പിക്കുന്ന നേരിയ ഭയം നമ്മെ കൂടുതല്‍ ജാഗരൂകരാക്കുന്നു. ജീവിതത്തിന്റെ സങ്കോചവികാസങ്ങള്‍ ധൈര്യത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഭയം ഒരാളെ കേവലവ്യക്തിയിലേക്ക് ചുരുക്കുമ്പോള്‍ ധൈര്യം ലോകത്തോളം വളര്‍ത്തും.
അസാധാരണമായ പരിശ്രമവും അസാമാന്യമായ ധൈര്യവും കൃത്യമായ ലക്ഷ്യവും ദിശാബോധവും ഉള്ളവരുടെ ജീവിതങ്ങളാണ് ലോകത്തെ മാറ്റിയതും നമ്മെയൊക്കെയും മോഹിപ്പിക്കുന്നതും. അവര്‍ ഏതുമേഖലയിലുള്ളവരുമാവട്ടെ മരണമില്ലാത്ത ജീവിതങ്ങളാണ്; വഴിവിളക്കുകള്‍.
ആസന്നമായ പാരിസ്ഥിതികദുരന്തത്തിലേക്ക് ലോകത്തിന്റെ കണ്ണുതുറപ്പിച്ചത് ഒരു പതിനാറുകാരിയാണ്. രാഷ്ട്രീയപിന്തുണയില്ലാതെ, സ്വന്തം സ്‌കൂളില്‍ തുടങ്ങിയ ആ കൊച്ചു പെണ്‍കുട്ടിയുടെ ധീരമായ ഇടപെടല്‍ ലോകത്തെ എത്രകണ്ട് സ്വാധീനിച്ചു എന്നാലോചിച്ചാല്‍ മതി. ധീരതയുടെ പര്യായമാണവള്‍ ഗ്രെറ്റ ത്യുന്‍ബേ! 'കാലാവസ്ഥയ്ക്കായി സ്‌കൂള്‍ സമരം' എന്ന ബോര്‍ഡുമായി സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ തമ്പടിച്ച, യു.എന്നില്‍ രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്ത, 2019-ലെ 'ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയറാ'യി തിരഞ്ഞെടുക്കപ്പെട്ട ഗ്രെറ്റ.
Content Highlights: How to be Courageous, Career Guidance Column by IIMK Director
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..