-
മരടിലെ ബഹുനിലക്കെട്ടിടങ്ങൾ നിമിഷങ്ങൾകൊണ്ട് മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ നിലംപൊത്തിയതിനുപിന്നിൽ ഏതാനും വിദഗ്ധരുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനമായിരുന്നു. അനധികൃതനിർമാണവും കാലഹരണപ്പെട്ട കോൺക്രീറ്റ് കെട്ടിടങ്ങളും പാലങ്ങളും പൊളിക്കേണ്ടതായി വരുന്നു. പഴയവ പൊളിച്ച് പുതിയത് നിർമിക്കാൻ ഇടിച്ചുപൊളിക്കൽ വിദഗ്ധരെയാണ് (demolition experts) ആശ്രയിക്കുന്നത്.
എൻജിനിയറിങ്ങിൽ അഭിരുചിയും സാഹസികതയിൽ താത്‌പര്യവും വേഗത്തിൽ തീരുമാനമെടുക്കാനുള്ള കഴിവുമുണ്ടെങ്കിൽ ഈ മേഖലയിൽ അവസരങ്ങളുണ്ട്.
കെട്ടിടങ്ങളും പാലങ്ങളുമൊക്കെ പൊളിക്കുന്നത് അപൂർവം സന്ദർഭങ്ങളിലാണെങ്കിലും സ്ഫോടനവിദഗ്ധർക്ക് വൈദഗ്ധ്യം പ്രകടിപ്പിക്കാൻ ഖനികൾ, പ്രതിരോധം, പെട്രോളിയം ഉൾപ്പെടെയുള്ള മേഖലകളുണ്ട്.
എൻജിനിയറിങ് ബ്രാഞ്ചുകളുടെ ഏകോപനം
സിവിൽ, മെക്കാനിക്കൽ, കെമിക്കൽ, അപ്ലൈഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ ഇലക്‌ട്രോണിക്സ് തുടങ്ങി വിവിധ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ബിരുദമെടുത്തവർക്കും ഈ മേഖലയിലേക്ക് വരാം.
കെട്ടിടം പൊളിക്കൽ (Building implosion) മേഖലയിൽ ഈ ബ്രാഞ്ചുകാർക്ക് അവസരം കൂടുതലാണ്. വ്യത്യസ്ത എൻജിനിയറിങ് ബ്രാഞ്ചുകളുടെ ഏകോപനമാണ് ഇവിടെ നടക്കുന്നത്.
നിയന്ത്രിതസ്ഫോടനമുപയോഗിച്ച് കെട്ടിടങ്ങൾ പൊളിക്കുന്നത് കെട്ടിടത്തിന്റെ ഭാരം താങ്ങുന്ന സ്ട്രക്ചർ സ്ഥാനങ്ങൾ ആദ്യം തകർത്തുകൊണ്ടാണ്. താങ്ങുകൾ നഷ്ടപ്പെട്ട ഓരോ സെക്‌ഷനുകളും ഗുരുത്വാകർഷണംമൂലം മുകളിൽ മുകളിലായി വീഴുമ്പോൾ കെട്ടിടം മൊത്തമായി നിലംപതിക്കുന്നു. ഒരു സ്ട്രക്ചറൽ എൻജിനിയർക്കാണ് വ്യത്യസ്ത നിർമിതികളുടെ കൃത്യമായ സൂക്ഷ്മസ്ഥാനങ്ങൾ അറിയുക.
ഡിറ്റണേറ്ററുകൾ കൃത്യമായ ഇടവേളകളിൽ പ്രവർത്തിപ്പിക്കുന്നതിനുപിന്നിൽ ഇലക്‌ട്രോണിക്സ് സങ്കേതമാണുള്ളത്. ഈ ആവശ്യങ്ങൾക്ക് മുൻകാലങ്ങളിൽ ഉപയോഗപ്പെടുത്തിയിരുന്ന സ്ഫോടകവസ്തുക്കളുടെ ഒരംശംമാത്രമേ ഇന്ന് ഉപയോഗിക്കുന്നുള്ളൂ. പരിസരങ്ങളിലുള്ള ഒന്നിനും കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പൊളിക്കുന്നതിനുമു ന്നോടിയായി ത്രീഡി മോഡലുകൾ ഉണ്ടാക്കാറുണ്ട്. അത് കംപ്യൂട്ടർ സയൻസ് വിദഗ്ധരാണ് ചെയ്യുന്നത്.
വേസ്റ്റ് മാനേജ്മെന്റ്
പൊളിക്കൽ കഴിഞ്ഞാൽ വേസ്റ്റ് മാനേജ്മെന്റ് വിദഗ്ധരാണ് അവശിഷ്ടങ്ങൾ മാറ്റുന്നത്. ജനവാസമേഖലയിൽ ഭീമാകാരമായ നിർമിതികൾ പൊളിക്കുമ്പോൾ ഗതാഗതനിയന്ത്രണം, പരിസരവാസികളെ ബോധവത്‌കരിക്കൽ, കൃത്യമായ തീരുമാനങ്ങളെടുക്കൽ എന്നിവ നടപ്പാക്കപ്പെടുന്നതിന് സർക്കാർ ഏജൻസികൾക്ക് നിർദേശം നൽകേണ്ടിവരും.
സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങ്
എൻജിനിയറിങ് പഠനം തുടങ്ങാനിരിക്കുന്നവർക്കും ബിരുദം നേടിയവർക്കും സ്ഫോടനവിദഗ്ധരാവാൻ സാധ്യമാണ്. പ്ലസ്ടു കഴിഞ്ഞവർക്ക് സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങ് എടുത്ത് പഠിക്കുകയാണ് ഉത്തമം.
സ്ഫോടനങ്ങളുടെ സാങ്കേതികവശങ്ങൾ, സ്ഫോടകവസ്തുക്കൾ െകെകാര്യംചെയ്യുന്ന രീതികൾ, കെമിക്കൽ എൻജിനിയറിങ്ങിന്റെ അടിസ്ഥാനതത്ത്വങ്ങൾ, അന്തരീക്ഷമലിനീകരണ നിയന്ത്രണം, അഗ്നിശമനയന്ത്രങ്ങളുടെ രൂപകൽപ്പന, സേഫ്റ്റി എൻജിനിയറിങ്ങിന്റെ നിയമവശങ്ങൾ എന്നിവ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങിൽ പഠിക്കാം. മാത്രമല്ല വസ്ത്രനിർമാണം, ഫാക്ടറികൾ, പെട്രോളിയം- പെട്രോകെമിക്കൽസ് ഉത്പാദനം തുടങ്ങിയ മേഖലകളിലെ സുരക്ഷിതസംവിധാനങ്ങളെക്കുറിച്ചുള്ള പഠനവുമുണ്ട്.
കുസാറ്റിൽ പഠിക്കാം
സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങ്ങിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽ പഠിക്കാം. വൻകെട്ടിടങ്ങൾ പൊളിക്കാനുള്ള അവസരങ്ങൾ കുറവല്ലേയുള്ളൂവെന്നുകരുതി ആശങ്കപ്പെടേണ്ട. ബഹുനിലക്കെട്ടിടങ്ങളിൽ സേഫ്റ്റി സൂപ്പർവൈസർമാരെ നിയമിക്കുന്നുണ്ട്. മാത്രമല്ല, നിർമിക്കാനുദേശിക്കുന്ന കെട്ടിടത്തിൽ രക്ഷാമാർഗങ്ങൾ വേണ്ടവിധത്തിൽ സജ്ജീകരിച്ചിട്ടുണ്ടോ എന്ന് ഡിസൈൻ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് ഇവരുടെ ചുമതലയാണ്. കെട്ടിടങ്ങളുടെ ബാഹുല്യവും തീപ്പിടിത്തസാധ്യതകൾ വർധിച്ചതും സേഫ്റ്റി എൻജിനിയറിങ് ബിരുദക്കാരുടെ അവസരങ്ങൾ വർധിച്ചു. കേരള സാങ്കേതിക സർവകലാശാലയ്ക്കുകീഴിലും ബി.ടെക്. പ്രോഗ്രാമുകളുണ്ട്. ഒ.എൻ.ജി.സി., ബി.പി.സി.എൽ., ഐ.ഒ.സി.എൽ. ഐ.എസ്.ആർ.ഒ. അടക്കമുള്ള സ്ഥാപനങ്ങളിൽ തൊഴിലവസരമുണ്ട്.
വിദേശത്ത് ഉപരിപഠനവും ജോലിയും
സേഫ്റ്റി എൻജിനിയറിങ്ങിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണം എന്നിവയ്ക്ക് വിദേശസർവകലാശാലകളിൽ അവസരമുണ്ട്. ഹോട്ടലുകൾ, ഫാക്ടറികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി വലിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സേഫ്റ്റി സൂപ്പർവൈസർമാർ ഒരു അത്യന്താപേക്ഷിത ഘടകമായതിനാൽ വിദേശങ്ങളിൽ തൊഴിലവസരങ്ങൾ ധാരാളമാണ്.
മനുഷ്യവാസമുള്ള ഒരു കെട്ടിടത്തിൽ അപ്രതീക്ഷിതമായി തീയും പുകയും ഉണ്ടായാൽ പരിഭ്രാന്തരാകുന്ന മനുഷ്യരെ അവരുടെ മാനസികനിലയ്ക്കനുസരിച്ച് രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങളും രക്ഷാമാർഗങ്ങളും സൃഷ്ടിക്കുകയെന്നത് പഠനപദ്ധതിയിലുള്ളതിനാൽ മെക്കാനിക്കൽ എൻജിനിയർമാർക്കും അവസരമുണ്ട്.
(കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗം പ്രൊഫസറാണ് ലേഖകൻ)

Content Highlights: Demolition Expert- Courses and Career Prospects
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..