പ്രതിസന്ധികളോട് പൊരുതി നേടുന്ന നേട്ടങ്ങള്‍ക്ക് എപ്പോഴും ഇരട്ടി മധുരമായിരിക്കും. ഇത്തരത്തില്‍ സ്വപ്‌ന സമാനമായ ഒരു നേട്ടത്തിന്റെ നെറുകയിലാണ് രഞ്ജിത്ത് എന്ന യുവാവ്. കാസര്‍കോട് ജില്ലയിലെ പാണത്തൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് പരാധീനതകളോട് പടവെട്ടി ഇന്ന് റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന പദവിയിലെത്തി നില്‍ക്കുകയാണ് ഈ യുവാവ്. താന്‍ ജീവിതത്തില്‍ കടന്നുപോയ പ്രതിസന്ധികളെയും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നേട്ടങ്ങളേയും സംബന്ധിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ബെംഗളൂരു ക്രൈസ്റ്റ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരുന്ന രഞ്ജിത്തിന് ഏപ്രില്‍ ആറ് തിങ്കളാഴ്ചയാണ് ഐ.ഐ.എമ്മില്‍ നിന്നുള്ള അപ്പോയിമെന്റ് ഓര്‍ഡര്‍ ലഭിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിസന്ധികള്‍ പല വഴിയിലൂടെ എത്തിയപ്പോഴും തനിക്ക് താങ്ങായവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാന്‍ സാധിക്കുമെന്നാണ് രഞ്ജിത്ത് പറയുന്നതും സ്വന്തം ജീവിതം കൊണ്ട് കാട്ടി തരുന്നതും.

താന്‍ ഇപ്പോഴും താമസിക്കുന്ന കുടിലിന്റെ ചിത്രം ഉള്‍പ്പെടെയാണ് രഞ്ജിത്ത് തന്റെ അനുഭവ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെയാണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെയാണ് ജീവിക്കുന്നത് ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു ഐ.ഐ.എം. പ്രൊഫസര്‍ ജനിച്ചിരിക്കുന്നു. ഈ വീട് മുതല്‍ റാഞ്ചി വരെയുള്ള എന്റെ അനുഭവ കഥ പറയണമെന്ന് തോന്നി. ഇത് ഒരാളുടെയെങ്കിലും സ്വപ്‌നത്തിന് വളമാകുമെങ്കില്‍ അതാണ് എന്റെ വിജയം' ഇങ്ങനെയാണ് രഞ്ജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

മികച്ച മാര്‍ക്കോടെയാണ് രഞ്ജിത്ത് പ്ലസ്ടു പാസായത്. എന്നാല്‍, വീട്ടിലെ പരാധീനതയെ തുടര്‍ന്ന് പിന്നീടുള്ള പഠനം ചോദ്യ ചിഹ്നമായി തുടരുകയായിരുന്നു. ഈ കലയളവില്‍ പണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ അദ്ദേഹത്തിന് ലഭിച്ച രാത്രികാല സെക്യൂരിറ്റിയുടെ ജോലി തുടര്‍ പഠനം എന്ന അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ബി.എ. ഇക്കണോമിക്‌സിന് ചേരുകയായിരുന്നു. പകല്‍ പഠനവും രാത്രി കാലങ്ങളില്‍ ജോലിയുമായി ആയിരുന്നു ബിരുദം പൂര്‍ത്തിയാക്കിയത്.

ബിരുദത്തിന് ശേഷം കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തായാക്കാനും രഞ്ജിത്തിന് കഴിഞ്ഞു. മികച്ച മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് മുന്നില്‍ ഗവേഷണ വിദ്യാഭ്യാസത്തിന് ഐ.ഐ.ടി. മദ്രാസിന്റെ വാതില്‍ തുറക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും ഇവിടെ നിന്നായിരുന്നെന്നാണ് രഞ്ജിത്ത് അഭിപ്രായപ്പെടുന്നത്. തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ ജനിച്ച് വളര്‍ന്ന തനിക്ക് ആ പുതിയ ലോകം ഏറെ വെല്ലുവിളികളുടേതായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

പുതിയ സാഹചര്യവുമായി പൊരുത്തപെടാന്‍ കഴിയില്ലെന്ന തോന്നല്‍ എല്ലാം ഉപേക്ഷിക്കുക എന്ന തീരുമാനത്തിലാണ് എത്തിയത്. എന്നാല്‍, തന്റെ പി.എച്ച്.ഡി. ഗൈഡായ ഡോ.സുഭാഷും അദ്ദേഹത്തിന്റെ ഭാര്യ ഡോ.വൈദേഹിയുമായിരുന്നു ആ കാലഘട്ടില്‍ രഞ്ജിത്തിന് മനോധൈര്യം പകര്‍ന്നത്. തന്റെ തീരുമാനം തെറ്റാണെന്നു ബോധ്യപ്പെടുത്തുകയും പ്രതിസന്ധികളോട് പടവെട്ടാനുള്ള ഊര്‍ജം പകര്‍ന്നതും ഇവരാണെന്നും രഞ്ജിത്ത് നന്ദിയോടെ ഓര്‍ക്കുന്നു. അവിടെ നിന്നും വീണ്ടും തുടങ്ങിയ യാത്രയുടെ ഫലമാണ് ഇപ്പോള്‍ വന്നുചേര്‍ന്ന ഈ നേട്ടം.

പാണത്തൂര്‍ പോലെയൊരു മലയോര ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന, മലയാളം മാത്രം സംസാരിച്ച് ശീലിച്ച താന്‍ ഗവേഷണ കാലഘട്ടത്തില്‍ തന്നെ ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പേപ്പര്‍ പ്രസന്റേഷന്‍ നടത്തിയത് ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. ഇതിനുപുറമെ, രണ്ട് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ സാധിച്ചതും തന്റെ കരിയറിലെ വലിയ നേട്ടങ്ങളാണെന്ന് രഞ്ജിത്ത് അഭിപ്രായപ്പെടുന്നു.

Content Highlights: From humble background to IIM Assistant Professor, here is Ranjith R Panathur, success story