അതുൽ പ്രകാശ്
ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) 2020 പരീക്ഷയില്‍ കെമിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ രണ്ടാംറാങ്ക് നേടിയ കണ്ണൂര്‍ സ്വദേശി അതുല്‍ പ്രകാശ് പരീക്ഷാ അനുഭവങ്ങളും തയ്യാറെടുപ്പുകളും പങ്കുവെക്കുന്നു. എന്‍.ഐ.ടി. സുറത്കലില്‍നിന്ന് ബി.ടെക്. നേടി. ഒരുവര്‍ഷം ജോലിചെയ്തതിനു ശേഷമാണ് തയ്യാറെടുപ്പ് തുടങ്ങുന്നത്. ഉയര്‍ന്ന റാങ്ക് നേടിയെങ്കിലും പി.ജി., പിഎച്ച്.ഡി. പഠനത്തിന് ഇപ്പോഴില്ല. ഒ.എന്‍.ജി.സി., ഐ.ഒ.സി.എല്‍. പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയാണ് അതുലിന്റെ ലക്ഷ്യം.
ഗേറ്റ് പരീക്ഷയെക്കുറിച്ച്
ന്യൂമെറിക്കല്‍, മള്‍ട്ടിപ്പിള്‍ ചോയ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ. 65 ചോദ്യങ്ങളുണ്ടാവും. 100 മാര്‍ക്ക്. മൂന്ന് മണിക്കൂര്‍ പരീക്ഷ. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരം തെറ്റിയാല്‍ 1/3 മാര്‍ക്കും രണ്ടു മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരം തെറ്റിയാല്‍ 2/3 മാര്‍ക്കും കുറയ്ക്കും. അതേസമയം, ചോയ്‌സില്ലാത്ത ന്യൂമെറിക്കല്‍ രീതിയില്‍ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല
പഠനരീതി
ദിവസം മൂന്നുമണിക്കൂര്‍ വീതം കോച്ചിങ് സെന്ററിലെ പരിശീലനം. ബാക്കി സമയം ഒറ്റയ്ക്കും കമ്പൈന്‍ഡ് സ്റ്റഡി ആയും പഠിച്ചു.
പഠിക്കുന്ന സമയത്തുതന്നെ ചെറിയ കുറിപ്പുകള്‍ എഴുതിവെക്കുന്ന ശീലമുണ്ടായിരുന്നു. കോച്ചിങ് തീര്‍ന്നപ്പോഴേക്കും ഞാന്‍ നാല് വര്‍ഷംകൊണ്ട് പഠിച്ചതിന്റെ കുറിപ്പുകള്‍ രണ്ട് ചെറിയ നോട്ട് ബുക്കുകളായി എന്റെ കൈയില്‍ ഉണ്ടായിരുന്നു. റിവൈസ് ചെയ്യുമ്പോള്‍ ഈ കുറിപ്പുകളാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്.
ആവശ്യമുള്ളത് പഠിച്ചു എന്ന തോന്നല്‍ ഉണ്ടാവുന്നതുവരെ പഠിക്കുക. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ചെറുകുറിപ്പുകള്‍ ഉണ്ടാക്കിയും മോക്ക് ടെസ്റ്റ് ചെയ്തും ചര്‍ച്ചചെയ്തും പരിശീലിക്കുക. മോക്ക് ടെസ്റ്റുകള്‍ കൂടുതല്‍ ചെയ്യുന്നതിലൂടെ എങ്ങനെയാണ് ചോദ്യങ്ങളെ നേരിടേണ്ടത്, ആദ്യം ഏതുതരം ചോദ്യങ്ങള്‍ ചെയ്യണം എന്നതിനെക്കുറിച്ച് നല്ല ധാരണ ലഭിക്കും. പ്രശ്‌നമാണെന്ന് തോന്നുന്ന വിഷയങ്ങള്‍ക്കുവേണ്ടി കൂടുതല്‍ സമയം നീക്കിവെക്കുക. സംശയങ്ങള്‍ ദൂരീകരിച്ച് അടുത്തതിലേക്ക് പോവുക. ഒരു ചോദ്യം എനിക്ക് മനസ്സിലാവുന്നത് പോലെയാകില്ല മറ്റൊരാള്‍ക്ക് മനസ്സിലാവുന്നത്. അതിനാല്‍ കമ്പൈന്‍ഡ് സ്റ്റഡി നല്ലതാണ്. സംശയങ്ങളില്ലാതെ പഠിച്ചാല്‍ ടെന്‍ഷന്‍ ഇല്ലാതെ പരീക്ഷയെ സമീപിക്കാം. ഞാന്‍ എന്റെ ഭാഗം ചെയ്തിട്ടുണ്ട്, പഠിച്ചിട്ടുണ്ട് എന്ന തോന്നല്‍ ഉണ്ടായാല്‍ ആത്മവിശ്വാസം കൂടും.
ടൈം മാനേജ്‌മെന്റ്
പഠിച്ച് കഴിയുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ സംഘടിപ്പിച്ച് അത് ചെയ്തുനോക്കും. അങ്ങനെ 2000 മുതലുള്ള ചോദ്യപ്പേപ്പര്‍ ചെയ്തുനോക്കി. ഫെബ്രുവരിയിലെ പരീക്ഷയ്ക്ക് മുമ്പുള്ള രണ്ടുമാസം കഠിന പരിശീലനമായിരുന്നു. കോച്ചിങ് സെന്ററില്‍ നിന്നുള്ള ടെസ്റ്റ് സീരിസുകളെല്ലാം ചെയ്തു. രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ആ സമയക്രമം പാലിച്ചുകൊണ്ട് റൂമില്‍ ഇരുന്ന് മോക്ക് ടെസ്റ്റുകള്‍ ചെയ്തുനോക്കി. ടൈം മാനേജ്മെന്റിന് ഇത് സഹായിച്ചു. തയ്യാറാക്കിയ കുറിപ്പുകള്‍കൊണ്ട് പഠിച്ചതെല്ലാം റിവൈസ് ചെയ്തു. കോച്ചിങ് കഴിഞ്ഞപ്പോഴേക്കും വിഷയവുമായി ബന്ധപ്പെട്ട് നല്ല ധാരണ ഉണ്ടായി. അതുകൊണ്ട് വലിയ ടെന്‍ഷന്‍ ഇല്ലാതെ പരീക്ഷ എഴുതി.
Content Highlights: GATE 2020 Rank Holder Athul Prakash Shares Preparation Strategy
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..