ശ്യമനോഹരമായ പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ന്യൂസീലന്‍ഡ് അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇന്നൊരു പ്രിയപ്പെട്ട പഠനകേന്ദ്രം കൂടിയാണ്. ഇവിടത്തെ ഓക്ലന്‍ഡ്, ഒട്ടാഗോ, കാന്റര്‍ബറി സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും മികച്ച പഠന അവസരങ്ങളും നല്‍കുന്നു. ക്യു.എസ്. ഹയര്‍ എജുക്കേഷന്‍ റാങ്കിങ്ങില്‍ ന്യൂസീലന്‍ഡിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ലോകത്ത് 16-ാം സ്ഥാനത്താണ്.  ലോകത്തെവിടെയും ജോലി കണ്ടെത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന പഠനരീതിയാണ് ഇവിടെയുള്ളത്.  ഈസ് ഓഫ് ഡൂയിങ് ബിസിനസ് 2020 ഇന്‍ഡക്‌സിലൂടെ തുടര്‍ച്ചയായി നാലാം തവണയും ഒന്നാമതെത്തിയ രാജ്യമാണ് ന്യൂസീലന്‍ഡ്. തൊഴിലില്ലായ്മാനിരക്ക് വളരെ താഴ്ന്ന ഇവിടെയാകട്ടെ പഠനാനന്തര ജോലിസാധ്യതകളും അനവധി. 

പറക്കാം തടസ്സമില്ലാതെ

യു.എസിലൂം യു.കെ.യിലും ഇമിഗ്രേഷന്‍ നയങ്ങള്‍ മാറിമറിഞ്ഞു വരുന്ന സാഹചര്യത്തില്‍ വിദേശപഠനം ലക്ഷ്യംവയ്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ന്യൂസീലന്‍ഡ് ഒരു മരുപ്പച്ചയാണ്. ലിബറല്‍ ഇമിഗ്രേഷന്‍ നയങ്ങളിലൂടെയാണ് ന്യൂസീലന്‍ഡ് അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. ആഴ്ചയില്‍ 20 മണിക്കൂര്‍വരെ പാര്‍ട്ട്ടൈം ജോലികളില്‍ ഏര്‍പ്പെടുന്നതിനും തടസ്സമുണ്ടാകില്ല എന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് ആശ്വാസകരമാണ്.

യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാഗോ
  
നൂറില്‍പ്പരം രാജ്യങ്ങളില്‍നിന്നായി മൂവായിരത്തിലധികം വിദേശ വിദ്യാര്‍ഥികളാണ് ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. 124 വിഷയങ്ങളിലെ ബിരുദ/ബിരുദാനന്തരബിരുദ കോഴ്സുകളാണ്  ഈ സര്‍വകലാശാലയില്‍ പ്രദാനം ചെയ്യുന്നത്. കായികവിഷയങ്ങളിലെ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലോകപ്രശസ്തമാണ് ഒട്ടാഗോ. സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് ന്യൂട്രീഷന്‍, സ്‌പോര്‍ട്സ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്, സ്‌പോര്‍ട്സ് ടെക്നോളജി എന്നീ വിഷയങ്ങളില്‍ മേജര്‍/മൈനര്‍ ബിരുദ കോഴ്സുകള്‍ക്ക് മികച്ച സര്‍വകലാശാലയാണിത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറെയും ഗവേഷണത്തിനാണ് ഈ സര്‍വകലാശാലയിലെത്തുന്നത്. ഇവിടെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളും സര്‍വകലാശാല നല്‍കുന്നുണ്ട്. ശരാശരി 1500 ന്യൂസീലന്‍ഡ് ഡോളറാണ് പ്രതിമാസം ജീവിതച്ചെലവുകള്‍ക്ക് ആവശ്യം. 

ഒരുങ്ങാം ഒട്ടാഗോയിലേക്ക്
 
ഒട്ടാഗോ യൂണിവേഴ്സിറ്റിക്ക് കീഴില്‍ പതിനഞ്ചോളം വരുന്ന റസിഡന്‍ഷ്യല്‍ കോളേജുകളുണ്ട്.  സര്‍വകലാശാലാ വെബ്സൈറ്റിലൂടെ തന്നെ താമസസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാനും സാധിക്കും. 
ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളോടെ ഒട്ടാഗോ സര്‍വകലാശാലയില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. ഇതില്‍ ഇന്ത്യക്കാരുള്‍പ്പെടുന്ന അന്താരാഷ്ട്ര ഗവേഷക വിദ്യാര്‍ഥികള്‍ കൂടുതലും അപേക്ഷിക്കുന്നത് ഒട്ടാഗോ സര്‍വകലാശാല നല്‍ക്കുന്ന ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പിനാണ്. 27000 ന്യൂസീലന്‍ഡ് ഡോളറാണ് പ്രതിവര്‍ഷം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക (12 ലക്ഷത്തിലധികം രൂപ). മൂന്ന് വര്‍ഷത്തോളമാണ് സ്‌കോളര്‍ഷിപ്പ് കാലാവധി.

ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ www.otago.ac.nz വെബ്സൈറ്റിലെ ഇ-വിഷന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഏത് സമയത്തും അപേക്ഷിക്കാം. പ്രവേശനത്തിനായി അപേക്ഷിച്ചുകഴിഞ്ഞാല്‍, സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ നിങ്ങളുടെ ചുമതലയുള്ള സൂപ്പര്‍വൈസറുടെ സഹായം ലഭിക്കും.

എന്‍ട്രന്‍സ് യോഗ്യതകള്‍

ബിരുദം  ബിരുദാനന്തര ബിരുദം
സി.ബി.എസ്.ഇ. അല്ലെങ്കില്‍ സി.ഐ. എസ്.സി.ഇ. പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് പരീക്ഷയില്‍ മാത്രം 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
പ്രാദേശിക ഭാഷ, അക്കാദമികേതര വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള നാല് അക്കാദമിക് വിഷയങ്ങളിലെ സ്‌കോറുകള്‍കൂടി പരിഗണിക്കും.

ഗ്രാജുവേറ്റ് തലത്തില്‍ പഠിച്ച സമാന വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്നാല്‍ ചില കോഴ്സുകള്‍ക്ക് തൊഴില്‍ പരിചയം അല്ലെങ്കില്‍ ന്യൂസീലന്‍ഡിലെ പ്രൊഫഷണല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഓണേഴ്സ് ബിരുദം / ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുണ്ടെങ്കില്‍, തീസിസ് സമര്‍പ്പിച്ചശേഷം പ്രവേശനം നേടാം. 

 


 IELTS/ TOEFL സ്‌കോര്‍

അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്സുകള്‍ക്ക് 6.0 ബാന്‍ഡില്‍ IELTS സ്‌കോര്‍ നേടിയിരിക്കണം. പോസ്റ്റ്-ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കും പിഎച്ച്. ഡി.ക്കും ഇത് 6.5 ആണ്. TOEFL പരീക്ഷയിലാകട്ടെ 90 പോയിന്റുകള്‍ നേടിയിരിക്കണം, ഇതില്‍ത്തന്നെ റൈറ്റിങ് സ്‌കില്‍സില്‍ മാത്രമായി 20 പോയിന്റുകളുമുണ്ടായിരിക്കണം. 

ഗവേഷണം

പിഎച്ച്.ഡി ചെയ്യാനാഗ്രഹിക്കുന്നവര്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത്   അപേക്ഷിക്കുന്നതിന്  മുന്‍പുള്ള മുന്നൊരുക്കമാണ്. ആദ്യമായി നിങ്ങള്‍ക്ക് ഒരു റിസര്‍ച്ച് പ്ലാന്‍ ഉണ്ടായിരിക്കണം. അടുത്ത കടമ്പ  അനുയോജ്യമായ ഗൈഡിനെ കണ്ടെത്തുക എന്നതാണ്.  ഫാക്കല്‍റ്റിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍ മുഖേന പ്രൊഫസര്‍മാരുമായി ബന്ധപ്പെടാം. 

നിങ്ങളുടെ റിസര്‍ച്ച് പ്ലാന്‍ അവര്‍ അംഗീകരിക്കുന്ന പക്ഷം സ്‌കൈപ്പ് മുഖേന അഭിമുഖം ഉണ്ടായിരിക്കും. ഇത് വിജയിച്ചശേഷമേ പിഎച്ച്.ഡി.ക്ക് അപേ ക്ഷിക്കാനാകൂ. ഒരു മാസത്തിനുള്ളില്‍ ഔദ്യോഗികമായി പ്രവേശനം ലഭിച്ചുകൊണ്ടുള്ള അറിയിപ്പും സ്‌കോളര്‍ഷിപ്പ് ലെറ്ററും ലഭിക്കും. വിസ അനുവദിക്കുന്ന മുറയ്ക്ക് ന്യൂസീലന്‍ഡിലേക്ക് പറക്കാം. സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അഡ്വൈസേഴ്സ് മുഖേന ഐ.ഡി. കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ എടുക്കാന്‍ സഹായം ലഭിക്കും.

Rakesh Bannerjee''മികച്ച പഠനനിലവാരവും ലോകോത്തര ഗവേഷണ സൗകര്യങ്ങളുമുള്ള രാജ്യമായതിനാലാണ് ന്യൂസീലന്‍ഡ് തിരഞ്ഞെടുത്തത്. ഏറ്റവും സുരക്ഷിതം. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവും കുറവാണ്.'' 
-രാകേഷ് ബാനര്‍ജി (ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിലെ ഡനേഡിന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പതോളജി വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥി)

thozhil

Content Highlights: Higher Education and Career Prospects in New Zealand