സംരംഭകത്വ മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസ് എം.എസ്.  ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലൂടെ അവസരമൊരുക്കുന്നു. പഠിക്കുന്നതിനൊപ്പം വ്യത്യസ്ത ആശയങ്ങള്‍ നടപ്പാക്കാന്‍വേണ്ട സഹായങ്ങളും നല്‍കും. ബിരുദ, ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാര്‍ട്ടപ്പ്, ഇന്‍ക്യുബേഷന്‍ അനുബന്ധമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രോഗ്രാം നടത്തുന്നത്. നൂതന സാങ്കേതികവിദ്യയിലൂടെ സമൂഹത്തിന് ഗുണകരമായ രീതിയില്‍ പുതിയ സംരംഭങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.

ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വ്യവസായലോകത്തെ സാധ്യതകള്‍ അറിഞ്ഞ് ഐ.ഐ.ടി. മദ്രാസിലെ വിവിധ ഫാക്കല്‍റ്റികളുമായി വാണിജ്യവത്കരിക്കാവുന്ന ആശയങ്ങളില്‍ പ്രവര്‍ത്തിക്കാം. സംരംഭകത്വ അവസരങ്ങള്‍ എങ്ങനെ കണ്ടെത്താം, പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ സ്ഥാപിക്കാം, അതിനുള്ള സഹായങ്ങള്‍, കൂടാതെ ആശയങ്ങളില്‍ കൃത്യമായ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ആശയം വികസിപ്പിക്കുന്നതുമുതല്‍ എല്ലാ സമയത്തും ഐ.ഐ.ടി. സംവിധാനങ്ങള്‍ കൂടെയുണ്ടാകും. ഫാക്കല്‍റ്റി അംഗങ്ങള്‍ അവരുടെ സാങ്കേതികവിദ്യ നല്‍കും. വ്യത്യസ്തമായ സംരംഭങ്ങള്‍ തുടങ്ങാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയും. കൂടാതെ, വിവിധ കമ്പനികളുടെ മേധാവികളുമായും ഓരോ മേഖലയിലെ വിദഗ്ധരുമായും ആശയവിനിമയം നടത്താം.

ഇന്‍ക്യുബേഷന്‍ സെല്‍

രാജ്യത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററാണ് മദ്രാസ് ഐ.ഐ. ടി.യിലുള്ളത്. ഐ.ഐ.ടി.യിലെ പ്രീഇന്‍ക്യുബേഷന്‍ സെല്‍, ഓണ്‍ട്രപ്രണര്‍ഷിപ്പ് സെല്‍, സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍, ജി.ഡി. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ്, ഐ.ഐ.ടി.എം. ഇന്‍ക്യുബേഷന്‍ സെല്‍, റിസര്‍ച്ച് പാര്‍ക്ക് തുടങ്ങിയ റിസോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ളവ കോഴ്‌സിന്റെ ഭാഗമായി ഉപയോഗിക്കാം.

വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന 14 മേഖലകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. താത്പര്യം അനുസരിച്ച് പരമാവധി മൂന്നെണ്ണം തിരഞ്ഞെടുക്കാം. ഓരോ മേഖലയ്ക്കും അതുമായുള്ള യോഗ്യതാ വ്യവസ്ഥകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.


വാണിജ്യവത്കരിക്കാൻ സാധ്യതയുള്ള ആശയങ്ങളിൽ ഒട്ടേറെ ഗവേഷണങ്ങൾ ഐ.ഐ.ടി. മദ്രാസിൽ നടക്കുന്നുണ്ട്. ആശയങ്ങളും അവ വികസിപ്പിക്കാനുള്ള പദ്ധതികളുമാണ് ആവിഷ്‌കരിക്കുന്നത്. ആശയങ്ങൾ ലാബിൽനിന്ന് വിപണിയിലേക്ക് എത്തിക്കുകയും സംരംഭകരെ വാർത്തെടുക്കുകയുമാണ് കോഴ്‌സ് ലക്ഷ്യമിടുന്നത്. 

ഡോ. അശ്വിൻ മഹാലിംഗം, അസോസിയേറ്റ് പ്രൊഫസർ, ഐ.ഐ.ടി. മദ്രാസ്

 

അവസാന തീയതി: നവംബര്‍ 30 വിവരങ്ങള്‍ക്ക്: research.iitm.ac.in

Content Highlights: Entrepreneurship Program in IIT Madras