സ്വന്തം സംരംഭത്തിന്റെ കരുത്തില്‍ വിജയപഥത്തിലെത്താന്‍ ആഗ്രഹിക്കുന്നവരാണ് പുതു തലമുറ. അതിന് ഒരല്‍പം റിസ്‌കെടുക്കാനും അവര്‍ക്ക മടിയില്ല. അത്തരത്തില്‍ റിസ്‌കെടുത്ത് സ്വന്തം ബോസായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുകൈ നോക്കാവുന്ന തൊഴിലാണ്  ഇ-കോമേഴ്‌സ് സ്‌റ്റോര്‍. ബിസിനസ് ആശയമുള്ള, എന്നാല്‍ ഒരു സ്ഥാപനം തുടങ്ങാന്‍ കഴിയാത്തവര്‍ക്ക് പരീക്ഷിക്കാവുന്ന ഏറ്റവും യോജിച്ച വഴിയാണിത്. ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന ഇന്ത്യ, ഇ-കോമേഴ്‌സ് സ്‌റ്റോറുകളുടെ പറുദീസയാണിന്ന്. 

എന്താണ് ഇ-കൊമേഴ്‌സ്?
ഇന്റര്‍നെറ്റിലൂടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വ്യാപാരം നടത്തുന്നതിനെയാണ് ഇലക്ട്രോണിക് കൊമേഴ്‌സ് അല്ലെങ്കില്‍ ഇ-കോമേഴ്‌സെന്ന് പറയുന്നത്. ഇന്റര്‍നെറ്റ് മുഖേന പണം, വിവരം എന്നിവ കൈമാറ്റം ചെയ്യുന്നതും ഇ-കോമേഴസില്‍പ്പെടും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാനായി നമ്മള്‍ ആശ്രയിക്കുന്ന ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഒ.എല്‍.എക്‌സുമെല്ലാം ഇത്തരം ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കുദാഹരണങ്ങളാണ്. വസ്ത്രത്തിനും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പുറമേ പച്ചക്കറിക്കും പലചരക്ക് സാധനങ്ങള്‍ക്കും വരെ കൊമേഴ്‌സ് സ്റ്റോറുകളുണ്ടിന്ന്. 2021 ആകുമ്പോഴേക്കും ഇ-കോമേഴ്‌സ് സ്‌റ്റോറുകളുടെ എണ്ണം 27 ട്രില്ല്യണ്‍ ഡോളറാകുമെന്നാണ് കണക്ക്. 

എങ്ങനെ തുടങ്ങാം?
സ്വന്തം ഉല്‍പ്പന്നമാണോ അതോ മറ്റുള്ളവരുടെ ഉല്‍പ്പന്നമാണോ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ആദ്യം തീരുമാനിക്കണം. അതിന് ശേഷം സ്‌റ്റോറിന് മികച്ച ഒരു പേര് കണ്ടെത്തുക. അത് രജിസ്റ്റര്‍ ചെയ്യുക. വെബ്‌സൈറ്റ് നിര്‍മാണമാണ് അടുത്തഘട്ടം. കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമാകണം വെബ്‌സൈറ്റ്. വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന വെബ്‌സൈറ്റ് വിലാസം നല്‍കാന്‍ ശ്രദ്ധിക്കുക. ബിസിനസ് ഘടന (സ്വന്തമായാണോ പാര്‍ട്ട്ഷര്‍ഷിപ്പാണോ) തെരഞ്ഞെടുത്ത് അത് രജിസ്റ്റര്‍ ചെയ്യുക. എംപ്ലോയര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എടുക്കുക. ബിസിനസ് ലൈസെന്‍സിനായി അപേക്ഷിക്കുക. ഇനി യഥാര്‍ത്ഥ ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നത്തെ മാര്‍ക്കറ്റ് ചെയ്യുക. 

ഇതൊക്കെയാണ് നേട്ടങ്ങള്‍
നാട്ടിലൊരു കട തുടങ്ങിയാല്‍ അതിന് ചുറ്റുവട്ടവുമുള്ളവര്‍ മാത്രമാകും ഉപഭോക്താക്കളായി എത്തുക. ഒരു ഇ-കോമേഴ്‌സ് സ്‌റ്റോറാണ് ആരംഭിക്കുന്നതെങ്കില്‍ ലോകത്തെവിടെയുള്ളവര്‍ക്കും നിങ്ങളുടെ സാധനം വാങ്ങാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ആഗോള വ്യാപാരിയായി മാറാനുള്ള അവസരമാണിത്. രാവിലെ മുതല്‍ രാത്രി വരെ കട തുറന്നിരിക്കാതെ തന്നെ കച്ചവടം പൊടിപൊടിക്കാം. സമൂഹമാധ്യമ അക്കൗണ്ടുകളെ  മാര്‍ക്കറ്റിങ്ങാനായി ഉപയോഗിക്കാനും കഴിയും.

thozhil

Content Highlights: E-commerce store as a newgen career, online shopping