
Representational Image | Pic Credit: Getty Images
സ്വന്തമായി തുടങ്ങിയ ബിസിനസ് എങ്ങനെ ക്ലിക്കാക്കും എന്നു കരുതി തലപുണ്ണാക്കിയിരിക്കുകയാണോ? എങ്കില്‍ നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന കിടിലന്‍ ഗൂഗിള്‍ സേവനമാണ് ഗൂഗിള്‍ ഡിജിറ്റല്‍ ഗാരേജ്. സ്വന്തമായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സെല്‍ഫ് പ്രോമേഷന്‍ തുടങ്ങി തങ്ങളുടെ ബിസിനസ്സിനെ പരിപോഷിപ്പിക്കാന്‍ ആവശ്യമായതെല്ലാം ലളിതമായി അവതരിപ്പിക്കുന്ന കോഴ്സുകളാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്.
ഉദാഹരണത്തിന് നിങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു ഇവന്റ് മാനേജ്മെന്റ് സംരംഭമാണെങ്കില്‍ അതിനെ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കാനും ആ മേഖലയില്‍ മാറി വരുന്ന ട്രെന്‍ഡുകള്‍ അറിയാനുമെല്ലാം ഗൂഗിള്‍ ഗാരേജിലെ ഡിജിറ്റല്‍ കോഴ്സിലൂടെ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ വന്‍കിട മാര്‍ക്കറ്റിങ് സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കാതെ തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് സമവാക്യങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള അവസരമാണ് ഡിജിറ്റല്‍ ഗാരേജ് ഒരുക്കുന്നത്. ശ്രദ്ധയോടെ പഠിക്കാനുള്ള മനസ്സും ഇന്റര്‍നെറ്റ് കണക്ഷനുള്ള കംപ്യൂട്ടര്‍/ലാപ്ടോപ്പുമുണ്ടെങ്കില് നിങ്ങളുടെ ബിസിനസിനെ വളര്‍ത്താന്‍ ഗൂഗിള്‍ കൂടെ നില്‍ക്കുമെന്ന് സാരം.
ഗോ ഡിജിറ്റല്‍
ഇന്റര്‍നെറ്റ് ലോകത്ത് കുതിപ്പുകളുടെ അവസാനവാക്കാണ് ഇന്ന് ഗൂഗിള്‍. സാധാരണ സ്മാര്‍ട്ഫോണ്‍ ഉപഭോക്താവിന്റെ ഒരു ദിവസം ഗൂഗിള്‍ സേവനങ്ങളുപയോഗിക്കാതെ കടന്നു പോകില്ല. അത്രയധികം സുശക്തമാണ് ഗൂഗിള്‍ സേവനങ്ങള്‍. ലോകമാകെ ഡിജിറ്റലൈസേഷനു പിന്നാലെ പായുമ്പോള്‍ സാധാരണക്കാര്‍ക്കായി ഡിജിറ്റല്‍ പഠനം സൗജന്യമായി നടപ്പാക്കുകയാണ് ഗൂഗിള്‍ ഡിജിറ്റല്‍ ഗാരേജ്. വിവരങ്ങളറിയാനും പാട്ട് കേള്‍ക്കാനും, സിനിമ കാണാനുമെല്ലാം ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ പഠിക്കാനുള്ള അവസരമാണിവിടെ ഒരുക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കരുത്തേകാന്‍ ഗൂഗിള്‍ തുടങ്ങിവെച്ച ഡിജിറ്റല്‍ അണ്ലോക്ക്ഡിന്റെ ഭാഗമാണ് ഗൂഗിള്‍ ഗാരേജ്.
പേഴ്സനല്‍ സ്കില്‍സ് വര്‍ധിപ്പിക്കാനുള്ള ട്രെയിനിങ് മുതല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും, ഓണ്‍ലൈന്‍ അഡ്വര്ടൈസിങ്ങും ബിഗ് ഡാറ്റാ അനാലിസിസുമെല്ലാം കോഴ്സുകളുടെ കൂട്ടത്തിലൂണ്ട്. ഡിജിറ്റല്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുന്ന കോഴ്സുകളെക്കൂടാതെ ഡിജിറ്റല്‍ പരിജ്ഞാനം വര്‍ധിപ്പിക്കാനുതകുന്ന അടിസ്ഥാന വിഷയങ്ങളും ഗാരേജിലൂടെ പഠിക്കാം. ഡീക്കന്‍ യൂണിവേഴ്സിറ്റി, മോണാഷ് യൂണിവേഴ്സിറ്റി, ദി ഓപ്പണ്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഓക്ലന്‍ഡ് എന്നിങ്ങനെ വമ്പന്‍ യൂണിവേഴ്സിറ്റികളാണ് ഓരോ കോഴ്സും തയ്യാറാക്കിയിരിക്കുന്നത്. സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളെക്കൂടാതെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും, പെയ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഗാരേജിലുണ്ട്.
ഗൂഗിള്‍ ഡിജിറ്റല്‍ ഗാരേജ് പഠനത്തിലൂടെ സ്വന്തം ബിസിനസ്/ സ്റ്റാര്‍ട്ടപ്പുകള്‍ മെച്ചപ്പെടുത്തിയ നിരവധി വ്യക്തികളുടെ കഥയും യുട്യൂബ് വിഡിയോയുടെ രൂപത്തില്‍ ഗൂഗിള്‍ പങ്കു വച്ചിട്ടുണ്ട്.
ഗാരേജിലെ പഠനം എങ്ങനെ?
learndigital.withgoogle.com എന്ന വെബ്സൈറ്റിലൂടെ ഗൂഗിള്‍ ഡിജിറ്റല്‍ ഗാരേജ് പേജിലെത്താം. ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് സെന്‍ ഇന്‍ ചെയ്താല്‍ പഠിതാക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള മേഖല തെരഞ്ഞെടുത്ത് കോഴ്സ് ആരംഭിക്കാം. ഡാറ്റാ ആന്‍ഡ് സ്കില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കരിയര്‍ ഡെവലപ്മെന്റ് എന്നീ മേഖലകളില്‍ നിന്നായി ആകെ 125 കോഴ്സുകളാണ് ഗാരേജ് പ്രദാനം ചെയ്യുന്നത്. കുറച്ചധികം സമയമെടുത്ത് പഠിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ 40 മണിക്കൂര്‍ ദൈര്‍ഘ്യം വരെയുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാം. അതല്ല, പെട്ടെന്നു പഠിച്ച് കഴിയണമെന്നാണ് ആഗ്രഹമെങ്കില്‍ 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'ചിന്ന' കോഴ്സുകളും ഇവിടെയുണ്ട്.
നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഫണ്ടമെന്റല്‍സ് ഓഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്ന കോഴ്സാണെങ്കില്‍ 26 മോഡ്യൂളുകളിലായി ആകെ 106 പാഠഭാഗങ്ങളാകും പഠിക്കാനുണ്ടാകുക.് 40 മണിക്കൂര്‍ ദൈര്‍ഘ്യമാണ് ഈ കോഴ്സിനുള്ളത്. ഒറ്റ ഇരിപ്പിന് ഈ 40 മണിക്കൂര്‍ പാഠവും തീര്‍ക്കണമെന്നില്ല. ഒരു മണിക്കൂര്‍ പഠിച്ച് കഴിഞ്ഞ് ബോറടിച്ചാല്‍ സെന്‍ ഔട്ട് ചെയ്യാം. പിന്നീട് എപ്പോള്‍ വേണമെങ്കിലും പാഠം പുനരാരംഭിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ക്ക് താല്പര്യമുള്ള സമയത്ത്, താല്‍പ്പര്യമുള്ള വിഷയങ്ങള്‍ 'പഠിച്ച് പാസാകാനുള്ള' അടിപൊളി വഴിയാണിത്.
ഒരോ പാഠഭാഗം പൂര്‍ത്തിയാക്കിയതിനു ശേഷവും 2 മുതല്‍ 4 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ശരിയുത്തരം നല്‍കുന്നവര്‍ക്ക് മാത്രമേ അടുത്ത പാഠഭാഗത്തേക്ക് കടക്കാനാകൂ. എല്ലാം പാഠഭാഗങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ കാത്തിരിക്കുന്നത് 40 ചോദ്യങ്ങളടങ്ങിയ 'വലിയ പരീക്ഷയാണ്'. അതില്‍ 32 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്കിയാല് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കാം. ആ പരീക്ഷയില്‍ പരാജയപ്പെട്ടാലും വിഷമിക്കണ്ട. വീണ്ടും പരീക്ഷയെഴുതാം. പക്ഷേ അതിന് കുറഞ്ഞത് 10 മണിക്കൂറെങ്കിലും കഴിയണം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കായി ഗൂഗിളും യൂറോപ്പ് ഐ.ബി.എയും സംയുക്തമായി നല്കുന്ന ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് സര്‍ട്ടിഫിക്കേറ്റും ലഭിക്കും.

എന്താണ് നേട്ടം?
ഗൂഗിള്‍ ഗാരേജിലെ കോഴ്സ് പഠിച്ചാല്‍ എളുപ്പത്തില്‍ ജോലി കിട്ടുമോ? ഇതാകുമിപ്പോള് ഭൂരിഭാഗം പേരുടേയും മനസ്സിലെ ചോദ്യം. ജോലി നേടാന്‍ ഉതകുന്ന തരത്തില്‍ വലിയ പഠന ഭാഗങ്ങളോ കട്ടിയേറിയ പരീക്ഷയോ ഒന്നുമല്ല ഗാരേജ് നടപ്പാക്കുന്നത്. സ്വന്തമായി ആരംഭിക്കുന്ന ബിസിനസ് കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കാനുള്ള നുറുങ്ങു വിദ്യകള്‍ പറഞ്ഞുതരുന്ന ചെറിയ തുടക്കമാണിത്. എങ്കിലും പങ്കെടുക്കുന്ന ഇന്റര്‍വ്യൂകളില്‍ ഡിജിറ്റല്‍ ലോകത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നിങ്ങള്‍ക്കുണ്ടെന്ന് സ്ഥാപിക്കാന്‍ ഈ സര്ട്ടിഫിക്കറ്റിനാകുമെന്നുറപ്പാണ്. അതുകൂടാതെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ വഴി പഠിച്ച വിഷയങ്ങളെക്കുറിച്ച് സ്വയം ഗവേഷണം നടത്തുകയും പ്രഗല്ഭരില് നിന്ന് ട്രെയിനിങ് നേടുകയോ ചെയ്താല്‍ തീര്‍ച്ചയാകും ആ മേഖലയില്‍ കഴിവുതെളിയിച്ച് മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്കാകും. ഡിജിറ്റല്‍ ലോകത്തേക്കുള്ള വിശാലമായ വാതില്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നിടുകയാണ് ഡിജിറ്റല്‍ ഗാരേജിലൂടെ ഗൂഗിള്‍.

40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫണ്ടമെന്റല്‍സ് ഓഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ സ്വന്തമായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ചെയ്യാന്‍ ആത്മവിശ്വാസം കൂടി. വീഡിയോയുടെ സഹായത്തോടെയുള്ള ക്ലാസ്സുകള്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായിച്ചു.- രഞ്ജിത് കൃഷ്ണന്, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍