ടിയന്തരശ്രദ്ധ കിട്ടേണ്ട നാഗരിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനും മാറ്റങ്ങള്‍ എന്താണെന്ന് നേരിട്ട് അനുഭവിച്ചറിയാനും യുവാക്കള്‍ക്ക് ഒരവസരം. ഡല്‍ഹി സര്‍ക്കാരുമായി ചേര്‍ന്ന്, രണ്ടുവര്‍ഷംവരെ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് 'ചീഫ് മിനിസ്റ്റേഴ്‌സ് അര്‍ബന്‍ ലീഡേഴ്‌സ് ഫെലോഷിപ്പ്' പ്രോഗ്രാം തുറന്നുതരുന്നത്.

മന്ത്രിമാര്‍ക്കു കീഴില്‍

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട്, മന്ത്രിമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. നയരൂപവത്കരണത്തിനുവേണ്ട സഹായങ്ങള്‍ ചെയ്യുക, സര്‍ക്കാര്‍ പദ്ധതികളും സംരംഭങ്ങളും നടപ്പാക്കാന്‍ സഹായിക്കുക എന്നിവയാണ് വിശിഷ്ടാംഗത്തിന്റെ മുഖ്യ ഉത്തരവാദിത്വങ്ങള്‍. ഫെലോ, അസോസിയേറ്റ് ഫെലോ എന്നീ വിഭാഗങ്ങളില്‍ അപേക്ഷിക്കാം.

ഫെലോ

പൊതുസേവനത്തില്‍ അഭിനിവേശമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം. പിഎച്ച്.ഡി.യും ഒരുവര്‍ഷത്തെ മുഴുവന്‍ സമയ പ്രവൃത്തിപരിചയവും വേണം. അല്ലെങ്കില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും മൂന്നുവര്‍ഷത്തെ മുഴുവന്‍സമയ പ്രവൃത്തിപരിചയവും. ക്ലാസ് 12 കഴിഞ്ഞ് അഞ്ചുവര്‍ഷത്തെ പഠനത്തില്‍കൂടി നേടിയ എം.ബി.ബി.എസ്., ലോ തുടങ്ങിയ ബിരുദമുള്ളവരെ പോസ്റ്റ് ഗ്രാജ്വേറ്റ് ആയി കണക്കാക്കും. ബന്ധപ്പെട്ട പ്രൊഫഷണല്‍ സമിതിയില്‍ രജിസ്റ്റര്‍ ചെയ്തശേഷം മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍, 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ സി.ജി.പി.എ.യോടെ ബിരുദം എടുത്ത, കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

അസോസിയേറ്റ് ഫെലോ

60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. ബന്ധപ്പെട്ട പ്രൊഫഷണല്‍ സമിതിയില്‍ രജിസ്റ്റര്‍ചെയ്തശേഷം ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍ 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ സി.ജി.പി.എ.യോടെ ബിരുദം എടുത്ത, കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ക്ലാസ് 12 കഴിഞ്ഞ് അഞ്ചുവര്‍ഷത്തെ പഠനത്തില്‍കൂടി നേടിയ എം.ബി.ബി.എസ്., ലോ തുടങ്ങിയ ബിരുദമുള്ളവരെ, ഇരുവിഭാഗങ്ങളിലും പോസ്റ്റ് ഗ്രാജ്വേറ്റ് ആയി കണക്കാക്കും.

അപേക്ഷ

ഫെലോകള്‍ക്ക് മാസം ഒന്നേകാല്‍ ലക്ഷം രൂപവീതവും അസോസിയേറ്റ് ഫെലോയ്ക്ക് മാസം 75,000 രൂപ നിരക്കിലും വേതനം ലഭിക്കും. ഒറ്റത്തവണ ഗ്രാന്റായി എല്ലാവര്‍ക്കും 35,000 രൂപയും ലഭിക്കും. അപേക്ഷ https://ddc.delhi.gov.in/cmulf വഴി ഓഗസ്റ്റ് ഒന്‍പതുവരെ നല്‍കാം.

Content Highlights: Delhi chief minister's urban fellowship program