വട്ടപ്പൂജ്യത്തിൽനിന്ന് ഭൂമി കണ്ട ഏറ്റവും വലിയ ധനികൻ; ഇലോൺ മസ്‌ക് ഒരു പേരല്ല, അദ്ഭുതമാണ്‌


ഭാഗ്യശ്രീ

ഇലോണ്‍ മസ്‌ക് എന്ന ഭ്രാന്തന്‍ ആശയക്കാരനെ ബുദ്ധിരാക്ഷസനായ ബിസിനസുകാരനായി ലോകം അംഗീകരിക്കാനാരംഭിച്ചിട്ട് അധികകാലമായിട്ടില്ല

Success Stories

ഇലോൺ മസ്‌ക് (Photo: AFP)

ഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് റോക്കറ്റില്‍ പോവുക, ബഹിരാകാശ ടാക്സി സര്‍വീസ്, ലോകം മുഴുവന്‍ വൈഫൈ, 2050-ല്‍ ചൊവ്വയില്‍ കോളനി ഉണ്ടാക്കി 10 ലക്ഷം ആളുകളെ താമസിപ്പിക്കുക... കേട്ടവരെല്ലാം പരിഹസിച്ച ആശയങ്ങള്‍. ഭ്രാന്തന്‍ചിന്തകളെന്ന് മറ്റുള്ളവര്‍ തള്ളിപ്പറഞ്ഞ പദ്ധതികളില്‍ അണുവിട മാറ്റം വരുത്താതെ യാഥാര്‍ത്ഥ്യമാക്കി കാണിച്ചു കൊടുക്കാന്‍ കെല്‍പ്പുള്ളവന്‍. മുറിച്ചിട്ടാല്‍ മുറി കൂടുന്ന ഇനം. ഇലോണ്‍ മസ്‌ക് എന്ന എലോണ്‍ റീവ് മസ്‌ക്

ഒറ്റ ട്വീറ്റില്‍ ഓഹരി വിപണി ഇളക്കി മറിക്കുന്ന ആ കച്ചവടക്കാരന്‍ ഇനി ട്വിറ്ററിന്റെ ഉടമയാണ്. 4,400 കോടി ഡോളറിനാണ് ആ വമ്പന്‍ ഇടപാട് നടന്നത്. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏകദേശം 3.36 ലക്ഷം കോടി. മസ്‌കിനെ കുറിച്ച് എത്ര പൊലിപ്പിച്ചാലും അത് അധികമാവില്ല. ബഹിരാകാശ യാത്രകള്‍, ഇലക്ട്രിക് കാറുകള്‍, സോളാര്‍ ബാറ്ററികള്‍, ന്യൂറാ ലിങ്ക്, ഹൈപ്പര്‍ ലൂപ്... ശാസ്‌ത്ര ലോകത്തെ അത്ഭുതങ്ങളെ ബിസിനസാക്കി മാറ്റി നമ്മെ അത്ഭുതപ്പെടുത്തിയ ഇലോണ്‍ മസ്‌കിനും ഉയിര്‍ത്തെണീറ്റവന്റെ കഥ പറയാനുണ്ട്. തകര്‍ന്ന് തരിപ്പണമായിടത്തു നിന്നാണ് ഇലോണ്‍ മസ്‌ക് എന്ന ഭൂമിയിലെ ഏറ്റവും വലിയ കോടീശ്വരനുണ്ടായത്.

വട്ടപ്പൂജ്യത്തില്‍നിന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നതയിലേക്കുള്ള ഇലോണ്‍ മസ്‌കിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. തിരസ്‌കാരങ്ങളുടെയും നഷ്ടങ്ങളുടെയും അധ്വാനത്തിന്റെയും കഥകള്‍ ധാരാളമുണ്ട്. കോവിഡ് തകര്‍ത്ത 2020 എന്ന ഒറ്റ വര്‍ഷം കൊണ്ട് മസ്‌ക് വാരിക്കൂട്ടിയത് 150 ബില്യന്‍ ഡോളറിലധികം വരുമാനമാണ്. ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ ആത്മവിശ്വാസം മാത്രം മതിയെന്ന് തെളിയിച്ച ആ മനുഷ്യന് ഒരു പക്ഷേ ആ നേട്ടം ചെറുതായിരിക്കാം. പക്ഷേ, ലോകത്തിന് പകരം വെയ്ക്കാനില്ലാത്ത മാതൃകയാണ് മസ്‌ക്

അതിസങ്കീര്‍ണമായ സാങ്കേതിക വിദ്യകള്‍ കൈപ്പിടിയിലൊതുക്കി, ദീര്‍ഘവീക്ഷണത്തോടെ ബിസിനസ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ വിദഗ്ധനാണ് മസ്‌ക്. അത് തന്നെയാണ് വിജയമന്ത്രവും. ബിസിനസ് പ്ലാനുകള്‍ ലോകം മനസില്‍ കാണുമ്പോഴേക്കും മസ്‌ക് അത് പ്രാവര്‍ത്തികമാക്കിയിരിക്കും.

സ്‌കൂളില്‍നിന്ന് തുടങ്ങിയ പരിഹാസത്തില്‍നിന്ന് ചെറുസംരംഭകനിലേക്കും അതില്‍നിന്ന് രണ്ട് പ്രധാന കമ്പനികളുടെ ( സ്‌പേസ് എക്‌സ്, ടെസ്‌ല) സി.ഇ.ഒ പദവിയിലേക്കും വളരാന്‍ മസ്‌കിനെ സഹായിച്ചതും ആ ദീര്‍ഘവീക്ഷണമാണ്. സ്‌പേസ് ടൂറിസത്തെ കുറിച്ച് ലോകം കേട്ടുതുടങ്ങുന്നതിനും 18 വര്‍ഷം മുന്‍പാണ് മസ്‌ക് ഈ ആശയവുമായി എത്തിയത്. അന്ന് നീല്‍ ആംസ്‌ട്രോങ് ഉള്‍പ്പടെയുള്ളവര്‍ മസ്‌കിന്റെ ആശയത്തെ തള്ളിപ്പറഞ്ഞിരുന്നുവെന്നത് ചരിത്രം.

കുട്ടിക്കാലം

1971 ജൂണ്‍ 28-ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ സമ്പന്ന കുടുംബത്തിലാണ് മസ്‌കിന്റെ ജനനം, എന്‍ജിനീയറായിരുന്ന എറോള്‍ മസ്‌കിന്റെയും മോഡലും ഡയറ്റീഷ്യനുമായിരുന്ന മെയ് മസ്‌കിന്റെയും മൂന്ന് മക്കളില്‍ മൂത്തവന്‍. ഒന്‍പതാം വയസില്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍, പൊതുവേ അന്തര്‍മുഖന്‍, പറയത്തക്ക സുഹൃത്തുക്കളൊന്നുമില്ലാത്ത സ്‌കൂള്‍ കാലം. കൂട്ടുകാരില്‍നിന്നു കളിയാക്കലും തല്ലുകൊള്ളലും സ്ഥിരമായിരുന്നു അക്കാലത്ത്

മാതാപിതാക്കളുടെ വേര്‍പിരിയില്‍ കുഞ്ഞുമസ്‌കിനെ എത്ര മാത്രം വേദനിപ്പിച്ചുവെന്നതിന് തെളിവായിരിക്കാം പില്‍ക്കാലത്ത് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ച പിതാവിനോടുള്ള വെറുപ്പ്. അക്കാലത്ത് പുസ്തകങ്ങളും കമ്പ്യൂട്ടറുമായിരുന്നു മസ്‌കിന്റെ ലോകം. കമ്പ്യൂട്ടര്‍ ഗെയിമുകളോട് ഏറെ ഇഷ്ടമുണ്ടായിരുന്ന മസ്‌ക് ധാരാളം സമയം അതിനായി ചെലവഴിച്ചു. ആ കൗതുകവും താത്പര്യവും അവിടെയും നിന്നില്ല. ഗെയിമുകളെങ്ങനെ ഉണ്ടാക്കുന്നുവെന്നായി ആലോചന. ഇതേ കുറിച്ചായി പിന്നീട് വായനയും പഠനവും. കോഡിങ് സ്വയം പഠിച്ച് മസ്‌ക് സ്വന്തമായി ഗെയിം നിര്‍മ്മിച്ചു. 12-ാം വയസില്‍ നിര്‍മ്മിച്ച ബ്ലാസ്റ്റേഴ്‌സ് എന്ന ഗെയിം 500 ഡോളറിനാണ് അന്ന് വിറ്റത്. മസ്‌കിന്റെ ബിസിനസ് മൈന്‍ഡ് അവിടെയും നിന്നില്ല. സാമാന്യം വലിപ്പമുള്ള തന്റെ വീട് അവധിദിവസങ്ങളില്‍ പാര്‍ട്ടി നടത്താന്‍ നല്‍കി മസ്‌ക് അതില്‍നിന്നു പോക്കറ്റ്മണിയുണ്ടാക്കി.

എക്കണോമിക്‌സിലും, ഫിസിക്‌സിലും പെന്‍സില്‍വാനിയയില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ മസ്‌ക് പിന്നീട് പോയത് കാലിഫോര്‍ണിയയിലേക്കാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എനര്‍ജിഫിസിക്‌സില്‍ പിഎച്ച്.ഡിക്കായി പോയ മസ്‌ക് ബിസിനസാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് രണ്ടാം ദിവസം പഠനമുപേക്ഷിച്ചു. സഹോദരനൊപ്പം സിപ്പ് 2(ZIP2) എന്ന പേരില്‍ വാര്‍ത്താ വെബ്‌സൈറ്റ് ആരംഭിച്ചു. 20,000 ഡോളര്‍ കൊണ്ടാരംഭിച്ച സിപ് 2 രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം ആ സഹോദരങ്ങള്‍ വിറ്റത് 307 മില്യന്‍ ഡോളറിനാണ്. പിന്നീട് x.com എന്ന പേരില്‍ മറ്റൊരു കമ്പനി ആരംഭിച്ചു. ഓണ്‍ലൈന്‍ ബാങ്കായിരുന്ന x.com നെ 1.5 ബില്യന്‍ ഡോളര്‍ കൊടുത്ത് പിന്നീട് e-bay സ്വന്തമാക്കി. പിന്നീട് അതാണ് ലോക പ്രശസ്ത പണമിടപാട് ആപ് ആയി മാറിയ Paypal.

സ്പേസ് എക്സിന്റെ പിറവി

പല തവണ മനസിലുറപ്പിച്ച സ്പേസ് ടൂറിസം എന്ന സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള യാത്രയിലായിരുന്നു പിന്നീട് മസ്‌ക്. 2002-ലാണ് ചെലവ് ചുരുക്കി ബഹിരാകാശ യാത്ര എന്ന ആശയത്തില്‍ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് എന്ന കമ്പനി മസ്‌ക് തുടങ്ങുന്നത്. വളരെപ്പെട്ടെന്നുതന്നെ സ്‌പേസ് എക്സ് അതിന്റെ പ്രവര്‍ത്തനമേഖലയില്‍ മികവ് തെളിയിക്കുകയും വിശ്വാസ്യത ആര്‍ജിക്കുകയും ചെയ്തു. 2008-ല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള കാര്‍ഗോ ഗതാഗതത്തിന് നാസ സ്‌പേസ് എക്‌സുമായി കരാര്‍ ഒപ്പിട്ടു.

കൂടുതല്‍ കരിയര്‍/ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

2012 മേയ് 22-നായിരുന്നു ആ ചരിത്രനിമിഷം - ലോകത്ത് ആദ്യമായി ഒരു സ്വകാര്യ കമ്പനി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സ്പേസ്-ക്രാഫ്റ്റ് വിക്ഷേപിച്ചു. ഇലോണ്‍ മസ്‌കിനെ ലോകം ആരാധനയോടെ നോക്കിയ നിമിഷമായിരുന്നു അത്. ബഹിരാകാശനിലയത്തില്‍ കഴിഞ്ഞിരുന്ന ബഹിരാകാശയാത്രകര്‍ക്കായി 1000 പൗണ്ട് അവശ്യസാധനങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് കുതിച്ചു പൊങ്ങി.

2013ലും 2015-ലും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 വീണ്ടും വാര്‍ത്ത സൃഷ്ടിച്ചു. 2007 മാര്‍ച്ചില്‍ സ്‌പേസ് എക്‌സിന്റെ സ്വപ്നപദ്ധതിയായ പുനരുപയോഗ സാധ്യതയുള്ള റോക്കറ്റ് വിക്ഷേപണവും വിജയം കണ്ടു. ഫാല്‍ക്കണ്‍ ഹെവിയുടെ മറ്റൊരു ശ്രദ്ധേയ ബഹിരാകാശയാത്ര 2018 ഫ്രെബുവരി ആറിനായിരുന്നു. അമേരിക്കയില്‍ ഫ്‌ളോറിഡയിലുള്ള കെയ്പ് കാനവറിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ചെറി നിറത്തിലുള്ള ടെസ്ല കാറിനെയും അതില്‍ ഇരുത്തിയ സ്റ്റാര്‍മാന്‍ എന്ന പാവമനുഷ്യനെയും വഹിച്ചാണ് ഫാല്‍ക്കണ്‍ ഹെവി അന്ന് കുതിച്ചുപൊങ്ങിയത്

2021 മെയില്‍ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഡ്രാഗണ്‍ ക്യാപ്‌സൂളിലേറി സഞ്ചാരികള്‍ ചരിത്രത്തിലേക്ക് കുതിച്ചു. നാളെ ഭൂമി വാസയോഗ്യമല്ലാതായാലും മനുഷ്യന് പാര്‍ക്കാന്‍ ഇടമില്ലാതാകരുതെന്ന ചിന്തയാണ് മസ്‌കിനെ ബഹിരാകാശത്ത് മനുഷ്യകോളനി സ്ഥാപിക്കണമെന്ന ആലോചനയ്ക്കായി പ്രേരിപ്പിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ടെസ്ലയെന്ന റിസ്‌ക്

2004-ലാണ് മസ്‌ക് വരുമാനത്തിന്റെ ഭൂരിഭാഗവും ടെസ്‌ല എന്ന ഇലക്ട്രിക് കാര്‍ കമ്പനിയിലേക്ക് ഇന്‍വെസ്റ്റ് ചെയ്തത്. അന്ന് കമ്പനി അത്ര നല്ല നിലയിലായിരുന്നില്ല. പക്ഷേ, മസ്‌ക് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. 2008-ലെ സാമ്പത്തികമാന്ദ്യത്തില്‍ കമ്പനി തകര്‍ന്നടിഞ്ഞു. പിന്നോട്ടില്ലെന്ന ഉറച്ച വാശിയില്‍ ആ വര്‍ഷം തന്നെ ഒറ്റ ചാര്‍ജിങില്‍ 320 കിലോ മീറ്റർ സഞ്ചരിക്കാവുന്ന റോഡ്സ്റ്റര്‍ കാര്‍ പുറത്തിറക്കി കമ്പനി വീണ്ടും ഉയര്‍ന്നു. വാടക കൊടുക്കാന്‍ വരെ ബുദ്ധിമുട്ടിയിരുന്ന കാലത്തുനിന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നതയിലേക്ക് മസ്‌ക് നടന്നു തുടങ്ങി. തളരാത്ത മനസും കഠിനാധ്വാനവുമായിരുന്നു കൈമുതല്‍. അക്കാലത്ത് 20 മുതല്‍ 22 മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്നതായി മസ്‌ക് പറഞ്ഞിട്ടുണ്ട്.

2013-ല്‍ സോളാര്‍ സിറ്റി സ്ഥാപിച്ച് മസ്‌ക് വീണ്ടും ഞെട്ടിച്ചു. ഇന്ന് അമേരിക്കയിലെ ഏറ്റവും സോളാര്‍ കമ്പനികളില്‍ ഒന്നാണ് സോളാര്‍ സിറ്റി. തീര്‍ന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലാണ് മസ്‌ക് പിന്നെ കൈവെച്ചത്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾക്ക് വേണ്ടിയുള്ള Open AI എന്ന നോണ്‍ പ്രോഫിറ്റ് കമ്പനി. മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് കമ്പ്യൂട്ടറുമായി സംവേദനം സാധ്യമാക്കുന്ന ന്യൂറാലിങ്ക്.

അതിവേഗയാത്ര സാധ്യമാകുന്ന ഹൈപ്പര്‍ ലൂപ്പ് എന്ന ഗതാഗത സാങ്കേതിക വിദ്യയായിരുന്നു മറ്റൊന്ന്. മസ്ക് ആണ് ഇങ്ങനെ ഒരാശയം ആദ്യമായി മുന്നോട്ടുവെച്ചത്. വായുമർദം കുറഞ്ഞ ഒരു കുഴലിലൂടെ മണിക്കൂറില്‍ 1000 കിലോ മീറ്റര്‍ വേഗതയില്‍ ഒരു പോഡിൽ സഞ്ചരിക്കുന്ന ഗതാഗത സംവിധാനം. ഈ സാങ്കേതിക വിദ്യ ഓപ്പൺ സോഴ്സ് ആക്കി മാറ്റുകയും മറ്റ് കമ്പനികൾക്ക് അത് സ്വന്തം നിലയിൽ വികസിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. ഹൈപ്പർ ലൂപ്പിന് വേണ്ടിയുള്ള ടണലുകൾ ഉൾപ്പടെയുള്ള അനുബന്ധ സംവിധാനങ്ങളൊരുക്കുന്ന ദി ബോറിങ് കമ്പനിയ്ക്കും മസ്ക് നേതൃത്വം നല്‍കുന്നു.

മസ്‌ക് - ദി റിയല്‍ ലൈഫ് അയണ്‍മാന്‍

ഇലോണ്‍ മസ്‌ക് എന്ന ഭ്രാന്തന്‍ ആശയക്കാരനെ ബുദ്ധിരാക്ഷസനായ ബിസിനസുകാരനായി ലോകം അംഗീകരിക്കാനാരംഭിച്ചിട്ട് അധികകാലമായിട്ടില്ല. 2022 ഏപ്രില്‍ വരെ ഏകദേശം 273 ബില്യണ്‍ യു.എസ്. ഡോളറാണ് മസ്‌കിന്റെ ആസ്തി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചികയിലും ഫോബ്‌സ്‌ പട്ടികയിലും ലോകത്തെ ഏറ്റവും ധനികനാണിന്ന് മസ്‌ക്. കോളേജ്‌ ബിരുദമില്ലെങ്കില്‍ വേണ്ട, സ്‌കില്ലുണ്ടെങ്കില്‍ വരൂ നിങ്ങള്‍ക്ക് ജോലി തരാമെന്ന് സ്വന്തം ജീവിതം കാണിച്ചാണ് മസ്‌ക് യുവാക്കളെ വിളിച്ചത്. പരിശ്രമത്തിലൂടെ അസാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ സാധാരണക്കാര്‍ക്കും കഴിയുമെന്ന തെളിയിക്കലാണത്. റിയല്‍ ലൈഫ് അയണ്‍മാനെന്ന് ലോകം അഭിമാനത്തോടെ അദ്ദേഹത്തെ വിളിച്ചതും അതുകൊണ്ടാണ്. ലോകത്തിന്റെ ഭാവി ഭൗതികശാസ്ത്രത്തിന്റെ വഴിയിലൂടെയാണെന്ന് ഉറച്ച് വിശ്വസിക്കുന്ന മസ്‌കില്‍നിന്ന്‌ ഇനിയെന്ത് അദ്ഭുതമാണ് വരാനിരിക്കുന്നതെന്ന ആകാക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

കൂടുതല്‍ കരിയര്‍/ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Content Highlights: Elon Musk: the inspirational success story

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section
Most Commented