വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് മികച്ച തൊഴില്‍പരിശീലനം ലഭിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പായ ഫോര്‍ത്ത് ആമ്പിറ്റ്.
 
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളിലെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ ഇന്റേണ്‍ഷിപ്പ് ഫെയറുകള്‍ സംഘടിപ്പിക്കുകകയാണ് ലക്ഷ്യം. 

ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷനുമായി (എ.ഐ.സി.ടി.ഇ) സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിലെ 500 ഓളം കോളേജുകളും പ്രമുഖ കമ്പനികളും പങ്കാളികളാകും. 

തെരഞ്ഞെടുപ്പ് പരീക്ഷയുടെയും അഭിമുഖത്തിന്റയും അടിസ്ഥാനത്തില്‍ 

വിവിധ കമ്പനികളുമായി നേരിട്ടു നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കമ്പനികളിലെ ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ആവശ്യകതയും വിലയിരുത്തി വിദഗ്ധരുടെ നേതൃത്വത്തില്‍ കമ്പനി പ്രാരംഭമായി അഭിരുചി പരീക്ഷ സംഘടിപ്പിക്കും. 

പരീക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ അഭിമുഖം നടത്തിയാണ് ഇന്റേണ്‍ഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. പരീക്ഷയിലും അഭിമുഖത്തിലും നേടിയ സ്‌കോര്‍ അനുസരിച്ച് ഷോര്‍ട്ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് തേടാനാകും. 15 മുതല്‍ 60 ദിവസം വരെയാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. 

വിവിധ കമ്പനികളിലെ അവസരങ്ങള്‍ വിലയിരുത്തി ഫെയറിന്റെ ആദ്യഘട്ടത്തില്‍ 1000ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പ് അവസരം ഒരുക്കുന്നത്. ഈ കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ഇതേ കമ്പനികളില്‍ തൊഴില്‍ നേടാനും അവസരമുണ്ടാകുമെന്ന് കമ്പനി മേധാവി ശ്യാം മേനോന്‍ പറഞ്ഞു. 

കേരളത്തില്‍ നടപ്പാക്കി വിജയിച്ചാല്‍ ദേശീയ തലത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ഫോര്‍ത്ത് ആമ്പിറ്റ് അംഗങ്ങളുടെ ലക്ഷ്യം.

പൂര്‍ണപിന്തുണയുമായി അസാപ്പ്

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കാന്‍ ഫോര്‍ത്ത് ആമ്പിറ്റ് നടത്തുന്ന പരിശ്രമങ്ങളെ അസാപ്പ് പിന്തുണയ്ക്കുമെന്ന് അസാപ്പ് സി.ഇ.ഒ ഡോ. സജിത് ബാബു ഐ.എ.എസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് കണ്ടെത്തി നല്‍കാന്‍ താത്പ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 15 വരെ ഫോര്‍ത്ത് ആംബിറ്റിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. 

രാജ്യത്തെ പതിനായിരത്തിലേറെ എന്‍ജിനിയറിങ്, എം.ബി.എ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും ഓണ്‍ലൈന്‍ കൂട്ടായ്മ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് തൃക്കാക്കര മോഡല്‍ എന്‍ജീനിയറിങ് കോളേജ് സഹപാഠികളായിരുന്ന റൂബി, ശ്യാം മേനോന്‍, രാഹുല്‍ ദാസ്, ജിക്കു ജോളി എന്നിവര്‍ ചേര്‍ന്ന്  ഫോര്‍ത്ത് ആമ്പിറ്റ്  (www.fourthambit.com) എന്ന ഓണ്‍ലൈന്‍ കമ്യൂണിറ്റി പ്ലാറ്റ്ഫോം തുടങ്ങിയത്. 

ഇതേ പ്ലാറ്റ്ഫോമിലൂടെ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ നിരക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സംരംഭം. അഭ്യസ്തവിദ്യരെ തൊഴില്‍ തേടാന്‍ പ്രേരിപ്പിക്കുകയാണ് ഈ യുവ സംരംഭകര്‍.