അഗ്നിപഥ്: കായികക്ഷമതാ പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


ക്യാപ്റ്റന്‍ സെറീന നവാസ്

പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ സേന വീണ്ടും ചെറുപ്പമാവാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാനുള്ള 'അഗ്നിപഥ്‌' പദ്ധതിയിലേക്ക് റിക്രൂട്ട്‌മെന്റിന് ഒരുക്കം തുടങ്ങി. പുതിയ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്‌നിവീര്‍' എന്നാണറിയപ്പെടുക. 'തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല' എന്നപോലെ അഗ്‌നിവീറായി തിരഞ്ഞെടുക്കപ്പെട്ട് സേവനം പൂര്‍ത്തിയാക്കി തിരിച്ചുവരുന്നവര്‍ നിരാശപ്പെടേണ്ടിവരില്ല. അത്രമാത്രം കഠിനമായ പരിശീലനവും അനുഭവസമ്പത്തും ആത്മവിശ്വാസവും കഴിവും നേടിയിരിക്കും അവര്‍.

പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങളുയരുന്നുണ്ട്. അതെന്തായാലും ഇതും ഒരവസരമാക്കിമാറ്റാനുള്ള പരിശ്രമമാണ് അഭികാമ്യം. അപേക്ഷകരുടെ എണ്ണം ലക്ഷങ്ങള്‍ കടന്നു. റിക്രൂട്ട്‌മെന്റ് റാലി/പരീക്ഷകള്‍ക്കുള്ള തീയതിയും സേനകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തെല്ലും സമയം പാഴാക്കാതെ തയ്യാറെടുപ്പ് തുടങ്ങുകയാണ് വേണ്ടത്; ഈ അഗ്‌നിപരീക്ഷയ്ക്കായി.
ആര്‍മിയില്‍മാത്രമല്ല, എയര്‍ഫോഴ്‌സിലും നേവിയിലും ചില ടെക്‌നിക്കല്‍ ട്രേഡുകള്‍ ഒഴിച്ചാല്‍ ഇനിമുതലുള്ള റിക്രൂട്ട്‌മെന്റുകള്‍ 'അഗ്‌നിപഥ്' മാതൃകയില്‍ത്തന്നെയായിരിക്കും. ഓരോ വിഭാഗത്തിലേക്കും എങ്ങനെ തയ്യാറെടുപ്പുകള്‍ നടത്താം എന്ന് പരിശോധിക്കാം.

ആര്‍മിയില്‍ അഗ്‌നിവീര്‍ ആവാന്‍

മാതൃഭൂമി തൊഴില്‍വാര്‍ത്തയിലും കരസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം മനസ്സിരുത്തി വായിക്കുക. റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ വിവിധ ഘട്ടങ്ങളില്‍ മുന്‍പ് സ്വീകരിച്ചിരുന്ന നടപടികളില്‍ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല. മറിച്ച് ഗുണനിലവാരം ഉയര്‍ത്താനാവശ്യമായ ചില പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അഗ്‌നിപഥ്' പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധങ്ങളും അക്രമപരമ്പരകളും ഉണ്ടായിട്ടുണ്ടല്ലോ. അത്തരം പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തവരോ നേതൃത്വം നല്‍കിയവരോ ആയ ഉദ്യോഗാര്‍ഥികളെ പരിഗണിക്കില്ല എന്നതാണ് തീരുമാനം. ഓരോ ഉദ്യോഗാര്‍ഥിയും അത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നിര്‍ബന്ധമായും ഹാജരാക്കിയിരിക്കണം.21 വയസ്സില്‍ താഴെയുള്ളവര്‍ അവിവാഹിതരാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലവും ഹാജരാക്കണം. അവസാനം പഠിച്ച സ്‌കൂളില്‍നിന്നോ കോളേജില്‍ നിന്നോ സ്വഭാവ സര്‍ട്ടഫിക്കറ്റ് ഹാജരാക്കണം. കൂടാതെ വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം.

കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

കായികക്ഷമതാ പരീക്ഷ

കുറഞ്ഞ സേവനകാലാവധിയായതിനാല്‍ തിരഞ്ഞെടുപ്പ് നടപടികളെല്ലാം വളരെ ലളിതമായിരിക്കുമെന്ന തെറ്റിദ്ധാരണ പരക്കെ നിലനില്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ മറിച്ചാണ്. മുന്‍പത്തെക്കാള്‍ കൂടുതല്‍ ഗൗരവത്തോടെ തയ്യാറെടുത്തേ മതിയാവൂ. ഉദാഹരണത്തിന് മുന്‍പ് കായികക്ഷമതാ പരീക്ഷയിലെ ഒരു മൈല്‍ ഓട്ടത്തിന് നല്‍കിയിരുന്ന മാര്‍ക്ക് ഇനിപറയുംപ്രകാരം നാല് ഗ്രൂപ്പുകളിലായിരുന്നു.

  1. 5 മിനിറ്റ് 40 സെക്കന്‍ഡുമുതല്‍ താഴേക്ക് 60 മാര്‍ക്ക്
  2. 5 മിനിറ്റ് 41 to 5.50 48 മാര്‍ക്ക്
  3. 5.51 to 6.05 36 മാര്‍ക്ക്
  4. 6.06 to 6.20 24 മാര്‍ക്ക്
എന്നാല്‍, അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റില്‍ ആകെ രണ്ട് ഗ്രൂപ്പുകളാണ്.

  1. 5 മിനിറ്റ് 30 സെക്കന്‍ഡ് 60 മാര്‍ക്ക്
  2. 5.31 to 5.45 48 മാര്‍ക്ക്
ചുരുക്കത്തില്‍, 5 മിനിറ്റ് 45 സെക്കന്‍ഡുകൊണ്ട് എത്തിയാല്‍ 48 മാര്‍ക്ക് ലഭിക്കുമ്പോള്‍ 5 മിനിറ്റ് 30 സെക്കന്‍ഡുകൊണ്ട് എത്തിയാല്‍ 60 മാര്‍ക്ക് ലഭിക്കും. ഓട്ടത്തിന്റെ വേഗത്തില്‍ 15 സെക്കന്‍ഡ് വ്യത്യാസം വന്നാല്‍, 12 മാര്‍ക്കാണ് കുറയുകയോ കൂടുകയോ ചെയ്യുന്നത്. 5 മിനിറ്റ് 45 സെക്കന്‍ഡുകൊണ്ട് എത്തുന്നവര്‍ക്ക് ഒന്നുകൂടി ആഞ്ഞുപിടിച്ചാല്‍ 5 മിനിറ്റ് 30 സെക്കന്‍ഡുകൊണ്ട് എത്താവുന്നതേയുള്ളൂ.
പുള്‍ അപ്പിന്റെ കാര്യത്തില്‍ പത്തെണ്ണമെങ്കിലും എടുത്ത് തയ്യാറാവുക. 40 മാര്‍ക്ക് നിങ്ങള്‍ക്ക് സ്വന്തം. അഥവാ 5.30 സെക്കന്‍ഡുകൊണ്ട് ഓടിയെത്തുകയും പത്ത് പുള്‍ അപ്പ് എടുക്കുകയും ചെയ്താല്‍ 100 മാര്‍ക്കും നേടി 'എക്‌സലന്റ്' കാറ്റഗറിയിലെത്താം. എന്നാല്‍, ഒന്‍പത് അടി നീളമുള്ള കിടങ്ങ് ചാടുന്നതും സിഗ്‌സാഗ് ബാലന്‍സ് നടത്തവും നിര്‍ബന്ധമായും ജയിച്ചിരിക്കണം. ഇതിന് പ്രത്യേക മാര്‍ക്കില്ല.

റാലിക്കെത്തുമ്പോള്‍

www.joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷം അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ഔട്ട് എടുക്കുക. ഈ അഡ്മിറ്റ് കാര്‍ഡ് സഹിതമാണ് റിക്രൂട്ട്‌മെന്റ് റാലി നടക്കുന്ന മൈതാനത്ത് എത്തിച്ചേരേണ്ടത്. അഡ്മിറ്റ് കാര്‍ഡ് ഹാജരാക്കാത്തവര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.
അപേക്ഷയില്‍ നല്‍കിയ ഇമെയില്‍ അഡ്രസിലും നിങ്ങള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. അഡ്മിറ്റ് കാര്‍ഡില്‍ റാലിക്കെത്തേണ്ട സ്ഥലം, സമയം എന്നിവ വ്യക്തമായി കൊടുത്തിരിക്കും. ആ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

സര്‍വീസിലുള്ള ജവാന്മാരുടെ മക്കള്‍ക്കും വിമുക്തഭടന്മാരുടെ മക്കള്‍ക്കും ബോണസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍, ഒന്നില്‍ക്കൂടുതല്‍ മക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
അഫിഡവിറ്റുകള്‍(സത്യവാങ്മൂലം) ശരീരത്തില്‍ ടാറ്റൂ ഇല്ല എന്നോ ഉണ്ടെങ്കില്‍ ഇന്നതുമാത്രമേ ഉള്ളൂ എന്നും, ഇതുകൂടാതെ വേറെ ടാറ്റൂ ശരീരത്തില്‍ അടിക്കില്ല എന്നുമുള്ള അഫിഡവിറ്റ് നിര്‍ബന്ധമാണ്.
NCC സര്‍ട്ടിഫിക്കറ്റിന്റെ ബോണസ് മാര്‍ക്കായാലും വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള ബോണസ് മാര്‍ക്കായാലും റാലി നടക്കുന്ന മൈതാനത്ത് വെച്ചുതന്നെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ചിരിക്കണം. പിന്നീട് സ്വീകരിക്കുന്നതല്ല. 21 വയസ്സില്‍ താഴെയുള്ളവര്‍ അവിവാഹിതര്‍ ആണെന്നുള്ള അഫിഡവിറ്റ് നല്‍കണം.

പ്രത്യേക നിര്‍ദേശങ്ങള്‍
1. റിക്രൂട്ട്‌മെന്റ് റാലി നടക്കുന്ന തീയതിക്ക് 5 ദിവസം മുന്‍പെങ്കിലും അഡ്മിറ്റ് കാര്‍ഡ് ലഭിച്ചിട്ടില്ലെങ്കില്‍ തൊട്ടടുത്തുള്ള Army Recruiting Office (ARO)യുമായി ബന്ധപ്പെടേണ്ടതാണ്.
2. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. രണ്ട് തസ്തികകളിലേക്ക് അപേക്ഷിച്ചതായി കണ്ടെത്തിയാല്‍ ആ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കുന്നതാണ്.
3. പ്രായം കണക്കാക്കുന്നത് 01.10.2022 വെച്ചായിരിക്കും.
4. പുലര്‍ച്ചെ ഒരുമണിക്ക് ഉദ്യോഗാര്‍ഥികള്‍ റാലി നടക്കുന്ന മൈതാനത്ത് എത്തിയിരിക്കണം. രാവിലെ 6 മണിക്ക് ശേഷം എത്തിയാല്‍ പ്രവേശനമുണ്ടാവില്ല.
5. ക്ലീന്‍ ഷേവ് ചെയ്തിരിക്കണം. മുടി ചെറുതായി ക്രോപ്പ് ചെയ്തിരിക്കണം. കക്ഷത്തിലെയും സ്വകാര്യ ഭാഗങ്ങളിലെയും നെഞ്ചിലെയും രോമങ്ങള്‍ കളഞ്ഞിരിക്കണം.
6. കായികശേഷി വര്‍ധിപ്പിക്കുന്ന ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കല്‍ നിരോധിച്ചിരിക്കുന്നു. പിടിക്കപ്പെട്ടാല്‍ പുറത്താക്കുന്നതാണ്.
7. റാലി മൈതാനത്ത് മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല.
8. കോവിഡ്19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കരുതിയിരിക്കണം. ആവശ്യപ്പെട്ടാല്‍ കാണിക്കണം.

കായികക്ഷമതാ പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍
1. ഓട്ടം: നല്ല ഓട്ടക്കാര്‍ ഇവിടെ നല്ല നേട്ടക്കാരാവും. കായികക്ഷമതാ പരീക്ഷയുടെ ദൂരവും സമയവും മുകളില്‍ നല്‍കിയിട്ടുണ്ട്.
2. പുള്‍ അപ്പ്: വിലങ്ങനെ വെച്ചിരിക്കുന്ന ഒരു ബാറില്‍ രണ്ട് കൈകളും ഉപയോഗിച്ച് തൂങ്ങി നമ്മുടെ ശരീരത്തിന്റെ ഭാരം മുകളിലേക്ക് ഉയര്‍ത്തുക. 10 മുതല്‍ 12 തവണ വരെയെങ്കിലും ചെയ്ത് പ്രാക്ടീസ് ചെയ്യുക. കൈകളുടെ മസിലുകള്‍ക്ക് നല്ല ബലമുണ്ടെങ്കില്‍ ഇത് അനായാസം സാധിക്കും. മുകളിലേക്ക് ഉയരുമ്പോള്‍ ശ്വാസം അകത്തേക്ക് വലിക്കുക. തൂങ്ങിനില്‍ക്കുമ്പോള്‍ കാലുകള്‍ ആടരുത്.
3. 9 അടി കിടങ്ങ് ചാട്ടം: മുന്‍പ് പറഞ്ഞ രണ്ടിനങ്ങളിലേ മാര്‍ക്കുള്ളൂ. എങ്കിലും 9 അടി കിടങ്ങ് ചാടിക്കടക്കല്‍ നിര്‍ബന്ധമാണ്. ഇതിന് പ്രത്യേക മാര്‍ക്കില്ല. ഈ ഇനത്തില്‍ 9 അടി നീളം ചാടുന്നതിനെക്കാള്‍ പ്രധാനം അതിനിടയിലുള്ള കിടങ്ങാണ്. മാനസിക ആരോഗ്യവും മനഃസാന്നിധ്യവും കൂടിയാണ് ഇതിലൂടെ നിര്‍ണയിക്കപ്പെടുന്നത്. കിടങ്ങിലേക്ക് നോക്കരുത്. ദൃഷ്ടി ലക്ഷ്യത്തിലൂന്നി ഓടുക, ചാടുക.
4. ബാലന്‍സ് വാക്ക്: അല്പം ഉയരത്തില്‍ വെച്ചിരിക്കുന്ന ഒരു മരത്തടിയിലൂടെ നടന്നുപോവുകയാണ് ഇത്. ഇവിടെയും കായികക്ഷമതയെക്കാള്‍ വലുത് മനസ്സാന്നിധ്യമാണ്.
ഇത്രയും ഇനങ്ങള്‍ പാസ്സായാല്‍ കായികക്ഷമതാ പരീക്ഷ വിജയിച്ചു. ഇവ പരിശീലിച്ചുതന്നെ നേടിയെടുക്കേണ്ടതാണ്. ഇത്രയല്ലേ ഉള്ളൂ നിഷ്പ്രയാസം സാധിക്കും എന്ന അമിത ആത്മവിശ്വാസം വേണ്ട. മുന്‍പ് റിക്രൂട്ട്‌മെന്റ് റാലികളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് നന്നായറിയാം പരിശീലനത്തിന്റെ പ്രാധാന്യം എന്താണെന്ന്.
വൈദ്യപരിശോധന: പരന്ന പാദങ്ങള്‍, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, ഹൈഡ്രോസില്‍, വെരിക്കോസ് വെയിനുകള്‍, മൂക്കിന്റെ പാലത്തിന് വളവ്, കോങ്കണ്ണ്, ഹൃദ്രോഗം, എല്ലുകളുടെയും പല്ലുകളുടെയും വൈകല്യങ്ങള്‍, ചെവി പൊട്ടിയൊലിക്കുന്ന അവസ്ഥ, പൈല്‍സ് തുടങ്ങി നിരവധി അസുഖങ്ങള്‍ സേനാപ്രവേശനത്തിന് താത്കാലികമായോ സ്ഥിരമായോ അയോഗ്യത കല്പിക്കുന്നവയാണ്. ആയതിനാല്‍ റിക്രൂട്ട്‌മെന്റിന് മുന്‍പ് ഒരു ജനറല്‍ സര്‍ജനെ സമീപിച്ച് മെഡിക്കല്‍ ചെക്കപ്പ് ചെയ്തുപോകുന്നത് ഉചിതം. ചെവിയിലെ കായം നീക്കം ചെയ്യല്‍, പല്ല് ചെക്ക് ചെയ്ത് പൊത്തുകള്‍ അടച്ച് കേടുപാടുകള്‍ പരിഹരിക്കുന്നത് നന്നായിരിക്കും. കണ്ണ് ടെസ്റ്റ് ചെയ്യുന്നതും കേള്‍വി പരിശോധിച്ച് പോകുന്നതും നല്ലതാണ്.

എഴുത്തുപരീക്ഷയില്‍ ബോണസ് മാര്‍ക്ക് ആര്‍ക്കെല്ലാം?
1. സര്‍വീസിലുള്ള സൈനികരുടെ മക്കള്‍, വിമുക്തഭടന്മാരുടെ മക്കള്‍, വിമുക്തഭടന്മാരുടെ മക്കള്‍ എന്നിവര്‍ക്ക്20 മാര്‍ക്ക്
2. സര്‍വീസിലിരിക്കേ മരണപ്പെട്ട സൈനികരുടെ വിധവകളുടെ മക്കള്‍20 മാര്‍ക്ക്
3. NCC സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍
(a) NCC 'A' സര്‍ട്ടിഫിക്കറ്റ്5 മാര്‍ക്ക്
(b) NCC 'B' സര്‍ട്ടിഫിക്കറ്റ്10 മാര്‍ക്ക്
(c) NCC 'C' സര്‍ട്ടിഫിക്കറ്റ്15 മാര്‍ക്ക്(ക്ലാര്‍ക്ക്, SKT, ടെക്‌നിക്കല്‍ ട്രേഡുകളിലേക്ക്)
(d) NCC 'C' സര്‍ട്ടിഫിക്കറ്റ്GD, ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ എഴുത്തുപരീക്ഷ ഇല്ല.
(e) NCC 'C' സര്‍ട്ടിഫിക്കറ്റും Republic Day പരേഡില്‍ പങ്കെടുത്തതുമായ ഉദ്യോഗാര്‍ഥികള്‍ക്ക് ക്ലാര്‍ക്ക്, SKT ടെക്‌നിക്കല്‍ ട്രേഡുകളില്‍മാത്രം എഴുത്തുപരീക്ഷ ഇല്ല.

4. സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ബോണസ് മാര്‍ക്ക്
(a) NIELIT (National Institute of Eletcronics & Information Technologies) നല്‍കുന്ന 'O' (ഒ) ലെവല്‍ IT കോഴ്‌സ് ഉള്ളവര്‍ക്കും A, B, C ലെവല്‍ സര്‍ട്ടിഫിക്കറ്റ് (DOEACC)15 മാര്‍ക്ക് (ക്ലാര്‍ക്ക്, SKT, ട്രേഡുകളില്‍മാത്രം)
(b) i ഒരു വര്‍ഷ ITI കോഴ്‌സ് ചെയ്തവര്‍ക്ക്30 മാര്‍ക്ക്
ii രണ്ട് വര്‍ഷ ITI കോഴ്‌സ് ചെയ്തവര്‍ക്ക്40 മാര്‍ക്ക്
iii ഡിപ്ലോമക്കാര്‍ക്ക്50 മാര്‍ക്ക് (അഗ്‌നിവീര്‍ ടെക്‌നിക്കല്‍ ട്രേഡില്‍)

5. കായികതാരങ്ങള്‍ക്ക് ബോണസ് മാര്‍ക്ക്
(a) അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവര്‍ക്ക്20 മാര്‍ക്ക്
(b) സംസ്ഥാനത്തെ ദേശീയതലത്തില്‍ പ്രതിനിധീകരിച്ചവര്‍ (ജൂനിയര്‍/സീനിയര്‍), വ്യക്തിഗത മെഡല്‍ നേടിയവര്‍, ഗ്രൂപ്പിനങ്ങളില്‍ 6ാം സ്ഥാനമെങ്കിലും നേടിയ ടീം. 15 മാര്‍ക്ക്
(c) കോളേജിനെയോ യൂണിവേഴ്‌സിറ്റിയെയോ പ്രതിനിധീകരിച്ച് മെഡല്‍ നേടിയവര്‍ 10 മാര്‍ക്ക്
(d) 'ഖേലോ ഇന്ത്യ' ഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡല്‍ നേടിയവര്‍. ഗ്രൂപ്പ് ഇനങ്ങളില്‍ 6ാം സ്ഥാനമെങ്കിലും നേടിയ ടീം 10 മാര്‍ക്ക്
(e) സംസ്ഥാനതല മീറ്റില്‍ ജില്ലയെ പ്രതിനിധീകരിച്ച് മെഡല്‍ നേടിയവര്‍. ഗ്രൂപ്പിനങ്ങളില്‍ 4ാം സ്ഥാനമെങ്കിലും നേടിയവര്‍ക്കും 05 മാര്‍ക്ക്
(f) സ്റ്റേറ്റ് സ്‌കൂള്‍ ടീമിനെ പ്രതിനിധീകരിച്ച് മെഡല്‍ നേടിയവര്‍. ഗ്രൂപ്പിനങ്ങളില്‍ 6ാം സ്ഥാനമെങ്കിലും നേടിയവര്‍ക്കും 05 മാര്‍ക്ക്
സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് രണ്ടുവര്‍ഷത്തെ സാധുതയേ ഉണ്ടാവൂ. അഥവാ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്ന ആദ്യദിവസംവെച്ച് കണക്കുകൂട്ടിയാല്‍ രണ്ടുവര്‍ഷത്തിന് മുന്‍പ് കിട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ ആവരുതെന്നര്‍ഥം.

റാലിക്കെത്തുമ്പോള്‍ കൈയില്‍ കരുതേണ്ട രേഖകള്‍

1. അഡ്മിറ്റ് കാര്‍ഡ്
2. അറ്റസ്റ്റ് ചെയ്യാത്ത, 20 കോപ്പി പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ (മൂന്ന് മാസത്തില്‍ക്കൂടുതല്‍ പഴക്കം പാടില്ല). ഫോട്ടോഷോപ്പ് ചെയ്‌തെടുത്ത ഫോട്ടോകള്‍ സ്വീകരിക്കില്ല.
3. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍:(SSLC മുതല്‍ മുകളിലേക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ഷീറ്റുകളും)
4. പ്രൊഫഷണല്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആണെങ്കില്‍ സ്ഥാപനമേധാവി മഷിപ്പേനകൊണ്ട് ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയതായിരിക്കണം.
5. ഓപ്പണ്‍ സ്‌കൂള്‍വഴി പഠിച്ചവരാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട DEO സാക്ഷ്യപ്പെടുത്തണം.
6. ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് (തഹസില്‍ദാര്‍ നല്‍കുന്ന ഫോട്ടോ പതിച്ച ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം).
7. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (തഹസില്‍ദാര്‍ നല്‍കുന്ന ഫോട്ടോ പതിച്ച ജാതി സര്‍ട്ടിഫിക്കറ്റ്)
8. Religion സര്‍ട്ടിഫിക്കറ്റ് (Cast സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ സ്പഷ്ടമാക്കിയിട്ടില്ലെങ്കില്‍ അത് പ്രത്യേകം സൂചിപ്പിക്കുന്ന Religion സര്‍ട്ടിഫിക്കറ്റ്)
9. സ്‌കൂള്‍ കാരക്ടര്‍ സര്‍ട്ടിഫിക്കറ്റ് (അവസാനം പഠിച്ച സ്ഥാപനത്തിന്റെ മേധാവി നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ്.
10. വില്ലേജ് കാരക്ടര്‍ സര്‍ട്ടിഫിക്കറ്റ് (ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ്)
11. റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (സര്‍വീസിലുള്ള പട്ടാളക്കാരുടെയും വിമുക്തഭടന്മാരുടെയും വിധവകളുടെയും യുദ്ധ വിധവകളുടെയും മക്കള്‍ക്ക് ബന്ധപ്പെട്ട ഓഫീസര്‍ നല്‍കുന്ന റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്റെ വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. സര്‍ട്ടിഫിക്കറ്റില്‍ ബന്ധപ്പെട്ട റെക്കോഡ് ഓഫീസിന്റെ വാട്ടര്‍മാര്‍ക്കും ഉണ്ടായിരിക്കണം.)
12. മുന്‍പ് സൂചിപ്പിച്ച പോലെ വിമുക്തഭടന്മാര്‍ 10 രൂപയുടെ NonJudicial സ്റ്റാമ്പ് പേപ്പറില്‍ അഫിഡവിറ്റ് നല്‍കണം ഇത് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റോ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റോ അറ്റസ്റ്റ് ചെയ്തിരിക്കണം (Appendix.B).
13. പോലീസ് നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ്
14. പഞ്ചായത്ത്/ കോര്‍പറേഷന്‍/ വില്ലേജ് നല്‍കുന്ന Residence Proof
15. ജനന സര്‍ട്ടിഫിക്കറ്റ്

Content Highlights: Agnipath Recruitment details,Army recruitment, jobs, physical test, malayalam news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented