രാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ് എന്ന വാക്യത്തെ അന്വര്‍ഥമാക്കുന്നതാണ് ഹരിയാണയിലെ സിര്‍സ സ്വദേശിയായ വിജയ് വര്‍ധന്റെ കഥ. 2018-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 104-ാം റാങ്കിനുടമയായ വിജയ് വര്‍ധന്‍ അതിനുമുമ്പ് സര്‍ക്കാര്‍ ജോലിക്കുള്ള 35 പരീക്ഷകളിലാണ് തോല്‍വി രുചിച്ചത്. സിവില്‍ സര്‍വീസ് നേട്ടമാകട്ടെ, അഞ്ചാമത്തെ ശ്രമത്തിലും.

2013-ലാണ് ഇലക്ട്രോണിക് എന്‍ജിനീയറിങ്ങിൽ ബിരുദം പൂര്‍ത്തിയാക്കിയ വിജയ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഡല്‍ഹിയിലെത്തുന്നത്. 2014-ല്‍ ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയപ്പോള്‍ ആദ്യ പരാജയവുമറിഞ്ഞു. തൊട്ടടുത്ത വര്‍ഷം പ്രിലിമിനറിയില്‍ ജയിച്ചെങ്കിലും മെയിന്‍ പരീക്ഷ ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. 2016-ലും 2017-ലും പരാജയം വിടാതെ പിന്തുടര്‍ന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ 2018-ല്‍ ജയം വിജയ്‌ക്കൊപ്പം നിന്നു. 

ഈ വര്‍ഷങ്ങളില്‍ സിവില്‍ സര്‍വീസ് മാത്രമായിരുന്നില്ല വിജയ് എഴുതിയത്, സര്‍ക്കാര്‍ സര്‍വീസുകളിലെ ഗ്രേഡ് എ, ഗ്രേഡ് ബി തസ്തികകളില്‍ 35-ഓളം പരീക്ഷകളാണ് അദ്ദേഹം എഴുതിയത്. യു.പി പി.എസ്.സി, ഹരിയാണ പി.എസ്.സി, എസ്.എസ്.സി സി.ജി.എല്‍, എല്‍.ഐ.സി, നബാര്‍ഡ്, ആര്‍.ആര്‍.ബി, ആര്‍.ബി.ഐ എന്നിങ്ങനെ പോകുന്നു പരീക്ഷകള്‍. 

മിക്ക പരീക്ഷകളിലും ആദ്യഘട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞപ്പോള്‍ രണ്ടാം ഘട്ടത്തിലും ഇന്റര്‍വ്യൂ റൗണ്ടുകളിലും പരാജയപ്പെട്ടു, എന്തിനേറെ, ചില പരീക്ഷകളില്‍ മെഡിക്കല്‍ എക്‌സാമിലും ഡോക്യൂമെന്റ് വെരിഫിക്കേഷനിലും പരാജയപ്പെട്ടു. എന്നാല്‍ പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയ വിജയ് ഒടുവില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

സിവില്‍ സര്‍വീസില്‍ 104-ാം റാങ്ക് നേടിയ വിജയ് ഐ.പി.എസാണ് തിരഞ്ഞെടുത്തത്. നിശ്ചയദാര്‍ഢ്യത്തിനും സ്ഥിരോത്സാഹത്തിനും മുന്നില്‍ വിജയം കീഴടങ്ങുമെന്ന് ഈ യുവാവ് തെളിയിക്കുന്നു. പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന തിരിച്ചറിവാണ് യുവ തലമുറയ്ക്ക് ഏറ്റവും അത്യാവശ്യമെന്നും വിജയ് ഓര്‍മിപ്പിക്കുന്നു.

കടപ്പാട് - ടൈംസ് നൗ

Content Highlights: Failed in 35 Govt Job Exams; Cracked CSE in 5th Attempt with AIR 104