കടിഞ്ഞാണില്ലാതെ കുതിച്ച് പെട്രോളും ഡീസലും; അറിയാം ഇന്ധനവിലയുടെ സാമ്പത്തികശാസ്ത്രം


ഡോ. കെ.പി. വിപിന്‍ചന്ദ്രന്‍

ഇന്ത്യയിലെ ഇന്ധനവില നിശ്ചയിക്കുന്നതില്‍ കാണുന്ന രീതി വളരെ വിചിത്രമാണ്. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കും. എന്നാല്‍ ക്രൂഡോയില്‍ വില കുറയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ടിഞ്ഞാണില്ലാതെ കുതിക്കുന്ന പ്രെടോള്‍-ഡീസല്‍ വില രാജ്യത്ത് പലയിടത്തും നൂറ് കടന്നിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില. ഇന്ധനവില കൂടുമ്പോള്‍ രാജ്യത്തെ എല്ലാ ഉത്പന്നങ്ങളുടെയും വില വര്‍ധിക്കുമെന്നത് പ്രാഥമികമായ സാമ്പത്തികശാസ്ത്ര അവബോധമാണ്. പെട്രോളിന്റെയും ഡീസലിന്റെയും ദിനംപ്രതിയുള്ള വിലവര്‍ധന സര്‍വകാല റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് കുതിച്ചുയരുകയാണ്. കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധി മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ആഗോളതലത്തില്‍ തന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായി. ക്രൂഡോയില്‍ വില റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയിട്ടും അതിന്റെ നേട്ടം ഉപഭോക്താക്കളിലെത്തിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ നികുതികള്‍ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഇന്ത്യയിലെ ഇന്ധനവില നിശ്ചയിക്കുന്നതില്‍ കാണുന്ന രീതി വളരെ വിചിത്രമാണ്. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കും. എന്നാല്‍ ക്രൂഡോയില്‍ വില കുറയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. അടിമുടി പ്രതിസന്ധിയില്‍ അകപ്പെട്ട ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇത് ദോഷകരവുമാണ്.
ക്രൂഡ് ഓയില്‍ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
ക്രൂഡ് ഓയിലിന്റെ വില സ്ഥൂല സമ്പദ്‌വ്യവസ്ഥയില്‍ ഒരു പ്രധാനസ്ഥാനം വഹിക്കുന്നു. ആഗോളവ്യാപാരം നടത്തുന്ന ചരക്കായതിനാല്‍ അതിന്റെ വിലയും ആഗോളതലത്തില്‍ നിര്‍ണയിക്കപ്പെടുന്നു. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ എല്ലായ്പ്പോഴും ഉയര്‍ന്ന വില പ്രതീക്ഷിക്കുന്നു. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങളെ ഇന്ധനവില വര്‍ധന സാരമായി ബാധിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളാണ് വിലവര്‍ധനവിലൂടെ വലിയ സാമ്പത്തിക ആഘാതം നേരിടുന്നത്.
ക്രൂഡ് ഓയിലിന്റെ വിലയെ സ്വാധീനിക്കുന്ന
പ്രധാന ഘടകങ്ങള്‍ ഇവയാണ്:
1. ആവശ്യത്തിലും വിതരണത്തിലുമുള്ള അസന്തുലിതാവസ്ഥ.
2. എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ അസ്വസ്ഥതകള്‍.
3. വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകള്‍.
4. സാമ്പത്തിക വിപണിയിലെ പ്രശ്‌നങ്ങള്‍.
5. ഒപെക് ഇതര രാജ്യങ്ങളിലെ എണ്ണയുത്പാദനം.
6. ആഗോള സാമ്പത്തിക സ്ഥിതി.
എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ സമ്പദ്‌വ്യവസ്ഥയുടെ ബാരോമീറ്ററായി കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ധനമായതിനാല്‍ ഇത് രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു.
വിലനിയന്ത്രണം ഒഴിവാക്കിയത് ആര്‍ക്കു ഗുണം?
ഓയില്‍പൂള്‍ നിലവിലുണ്ടായിരുന്ന സമയത്ത് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വര്‍ധിക്കുമ്പോഴും കുറയുമ്പോഴും അത് ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ സര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും സ്വാഭാവികമായി ലഭിക്കുന്ന അധികവരുമാനം ഒരുപരിധിവരെ ഓയില്‍പൂളിലേക്കാണ് പോയിരുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ അമിതമായ വിലവര്‍ധന ഉണ്ടാകുമ്പോള്‍ ആഭ്യന്തരവിപണിയില്‍ വില കൂടാതെയിരിക്കാന്‍ ഓയില്‍ പൂളിലെ പണമാണ് രാജ്യത്തെ സഹായിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ എണ്ണക്കമ്പനികള്‍ വില്‍ക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലനിര്‍ണയാവകാശത്തില്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടാമായിരുന്നു.
2002-ല്‍ വാജ്പേയ് സര്‍ക്കാര്‍ വിമാന ഇന്ധനത്തിന്റെയും 2010 ജൂണില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പെട്രോളിന്റെയും 2014 ഒക്ടോബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഡീസലിന്റെയും എണ്ണവിലയിലെ നിയന്ത്രണം ഒഴിവാക്കി. ഇന്ധനവില നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനുശേഷം ആദ്യകാലത്ത് മാസത്തില്‍ ഒരുതവണയും പിന്നീട് മാസത്തില്‍ രണ്ടുതവണയും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റങ്ങള്‍ പ്രകടമായി. 2017 ജൂണ്‍ 17 മുതല്‍ എല്ലാ ദിവസവും രാവിലെ 6 മണിക്ക് ഇന്ധനവിലയില്‍ മാറ്റം പ്രകടമാകുന്നു.
വിപണിയില്‍ ലഭിക്കുന്ന ഗുണങ്ങള്‍ രാജ്യത്തെ ഓരോ പൗരനും ലഭിക്കണമെങ്കില്‍ ഓയില്‍പൂള്‍ അടക്കമുള്ള വിലനിയന്ത്രണ നടപടികള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു ചിലരുടെ വാദം. അങ്ങനെ വരുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറയുമ്പോള്‍ ഇന്ത്യയിലും കുറയും, കൂടുമ്പോള്‍ ഇന്ത്യയിലും കൂടും. അതായത് അന്താരാഷ്ട്ര വിപണിയിലെ എല്ലാ ആനുകൂല്യങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഗുണകരമായ നടപടിയാണ് ഓയില്‍പൂള്‍ എടുത്തുകളയല്‍ എന്നായിരുന്നു വാദം. എന്നാല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടിയാലും കുറഞ്ഞാലും ഇവിടെ ഉയര്‍ന്ന വില തന്നെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയുടെ വര്‍ധനയ്ക്കനുസരിച്ച് ആഭ്യന്തര വിപണിയിലെ നിരക്കുകള്‍ പുനഃക്രമീകരിക്കുന്നതിലൂടെ ഇന്ത്യയില്‍ ദിനംപ്രതി ഇന്ധനവില വര്‍ധിക്കുന്നു.
വിലനിയന്ത്രണം ഒഴിവാക്കിയതിലൂടെ എണ്ണവിതരണ കമ്പനികളായ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ക്ക് തങ്ങളുടെ ചെലവിനെയും ലാഭത്തെയും അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വിലനിര്‍ണയാവകാശം നല്‍കിയിരുന്നു. അവര്‍ക്ക് എണ്ണ വില്‍ക്കുന്ന ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ എന്നീ കമ്പനികള്‍ക്ക് ആഗോളവിപണിയിലെ വിലയ്ക്കനുസരിച്ചാണ് ക്രൂഡോയില്‍ ലഭിച്ചിരുന്നത്.
ആഗോളതലത്തില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുമ്പോള്‍ അത് കൃത്യമായി ഉപഭോക്താക്കളിലേക്ക് കൈമാറും. അതേസമയം ഇന്ധനവില കുറയുമ്പോള്‍ സര്‍ക്കാരുകള്‍ പുതിയ നികുതിയും മറ്റും ചുമത്തി സ്വന്തം വരുമാനം വര്‍ധിപ്പിക്കും. അതിനാല്‍ വില കൂടിയിരുന്നപ്പോള്‍ നല്‍കിയിരുന്ന പണംതന്നെ ഉപഭോക്താക്കള്‍ തുടര്‍ന്നും നല്‍കേണ്ടതായിവരുന്നു. ഇന്ധനവിലയുടെ കയറ്റിറക്കത്തില്‍ നേട്ടം കൊയ്യുന്നത് സര്‍ക്കാര്‍ മാത്രമാണ്. ക്രൂഡ് ഓയിലിന്റെ വില മാത്രമാണ് പെട്രോള്‍-ഡീസല്‍ വിലയെ നിശ്ചയിക്കുന്നതെങ്കില്‍ ഇന്ന് ഇന്ത്യയില്‍ 35 രൂപയ്ക്ക് പെട്രോളും ഡീസലും ലഭിക്കണം.
ഇന്ത്യയില്‍ ഇന്ധനവില കണക്കാക്കുന്നതെങ്ങനെ?
ഇന്ധനവില നിര്‍ണയിക്കുന്നത് മൂന്ന് പ്രധാന ഘടകങ്ങളാണ്:
1. ഇന്ധനത്തിന്റെ ഉത്പാദനച്ചെലവ്
2. കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന നികുതികള്‍
chart
3. ഡീലര്‍മാരുടെ കമ്മിഷന്‍
(i) ഉത്പാദനച്ചെലവ്
ഉത്പാദനച്ചെലവെന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍നിന്ന് ക്രൂഡ്ഓയില്‍ വാങ്ങുകയും അതിനെ റിഫൈനറികളില്‍ കൊണ്ടുപോയി ശുദ്ധീകരിച്ചു വില്പനയ്ക്ക് പെട്രോള്‍പമ്പിലേക്ക് എത്തിക്കാനുമുള്ള ചെലവാണിത്. ഇതാണ് അടിസ്ഥാന വില (ആമശെര ുൃശരല) എന്ന പേരില്‍ അറിയപ്പെടുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാനവിലയെ സ്വാധീനിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വിലവ്യത്യാസങ്ങള്‍, ചരക്കുകൂലി, പെട്രോളിയം ഉത്പന്നങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള ശുദ്ധീകരണ ചെലവ് എന്നിവയാണ്. ഇന്ത്യയിലെ ക്രൂഡ് ഓയില്‍ വിലയെ നിര്‍ണയിക്കുന്ന മറ്റൊരു പ്രധാന ഘടകം ഡോളര്‍-രൂപ വിനിമയ നിരക്കാണ്.
(ii) നികുതികള്‍
രണ്ടാമത്തെ പ്രധാന ഘടകമാണ് കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന നികുതികളും സെസ്സും. കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടി, സംസ്ഥാനസര്‍ക്കാരിന്റെ വില്പനനികുതി, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സെസ്സ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
(iii) ഡീലറുടെ കമ്മിഷന്‍
മൂന്നാമത്തെ ഘടകമാണ് ഡീലറുടെ അഥവാ പമ്പുടമയുടെ കമ്മിഷന്‍. 2021 ഫെബ്രുവരിയില്‍ ഡീലര്‍ കമ്മിഷന്‍ 3.68 രൂപയാണ്. ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്നതാണ് നമുക്ക് ഇന്ന് പെട്രോള്‍പമ്പില്‍ ലഭിക്കുന്ന ചില്ലറവില്പനവില.
ക്രൂഡ് ഓയിലിന്റെ വില ബാരലിലാണ് കണക്കാക്കുന്നത്. ഒരു ബാരല്‍ എന്നാല്‍ 159 ലിറ്റര്‍. ഡോളര്‍-രൂപ വിനിമയ നിരക്ക് അനുസരിച്ച് ഒരു ബാരല്‍ എണ്ണയ്ക്ക് 108.47 ഡോളറായിരുന്നു 2011-ല്‍. അതായത് അക്കാലത്തെ വിനിമയനിരക്ക് നോക്കിയാല്‍ ഒരു ബാരല്‍ എണ്ണയ്ക്ക് 5748.91 രൂപ. അങ്ങനെയെങ്കില്‍ ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണയ്ക്ക് 36.15 രൂപ. ഒരു ബാരല്‍ ക്രൂഡ്ഓയില്‍ ശുദ്ധീകരിച്ചാല്‍ അതില്‍നിന്ന് ലഭിക്കുന്നതില്‍ 47% പെട്രോളും 23% ഡീസലുമാണ്. ജെറ്റ് ഫ്യൂവല്‍, ടാര്‍, എല്‍.പി.ജി. തുടങ്ങിയവയാണ് ബാക്കി ലഭിക്കുന്നത്. ഇത് 2020-മായി താരതമ്യം ചെയ്താല്‍ ഒരു ബാരല്‍ എണ്ണയ്ക്ക് 37.41 ഡോളറാണ്. 2020-ലെ വിനിമയ നിരക്കുമായി തട്ടിച്ചുനോക്കിയാല്‍ ഒരു ബാരല്‍ എണ്ണയ്ക്ക് 2730.93 രൂപ. അങ്ങനെയെങ്കില്‍ ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണയ്ക്ക് 17.18 രൂപ മാത്രമേയുള്ളൂ.
നികുതികളുടെ യാഥാര്‍ഥ്യം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ചു ചുമത്തുന്ന നികുതികളാണ് ഇന്ധനവില വര്‍ധനവിന്റെ പ്രധാന കാരണം. 2014 മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഏഴ് വര്‍ഷത്തിനുള്ളില്‍ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയിലുള്ള വര്‍ധന 258 ശതമാനമാണ്; ഡീസലിന്റേത് 828 ശതമാനവും.
കേരള സംസ്ഥാന നികുതി: പെട്രോളിന് അടിസ്ഥാനവിലയുടെ 30.08% വില്പനനികുതി + ഞല.1/ ലിറ്റര്‍ അധിക വില്പനനികുതി + 1% സെസ് എന്നിങ്ങനെയും ഡീസലിന് അടിസ്ഥാനവിലയുടെ 22.76% വില്പനനികുതി + ഞല.1/ ലിറ്റര്‍ അധിക വില്പനനികുതി + 1% സെസ് എന്നിങ്ങനെയുമാണ്.
കേന്ദ്രസര്‍ക്കാരിന് കിട്ടുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ 42% വിഹിതം സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്നുവെന്ന ഒരു വാദം ശക്തമാണ്. അതായത് ആകെ കിട്ടുന്ന 32.98 രൂപയില്‍ 13.
chart2
85 രൂപ സംസ്ഥാനങ്ങള്‍ക്ക് തന്നെ വീതിച്ച് നല്‍കുന്നുവെന്നതാണ് ആ വാദം. എന്നാല്‍ അത് പൂര്‍ണമായി ശരിയല്ല.
കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍ എക്‌സൈസ് ഡ്യൂട്ടിയെ മൂന്നായി വിഭജിക്കാം.
(1) അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി (2.98 രൂപ)
(2) സ്‌പെഷ്യല്‍ അധിക എക്‌സൈസ് ഡ്യൂട്ടി (12 രൂപ)
(3) റോഡ് അടിസ്ഥാന വികസന സെസ് (18 രൂപ)
ഇവ മൂന്നും ചേര്‍ന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടി (32.98 രൂപ). ഇതില്‍ അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിയുടെ 41% മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതിച്ചുനല്‍കുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കാര്‍ഷിക അടിസ്ഥാന വികസന സെസ് (Agricultural Infrastructure and Development Cess) ചുമത്തിയതിലൂടെ ഈ വിഹിതത്തില്‍ വീണ്ടും കുറവുണ്ടായി. പുതിയ കാര്‍ഷിക സെസ് (Agri Cess) പെട്രോളിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ്. ഈ കാര്‍ഷിക സെസില്‍ 2.50 രൂപ കണ്ടെത്തിയത് അടിസ്ഥാന എക്‌സൈസ് നികുതിയില്‍നിന്ന് 1.50 രൂപയും സ്‌പെഷ്യല്‍ അധിക എക്‌സൈസ് ഡ്യൂട്ടിയില്‍നിന്ന് 1 രൂപയും കൂട്ടിച്ചേര്‍ത്താണ്. ഡീസലിന്റെ കാര്‍ഷിക സെസ് കണ്ടെത്തിയതും ഇതേ മാനദണ്ഡത്തില്‍ തന്നെ. ചുരുക്കത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുകൊടുക്കേണ്ട എക്‌സൈസ് ഡ്യൂട്ടി 1.50 രൂപ മാത്രമാണ്. ഇതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്നത്.
ജി.എസ്.ടി. പരിധിയില്‍ വന്നാല്‍
chart 3
പെട്രോളിന്റെയും ഡീസലിന്റെയും വില ജി.എസ്. ടി. പരിധിയിലേക്ക് വന്നാല്‍ പെട്രോള്‍ 75 രൂപയ്ക്കും ഡീസല്‍ 68 രൂപയ്ക്കും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് എസ്.ബി.ഐ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യകാന്ത് ഘോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. അതിനൊപ്പം കേന്ദ്ര-സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം ഏകദേശം ഒരുലക്ഷം കോടി രൂപയോ അല്ലെങ്കില്‍ ജി.ഡി.പി.യുടെ 0.4 ശതമാനമോ ആയിരിക്കും.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില്പന നികുതി, എക്‌സൈസ് ഡ്യൂട്ടി തുടങ്ങിയ നികുതികള്‍ക്ക് പകരം ഈ ഉത്പന്നങ്ങളെ ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറല്ലെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയാണ് ഇന്ധനവില നിര്‍ണയത്തില്‍ ജി.എസ്.ടി.യെ ഉള്‍പ്പെടുത്താത്തതിന് കാരണമായി എസ്.ബി.ഐ. റിപ്പോര്‍ട്ട് പറയുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും ഉത്പന്നങ്ങളുടെ വില ഉയരുമ്പോള്‍ അതിന്റെ ആഘാതം വിലക്കയറ്റമായും പണപ്പെരുപ്പമായും സമ്പദ്വ്യവസ്ഥയില്‍ മൊത്തമായി പ്രതിഫലിക്കും. ഇന്ത്യയിലെ ദിനംതോറുമുള്ള ഇന്ധനവില വര്‍ധന സമ്പന്നരെയും മധ്യവര്‍ഗത്തെയും ബാധിക്കുന്നതിനെക്കാള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ വാങ്ങല്‍ ശേഷിയെയും അവരുടെ ജീവിതനിലവാരത്തെയും ദോഷകരമായി ബാധിക്കും.
(ലേഖകന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)
Content Highlights: Economic Behind Petrol, Diesel Price Hike, Petrol Diesel Price hike, Crude oil, GST


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented