പ്രതീകാത്മക ചിത്രം| Photo: Getty Images
'Tell me about yourself'. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമായ ചോദ്യം. എന്നാല്‍ ഒരു ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുമ്പോള്‍ ഈ ചോദ്യത്തിന് മുന്നില്‍ ഒന്നു പരുങ്ങാത്തവര്‍ ചുരുക്കമാണ്. ഈ ചോദ്യത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന സംശയത്തിലാകും പലരും. പ്രത്യേകിച്ച് അധികം പരിചയ സമ്പന്നതയൊന്നും അവകാശപ്പെടാനില്ലാത്ത തൊഴില്‍ അന്വേഷണത്തിലെ പുതുമുഖങ്ങള്‍. റെസ്യുമെയില്‍ എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടല്ലോ പിന്നെ എന്തിനാണ് അവ വീണ്ടും ആവര്‍ത്തിക്കുന്നത് എന്ന് കരുതുന്നവരും കുറവല്ല. ചിലരാകട്ടെ വളരെ ആത്മവിശ്വാസത്തോടെ ജീവിതകഥ മുഴുവന്‍ ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ നിരത്താറുമുണ്ട്. ശരിക്കും 'നിങ്ങളെക്കുറിച്ച്' എങ്ങനെയാണ് പറയേണ്ടത്? എന്തിനാവാം അഭിമുഖങ്ങളില്‍ ഈ ചോദ്യം ചോദിക്കുന്നത്?
അഭിമുഖങ്ങളിലെ ഐസ് ബ്രേക്കിങ് ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ Tell me about yourself. ഇന്റവ്യൂവറും ഉദ്യോഗാര്‍ഥിയും തമ്മിലുള്ള 'മഞ്ഞുരുക്കലിന്' ഈ ചോദ്യം ഒരു പരിധി വരെ സഹായിക്കും. മിക്ക അഭിമുഖങ്ങളിലും ആദ്യത്തെ ചോദ്യമാവുമിത്. മുന്നോട്ടുള്ള അഭിമുഖത്തിന്റെ ഗതി തന്നെ ഈ ചോദ്യം മാറ്റി മറിച്ചേക്കാം. അതുകൊണ്ട് തന്നെ കൃത്യമായ തയ്യാറെടുപ്പോടെ ഉത്തരം നല്‍കിയില്ലെങ്കില്‍ ഇന്റര്‍വ്യൂ പാളിയെന്നു വരാം.
നിങ്ങളെക്കുറിച്ച് അറിഞ്ഞിട്ടിപ്പോ എന്തിനാണെന്നോ? പറയാം
നിങ്ങളുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ എത്രത്തോളമുണ്ടെന്ന് നിര്‍ണ്ണയിക്കാനുള്ള ഒരു അളവുകോലായി ഈ ചോദ്യത്തെ കണക്കാക്കാം. ആദ്യത്തെ ചോദ്യത്തിനുത്തരം നിങ്ങള്‍ എത്ര പ്രൊഫഷണലായി, ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മുന്നോട്ടുള്ള ഇന്റര്‍വ്യൂ. First impression is the best impression എന്നല്ലേ. ആദ്യത്തെ ഇമ്പ്രഷന്‍ ബെസ്റ്റ് ആക്കുന്നതില്‍ ഈ ചോദ്യത്തിന് വലിയ പങ്കുണ്ടെന്ന് സാരം. ഈ ഉത്തരത്തിലൂടെ നിങ്ങള്‍ക്ക് ജോലിയോടുള്ള സമീപനം അവര്‍ക്ക് കൃത്യമായി മനസ്സിലാകും. ഇന്റര്‍വ്യൂ തുടങ്ങി ആദ്യ 60 സെക്കന്റില്‍ തന്നെ നിങ്ങള്‍ ഈ ജോലിയ്ക്കു പറ്റിയ ആളാണോ എന്ന നിഗമനത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് എത്തിയിട്ടുണ്ടാകും.
എങ്ങനെ പറയാം നിങ്ങളെക്കുറിച്ച്
Past, Present, Future, എന്ന രീതിയില്‍ വേണം ഉത്തരം നല്‍കാന്‍. അതായത് നിങ്ങളുടെ പേരും മറ്റു വിവരങ്ങളും ചുരുക്കി പറഞ്ഞതിനു ശേഷം നിങ്ങളുടെ തൊഴില്‍ പശ്ചാത്തലത്തെ കുറിച്ചും പ്രവൃത്തി പരിചയത്തെ കുറിച്ചും പറയാം. നിലവില്‍ ചെയ്യുന്ന ജോലിയിലേക്ക് എങ്ങനെയാണ് എത്തിയതെന്നും പറയാം. നിലവിലെ ജോലിയില്‍ എന്താണ് നിങ്ങളുടെ റോള്‍, എന്തൊക്കെ ഉത്തരവാദിത്വങ്ങളാണ് നിങ്ങള്‍ നിറവേറ്റുന്നത്, എന്തൊക്കെയാണ് നിങ്ങളുടെ അച്ചീവ്‌മെന്റ്‌സ് എന്നും പറയാം. അതിനു ശേഷം ഭാവി പരിപാടികളിലേക്ക് കടക്കാം. ഇനി എന്താണ് നിങ്ങളുടെ ലക്ഷ്യമെന്നും ഈ ജോലിയിലേക്ക് നിങ്ങളെ ആകര്‍ഷിച്ചതെന്താണെന്നും പറയാം.
സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ നല്‍കിയേക്കാവുന്ന സംഭാവനകളെ കുറിച്ചും പറയാം. നിങ്ങളുടെ സെല്ലിങ്ങ് പോയിന്റ്‌സിന് പ്രാമുഖ്യം കൊടുത്തു കൊണ്ട് വേണം ഉത്തരം നല്‍കാന്‍. ഈ ചോദ്യത്തിന് നല്‍കുന്ന ഉത്തരത്തിലൂടെ നിങ്ങള്‍ ഈ ജോലിയ്ക്ക് തീര്‍ത്തും യോജിക്കുന്ന ആളാണെന്നും നിങ്ങളെ ജോലിയ്‌ക്കെടുക്കുക വഴി കമ്പനിയ്ക്ക് നേട്ടമുണ്ടാകുമെന്നും ഇന്റര്‍വ്യൂവര്‍ക്ക് തോന്നണം.
നിങ്ങള്‍ ഒരു ഫ്രഷറാണെങ്കില്‍ പ്രവൃത്തി പരിചയമൊന്നും അവകാശപ്പെടാനില്ലാത്തതു കൊണ്ടു തന്നെ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വിശദീകരിക്കാം. പഠിച്ച സ്ഥാപനങ്ങളെക്കുറിച്ചും ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ചും പറയാം. പഠന കാലത്തു ചെയ്ത പ്രൊജക്ടുകളും അധിക യോഗ്യതകളുണ്ടെങ്കില്‍ അതും വിശദീകരിക്കാം. ഈ തൊഴില്‍ മേഖല തിരഞ്ഞെടുക്കാനുള്ള കാരണവും കൂട്ടിച്ചേര്‍ത്തോളൂ.
പോസിറ്റീവ് വൈബ്‌സ് ഒണ്‍ലി
നിങ്ങളുടെ പഴയ ജോലിയെ കുറിച്ചോ കമ്പനിയെ കുറിച്ചോ മോശം അഭിപ്രായം പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ അച്ചീവ്മെന്റ്സ് എടുത്തു കാണിക്കലാണ് ലക്ഷ്യം. മറ്റൊരു സ്ഥാപനത്തെ താഴ്ത്തിക്കെട്ടുന്നത് നിങ്ങളില്‍ മോശം ഇമ്പ്രഷന്‍ ഉണ്ടാക്കിയേക്കാം.
റെസ്യൂമെയെ പറ്റി ഒരക്ഷരം മിണ്ടരുത്
ഈ ചോദ്യത്തിനുത്തരം നല്‍കുമ്പോള്‍ പലരും ആവര്‍ത്തിക്കുന്ന തെറ്റാണ് റെസ്യൂമെയിലെ വിവരങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക എന്നത്. ജോലിയ്ക്കായുള്ള അപേക്ഷയ്‌ക്കൊപ്പം റെസ്യൂമെയും റിക്രൂട്ടേഴ്‌സ് ആവശ്യപ്പെടാറുണ്ട്. സ്വാഭാവികമായും അഭിമുഖത്തിനു മുമ്പ് അവര്‍ നിങ്ങളുടെ റെസ്യുമെ വായിച്ചിട്ടുണ്ടാകും. അതുകൊണ്ടു തന്നെ റെസ്യുമെയിലെ വിവരങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല. അതല്ല ഈ ചോദ്യത്തിന്റെ ഉദ്ദേശവും.
പേഴ്‌സണലായിട്ടു പറയണ്ട
തീര്‍ത്തും പ്രൊഫഷണലായി മാത്രം സമീപിക്കേണ്ട ചോദ്യമാണിത്. നിങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളോ നിങ്ങളുടെ ഇഷ്ടവിനോദങ്ങളെ കുറിച്ചോ ഒന്നും വാചാലരാകരുത്. ജോലിയെ സംബന്ധിച്ചുള്ള നിങ്ങളുടെ യുണീക് സെല്ലിങ്ങ് പോയിന്റുകള്‍ മാത്രം പങ്കുവെച്ചാല്‍ മതിയാകും. അഥവാ നിങ്ങളുടെ അഭിരുചികള്‍ പങ്കുവെച്ചാല്‍ തന്നെ അത് ജോലിയുമായി ബന്ധമുള്ളവയാകണം.
ഒരു മയത്തിലൊക്കെ ആവാം
ഉത്തരം ഒരുപാടു വലിച്ചു നീട്ടരുത്. ഒന്നു രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കുന്ന തരത്തില്‍ വേണം ഉത്തരം നല്‍കാന്‍. മാത്രമല്ല കാണാതെ പഠിച്ചു പറയുന്നത് പോലെ ഉത്തരം പറഞ്ഞു ഫലിപ്പിക്കരുത്. തയ്യാറെടുപ്പ് നടത്തിയെങ്കിലും മനപ്പാഠമാക്കി പറയുന്നതായി ഇന്റര്‍വ്യൂവര്‍ക്ക് തോന്നരുത്. ഓര്‍ത്തെടുത്ത് പറയാതിരിക്കാനും ശ്രമിക്കുക. നൈസര്‍ഗിക ശൈലി കൊണ്ടു വരാന്‍ പരമാവധി നോക്കാം.
Content Highlights: how to answer tell me about yourself interview question interview, interview tips, career, education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..