'അവള്‍ ഓഫീസിലൊന്നും പോകാറില്ല, ഏത് നേരവും വീട്ടിലെ കംപ്യൂട്ടറിനു മുന്നില്‍ തന്നെയാ. പക്ഷേ മാസാമാസം ശമ്പളം അക്കൗണ്ടിലെത്തുന്നുണ്ട്.'  മകളുടെ ഓഫീസിലെ ജോലിയൊക്കെ എങ്ങനെ പോകുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒരമ്മ പറഞ്ഞ മറുപടിയാണിത്. ഓഫീസ് ജോലികളോട് നോ പറഞ്ഞ് വീട്ടിലിരുന്ന് ഫ്രീലാന്‍സ് ചെയ്യാനാണ് ഇപ്പോഴത്തെ ന്യൂജെന്നിന് പ്രിയമെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ദിവസവും ഓഫീസില്‍ പോയി ഷിഫ്റ്റ് അനുസരിച്ച് ജോലി ചെയ്ത് മടുക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. അങ്ങനെയുള്ള ഫ്രീലാന്‍സിങ് കരിയര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്ന മേഖലകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കണ്ടെന്റ് റൈറ്റിങ്‌

വ്യാകരണപിശകില്ലാതെ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ശോഭിക്കാവുന്ന മേഖലയാണിത്. എല്ലാ മേഖലയിലും മികച്ച കണ്ടെന്റ റൈറ്റേഴ്‌സിന് വലിയ സ്വീകാര്യതയാണുള്ളത്. കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ എഴുതി ഫലിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ ബിസിനസ്, സറ്റാര്‍ട്ടപ്, സ്വകാര്യ മേഖലകളിലെല്ലാം അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. പാര്‍ട്ട് ടൈമായും ജോലിചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്

സ്റ്റാര്‍ട്ടപ്പ് രംഗത്ത് വളരെയധികം സാധ്യതകളുള്ള ഒന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. കുറഞ്ഞ ബഡ്ജറ്റിലുള്ള പല സ്റ്റാര്‍ട്ടപ്പുകള്‍ക്കു മുഴുവന്‍ സമയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങുകാരെ ജോലിക്ക് വെക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉത്പന്നങ്ങളോ സേവനങ്ങളോ മികച്ചതാക്കാന്‍ സഹായിക്കുന്ന ഫ്രീലാന്‍സ് ഡിജിറ്റല്‍ മാര്‍ക്കറ്റേഴ്‌സിന്റെ ആവശ്യം വരും. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി, കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ഫ്രീലാന്‍സിങ്ങിനുള്ള മികച്ച ഇടമാണ്.  

ഫിനാന്‍ഷ്യല്‍ അഡ്‌വൈസര്‍

കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അവരുടെ ധനകാര്യങ്ങളെ മാനെജ് ചെയ്യുന്ന ഒരാളുടെ ആവശ്യം പലപ്പോഴും ഉണ്ടാകാം. ഉപഭോക്താക്കളെ എങ്ങനെ കൈകാര്യം ചെയ്യണം, ഓരോ പദ്ധതികള്‍ക്കും എത്ര പണം ചെലവാക്കണം തുടങ്ങി, പലകാര്യങ്ങളിലും ഉപദേശം നല്‍കാന്‍ കഴിയുന്നവരാണ് ഇക്കൂട്ടര്‍. 

ഡാറ്റാ അനലിസ്റ്റ്

ഇന്റര്‍നെറ്റിന്റെ വരവോടെ ഡാറ്റാ അനലിസ്റ്റ് എന്ന മേഖലയിലെ തൊഴില്‍ സാധ്യതകള്‍ ആകാശംമുട്ടെയായെന്നു തന്നെ പറയാം. കംപ്യൂട്ടറുകളിലും വെബ്‌സൈറ്റുകളിലും സ്റ്റോര്‍ ചെയ്യപ്പെടുന്ന ഡാറ്റയെ എങ്ങനെ ബിസിനസിന് പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തുകയാണ് ഡാറ്റാ അനലിസ്റ്റുകളുടെ പണി. പലപ്പോഴും സ്റ്റാര്‍ട്ടപ്പുകള്‍ തന്നെയാണ് ഇത്തരം ഡാറ്റ അനാലിസിസിന് മുന്‍കൈയെടുക്കുക. 

വെബ് ഡെവലപ്പേഴ്‌സ്

ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള ജോലിയാണിത്. മിക്ക ബിസിനസുകളും ഓണ്‍ലൈനായതോടെ മികച്ച വെബ്‌സൈറ്റുകള്‍ക്ക് ആവശ്യക്കാരേറി. അതുകൊണ്ട് തന്നെ മികച്ച വെബ് ഡിസൈനര്‍മാര്‍ക്കും ആവശ്യക്കാരുണ്ട്. ഒരല്‍പം സര്‍ഗാത്മകതയും അഭിരുചിയുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ മേഖല തിരഞ്ഞെടുക്കാം.ഇതു കൂടാതെ ക്രിയേറ്റീവ് ഡിസൈനിങ്, വിദ്യാഭ്യാസരംഗം എന്നിവിടങ്ങളെല്ലാം ഫ്രീലാന്‍സിങ്ങിന്റെ വേദിയാകുകയാണ്. 

Content Highlights: Freelancing As A Career