എന്‍ജിനീയറിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല. എന്നാല്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നവര്‍ക്കുമാത്രമാണ് ഭാവിയില്‍ മികച്ച അവസരങ്ങളുണ്ടാവുക. മാതൃഭൂമി തൊഴില്‍വാര്‍ത്ത 'എന്‍ജിനീയറിങ് അടുത്ത 10 വര്‍ഷത്തില്‍' എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിദഗ്ധര്‍ പങ്കുവച്ച അഭിപ്രായങ്ങള്‍

ര്‍ഷം ഒന്നരലക്ഷം എന്‍ജിനീയര്‍മാരാണ് ഇന്ത്യയില്‍ കോഴ്സ് കഴിഞ്ഞിറങ്ങുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും നല്ല ജോലി ലഭിക്കുന്നില്ല. ഇതുകൊണ്ടാണ് കൂണ്‍പോലെ മുളച്ചുപൊന്തുന്ന എന്‍ജിനീയറിങ് കോളേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2020 മുതല്‍ പുതിയതായി ഒരു എന്‍ജിനീയറിങ് കോളേജിനും അനുമതി നല്‍കില്ലെന്നാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) നിലപാട്. ഹൈദരാബാദ് ഐ.ഐ.ടി. ചെയര്‍മാനായിരുന്ന ബി.വി.ആര്‍. മോഹന്‍ റെഡ്ഡി അധ്യക്ഷനായ സമിതിയാണ് എ.ഐ.സി.ടി.ഇ.യുടെ മുന്നില്‍ ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്.

അടുത്ത പത്തുവര്‍ഷത്തില്‍ നമ്മുടെ എന്‍ജിനീയറിങ് വിദ്യാഭ്യാസം പണ്ടത്തെപ്പോലെ ഏതാനും കോളേജുകളില്‍ ഒതുങ്ങും. പഠിക്കാനാവുന്നവരേ അതില്‍ ചേരൂ. അവരിലധികവും മികച്ചവിജയം നേടി പാസാവുന്നവരുമായിരിക്കും. എന്‍ജിനീയറിങ് പാസാകുന്നവര്‍ക്ക് ഏതൊക്കെ കഴിവുണ്ടാകണമെന്ന് വാഷിങ്ടണില്‍ എടുത്ത തീരുമാനത്തില്‍ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. ഒപ്പുവെച്ചവ പാലിക്കാന്‍ എ.ഐ.സി.ടി.ഇ. ശ്രദ്ധകാണിക്കുന്നില്ല. എന്‍ജിനീയറിങ്ങിന്റെ വിവിധ വകഭേദങ്ങള്‍ ഇനിയും സൃഷ്ടിക്കപ്പെടുകയും അവ വളരുകയും ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അന്യരാജ്യങ്ങളിലെ വൃദ്ധന്മാര്‍ക്കുവേണ്ടി അടിമപ്പണി ചെയ്യേണ്ടിവരും.

- ഡോ. രാജന്‍ ഗുരുക്കള്‍, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍

പകുതി സീറ്റുകളിലും ആളില്ല

കേരളത്തില്‍ 50 ശതമാനത്തിലധികം സീറ്റുകളില്‍ പഠിക്കാന്‍ ആളില്ല എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് ഈവര്‍ഷം സെപ്റ്റംബറില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായത്.

കേരള സാങ്കേതികസര്‍വകലാശാലയ്ക്കുകീഴില്‍ സംസ്ഥാനത്ത് 119 സ്വാശ്രയ കോളേജുകളുണ്ട്. സീറ്റുകള്‍ കൂടുതലും ഒഴിഞ്ഞുകിടക്കുന്നത് സ്വാശ്രയകോളേജുകളിലാണ്. ഇവയില്‍ ഒരു കോളേജ് ഒഴികെ മറ്റെല്ലാം 2000-ത്തിനുശേഷം നിലവില്‍വന്നവയാണ്.

വാരിക്കോരി എന്‍ജിനീയറിങ് കോളേജുകള്‍ അനുവദിച്ച നീക്കം ബോധ്യമാകാന്‍ ഈ കണക്കുതന്നെ ധാരാളം. ഉന്നതവിദ്യാഭ്യാസത്തിനായുള്ള സ്ഥാപനങ്ങളുടെ എണ്ണം കൂടിയപ്പോള്‍ സംഭവിച്ചത് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയാണ്.

ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് നേരിടുന്ന വെല്ലുവിളി എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി പോലുള്ള ഇടനിലക്കാരില്‍നിന്നാണ്. ഇവരുടെ സ്വാധീനം കാരണം കുട്ടികള്‍ക്ക് അഭിരുചിക്കനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കാനാകുന്നില്ല. സ്‌കൂള്‍തലത്തില്‍ കരിയര്‍വിദ്യാഭ്യാസം നല്‍കാത്തതിനെ മുതലെടുത്താണ് യോഗ്യതയില്ലാത്ത കണ്‍സള്‍ട്ടന്‍സിക്കാര്‍ വിലസുന്നത്.

- കെ.ജി. മധു, സെക്രട്ടറി,  കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍

നിലവാരം എവിടെ?

ഇന്ത്യയില്‍ തൊഴിലില്ലായ്മ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുന്ന സമയമാണിപ്പോള്‍. നിലവാരം കുറഞ്ഞ എന്‍ജിനീയറിങ് കോളേജുകളില്‍നിന്ന് തൊഴിലിടങ്ങളിലേക്ക് ആവശ്യമായ ഉദ്യോഗാര്‍ഥികളെ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.

കൂടാതെ നിലവിലുള്ള തൊഴിലവസരത്തേക്കാള്‍ അധികംപേര്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നുമുണ്ട്.

സാങ്കേതികവിദ്യാഭ്യാസമേഖലയില്‍ സുസ്ഥിരനിലവാരം സാധ്യമാക്കാന്‍ അടുത്ത ദശകത്തില്‍ സാധിക്കുമോ എന്ന് കണ്ടുതന്നെയറിയണം.

എന്‍ജിനീയറിങ് ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ അണ്‍ എംപ്ലോയ്മെന്റിനെക്കാളും അണ്ടര്‍ എംപ്ലോയ്മെന്റാണ് കൂടുതല്‍. അണ്ടര്‍ എംപ്ലോയ്മെന്റ് എന്നത് ജോലി ഇല്ലാതിരിക്കുന്ന അവസ്ഥയല്ല. ഏതെങ്കിലും വിഷയം പഠിച്ചതിന് ശേഷം ഇഷ്ടമില്ലാത്ത അല്ലെങ്കില്‍ അര്‍ഹിക്കുന്നതിലും താഴെ ജോലിചെയ്യുന്ന സാഹചര്യമാണിത്. ഇന്നത്തെ സാഹചര്യത്തില്‍ ഈ അവസ്ഥയാണ് കൂടുതല്‍.

- വി.കെ. ആദര്‍ശ്, സാങ്കേതിക വിദഗ്ധന്‍, ഗ്രന്ഥകാരന്‍


അഭിരുചിക്ക് പ്രാധാന്യം

എന്‍ജിനീയറിങ് ബിരുദധാരികള്‍ ബാങ്കുകളിലേക്കുള്ള പരീക്ഷയെഴുതി ജയിക്കുന്നു. സിവില്‍ സര്‍വീസിലേക്ക് മത്സരിച്ച് പഠിക്കുന്നു. ഇത്തരത്തില്‍ നിരവധി മേഖലകളില്‍ എന്‍ജിനീയറിങ് ബിരുദധാരികളെ കാണാം.

ആര്‍.ബി.ഐ. ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് കഴിഞ്ഞ് ഇക്കണോമിക്സ് മേഖലയിലേക്ക് കടന്നുവന്നതാണ്. അതുപോലെ മില്‍ക്ക് മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍നിന്നാണ് ഡെയറി ഡവലപ്‌മെന്റിലേക്ക് എത്തുന്നത്. ഇത്തരത്തില്‍ എന്‍ജിനീയറിങ് കഴിഞ്ഞ് മറ്റ് മേഖലയിലേക്ക് കടന്നുവരുന്നവര്‍ ശോഭിക്കുന്നുണ്ട്. എന്നാല്‍ വ്യക്തമായ ലക്ഷ്യബോധമില്ലാതെ വീണുപോകുന്നവര്‍ അനവധിയാണ്. ഇന്ന് അഭിരുചിക്ക് പ്രാധാന്യം നല്‍കി മുന്നോട്ടുപോകാന്‍ വലിയ വെല്ലുവിളിയാണ് വിദ്യാര്‍ഥിസമൂഹം നേരിടുന്നത്.

അഭിരുചിക്കനുസരിച്ചുവേണം വിദ്യാഭ്യാസം. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. കാരണം ജോലിക്കുവേണ്ടി മാത്രമല്ല പഠനം. എന്‍ജിനീയറിങ് എന്നത് വെറും കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്നവര്‍ക്കുള്ളതല്ല. ക്രിയേറ്റിവിറ്റിയും ഡിസൈന്‍ചെയ്യാനുള്ള താത്പര്യവും ഉള്ളവര്‍ക്കുള്ളതാണ്.
പഠിച്ചാല്‍ ഉടന്‍ ജോലി എന്ന ചിന്തയ്ക്കുമുകളില്‍ വരുന്നൊരു യുവതലമുറയെയാണ് നമുക്കാവശ്യം.

- പ്രൊഫ. ഡോ. കുഞ്ചെറിയ പി. ഐസക്, ഡോ. എ.പി.ജെ. അബ്ദുള്‍കലാം സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍

thozhil

Content Highlights: Engineering Education, career in engineering