ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളില്‍ ഓഫീസറാവാന്‍ ബിരുദക്കാര്‍ക്ക് ലഭിക്കുന്ന ഗ്രീന്‍ ചാനലാണ് കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ. വര്‍ഷത്തില്‍ രണ്ടുതവണയാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഈ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നത്

രണ്ടു തവണകളിലുമായി വര്‍ഷം 1000-ത്തോളം പേര്‍ കമ്പൈന്‍ഡ് ഡിഫന്‍സ് പരീക്ഷ വഴി സേനകളില്‍ പ്രവേശനം നേടുന്നുണ്ട്. ഉയര്‍ന്ന ശമ്പളം, മികച്ച പദവികളിലേക്കുള്ള പ്രമോഷന്‍ സാധ്യത, വിരമിച്ചാല്‍ ഉയര്‍ന്ന പെന്‍ഷന്‍ തുടങ്ങി ആകര്‍ഷണീയമായ നേട്ടങ്ങളാണ് സി.ഡി.എസ്. പരീക്ഷാവിജയികളെ കാത്തിരിക്കുന്നത്. 2019-ലെ ആദ്യപരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയമാണിത്. 

ഒഴിവുകള്‍ 

417 ഒഴിവുകളാണ് ഇത്തവണയുള്ളത്. ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കാണ് വിജയികള്‍ക്ക് പ്രവേശനം ലഭിക്കുക. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ നോണ്‍ടെക്‌നിക്കല്‍ കോഴ്‌സിലേക്ക് വനിതകള്‍ക്കും അപേക്ഷിക്കാം. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ നിര്‍ദിഷ്ടസമയത്തിനകം യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നു മാത്രം. 

 പ്രായപരിധി

  • ഇന്ത്യന്‍ മിലിറ്ററി അക്കാദമി (അവിവാഹിതരായ പുരുഷന്മാര്‍): 1996 ജനുവരി 2-നും 2001 ജനുവരി 1-നും ഇടയില്‍ ജനിച്ചവര്‍.
  • ഇന്ത്യന്‍ നേവല്‍ അക്കാദമി (അവിവാഹിതരായ പുരുഷന്മാര്‍): 1996 ജനുവരി 2-നും 2001 ജനുവരി 1-നും ഇടയില്‍ ജനിച്ചവര്‍.
  • എയര്‍ഫോഴ്‌സ് അക്കാദമി (അവിവാഹിതരായ പുരുഷന്മാര്‍): 1996 ജനുവരി 2-നും 2000 ജനുവരി 1-നും ഇടയില്‍ ജനിച്ചവര്‍. 
  • ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (അവിവാഹിതരായ പുരുഷന്മാര്‍): 1995 ജനുവരി 2-നും 2001 ജനുവരി 1-നും ഇടയില്‍ ജനിച്ചവര്‍. 

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സിലേക്ക് അവിവാഹിതരായ വനിതകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത, കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹമോചനം നേടിയ വനിതകള്‍ക്കും (വിവാഹമോചനരേഖകളുള്ള, കുട്ടികളില്ലാത്തവര്‍) അപേക്ഷിക്കാവുന്നതാണ്. ഇവര്‍ 1995 ജനുവരി 2-നും 2001 ജനുവരി 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലെ വിജയികളെയാണ് നിയമനത്തിന് തിരഞ്ഞെടുക്കുക. 2019 ഫെബ്രുവരി 3-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

സിലബസ്

ഇംഗ്ലീഷ്, ജനറല്‍ നോളജ്, അടിസ്ഥാനഗണിതം എന്നിവയില്‍നിന്നായിരിക്കും ചോദ്യങ്ങള്‍. ഓരോന്നില്‍നിന്നും 100 മാര്‍ക്കുവീതമുള്ള ചോദ്യങ്ങളുണ്ടാവും. ഓരോ പാര്‍ട്ടിനും 2 മണിക്കൂര്‍ എന്നരീതിയില്‍ മൊത്തം 6 മണിക്കൂറായിരിക്കും പരീക്ഷ. നെഗറ്റിവ് മാര്‍ക്കിങ് ഉണ്ട്.  ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പരീക്ഷയില്‍ ഇംഗ്ലീഷും പൊതുവിജ്ഞാനവും മാത്രമേ ഉണ്ടാവൂ. ഓരോന്നില്‍നിന്നും 100 മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാവും. മൊത്തം നാല് മണിക്കൂറായിരിക്കും ഈ പരീക്ഷ. വിശദമായ സിലബസ് യു.പി.എസ്.സി. വെബ്സൈറ്റില്‍ ലഭിക്കും.

ഫീസ്: 200 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ (പാര്‍ട്ട് ഒന്ന്) പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന ചെലാന്‍ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖവഴി ഫീസടയ്ക്കാം. എസ്.ബി.ഐ. നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും മാസ്റ്റര്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയും ഫീസ് അടയ്ക്കാം. 

യോഗ്യത

  • ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി: ബിരുദം/തത്തുല്യം. 
  • നേവല്‍ അക്കാദമി: അംഗീകൃത എന്‍ജിനീയറിങ് ബിരുദം.
  • എയര്‍ഫോഴ്‌സ് അക്കാദമി: 10+2 തലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചുള്ള ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. 
  • ശാരീരികയോഗ്യത: പുരുഷന്മാര്‍ക്ക് കുറഞ്ഞ ഉയരം 157.5 സെ.മീ. (നേവിയിലേക്ക് 157 സെ.മീ., എയര്‍ഫോഴ്‌സിലേക്ക് 162.5 സെ.മീ.). സ്ത്രീകള്‍ക്ക് കുറഞ്ഞ ഉയരം 152 സെ.മീ. പ്രായത്തിന് അനുസരിച്ച് ഉണ്ടായിരിക്കേണ്ട ഭാരം, ഉയരം എന്നിവ വ്യക്തമാക്കുന്ന പട്ടിക www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

അപേക്ഷ

http://www.upsconline.nic.in-ലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പാര്‍ട്ട് I, II എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. പ്രാഥമിക വിവരങ്ങള്‍ പൂരുപ്പിച്ച് പാര്‍ട്ട് ഒന്ന് സബ്മിറ്റ് ചെയ്യണം. തുടര്‍ന്ന് നിര്‍ദേശാനുസൃതമായി ഫീസ് അടച്ചശേഷം പാര്‍ട്ട് രണ്ട് പൂരിപ്പിക്കണം. ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയും ഒപ്പും അപേക്ഷയില്‍ നിര്‍ദിഷ്ടസ്ഥാനത്ത് അപ്ലോഡ് ചെയ്യണം. പാര്‍ട്ട് II പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുന്നതോടെ ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാകും. ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 26