1 ഇടത്ത് നിന്ന്) സിവിൽ സർവീസസ് പരീക്ഷയിൽ 210-ാം റാങ്ക് നേടിയ ഗൗതം രാജ് കുടുംബത്തോടൊപ്പം (ഇടത്ത് നിന്ന് മൂന്നാമത്) , (2) രോഹിൻരാജ് (3) ദീപു സുധീർ (4) 211-ാം റാങ്ക് നേടിയ ലളിതിന് അമ്മ രാജേശ്വരി അമ്മാൾ മധുരം നൽകുന്നു.
ത്തവണത്തെ സിവിൽ സർവീസസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ നാലുപേർക്ക് തിളക്കമാർന്ന വിജയം. പലവട്ടം ശ്രമിച്ച് റാങ്ക്നില മുന്നോട്ടു കൊണ്ടുവന്നവരും കെ.എ.എസ്. നേടിയവരുമെല്ലാം കൂട്ടത്തിലുണ്ട്.
ഗൗതം രാജിന് 210-ാം റാങ്ക്
സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഗൗതം രാജിന് 210-ാം റാങ്കിന്റെ മധുരത്തിളക്കം. ചവറ തോട്ടിനുവടക്ക് മരുന്നൂര് പടീറ്റതില്‍ റിട്ടയേര്‍ഡ് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ സോമരാജന് പിള്ളയുടെയും പനയന്നാര്‍കാവ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സ്മാരക ഹൈസ്കൂളിലെ പ്രഥമാധ്യാപിക ആര്.സുഷമാദേവിയുടെയും രണ്ടാമത്തെ മകന് ഗൗതം രാജ് മൂന്നാമത്തെ പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. പുതിയകാവ് അമൃത വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസ് ലക്ഷ്യമുണ്ടായത്. കാന്‍പുര്‍ ഐ.ഐ.ടി.യില്‍ മെക്കാനിക്കല്‍ എന്ജിനിയറിങ്ങിനു പഠിക്കുമ്പോള്‍ ശ്രമം തുടങ്ങി. 2019-ല്‍ 353, 2020-ല്‍ 310 എന്നിങ്ങനെയായിരുന്നു റാങ്ക് നില.
പോസ്റ്റല്‍ സര്‍വീസില്‍ പരിശീലനത്തിലായിരുന്നു. ഗൗതം രാജിന്റെ ഭാര്യ അര്‍ച്ചന 2019-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 99-ാം റാങ്ക് നേടിയിരുന്നു. ഇപ്പോള്‍ എറണാകുളത്ത് ഇന്‍കം ടാക്സ് അസിസ്റ്റന്റ് കമ്മിഷണറാണ്.
ലളിതിന് 211-ാം റാങ്ക്
സിവില്‍ സര്‍വീസില്‍ ലളിത് നേടിയ 211-ാം റാങ്ക് മുഖത്തല നടുവിലക്കരയെ ആഹ്ളാദത്തിലാക്കി. റാങ്കുവിവരമറിഞ്ഞ് ലളിതിന്റെ വീടായ ആലിയാട്ടുമഠത്തില് അഭിനന്ദനമറിയിക്കാന്‍ ഒട്ടേറെപ്പേര്‍ എത്തി.
വെങ്കിട്ടരമണന് പോറ്റിയുടെയും രാജേശ്വരി അമ്മാളിന്റെയും മകനായ ലളിത് സ്കൂള്‍കാലത്തുതന്നെ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. മുഖത്തല സെന്റ് ജൂഡ് സ്കൂള്‍, കണ്ണനല്ലൂര്‍ എം.കെ.എല്‍.എം.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു പ്ലസ് ടുവരെ പഠിച്ചത്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. കഴിഞ്ഞശേഷം സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ആദ്യശ്രമത്തില്‍ വിജയം നേടാനായില്ലെങ്കിലും ആത്മവിശ്വാസമേറി. അടുത്തവര്‍ഷം വഴുതക്കാട്ടുള്ള സ്ഥാപനത്തിലെ പരിശീലനത്തിനുശേഷമാണ് പരീക്ഷയെഴുതിയത്.
ലളിതിന്റെ സഹോദരി ഡോ. ശ്രീനിധി മധുര ശിവഗംഗ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.
റാങ്ക് മെച്ചപ്പെടുത്തി ദീപു സുധീര്‍
സിവില്‍ സര്‍വീസസ് പരീക്ഷയില്‍ കഴിഞ്ഞതവണത്തെ റാങ്ക് മെച്ചപ്പെടുത്തി പരവൂര്‍ കൂനയില്‍ ഒല്ലാല്‍ ഭവാനിയില്‍ ദീപു സുധീര്‍. 495-ാം റാങ്കാണ് സുധീര്‍ നേടിയത്. 2020-ലെ പരീക്ഷയില്‍ 599-ാം റാങ്കാണ് ലഭിച്ചത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാണ്. ജോലിയില്‍നിന്ന് അവധിയെടുത്താണ് പഠനത്തില്‍ ശ്രദ്ധിച്ചത്. പഠിച്ചും പഠിപ്പിച്ചുമാണ് സ്വപ്നത്തിലേക്ക് നടന്നടുത്തത്.
ആദിച്ചനല്ലൂര്‍ കൈതക്കുഴി എന്‍.എം.എച്ച്.എസ്.എസിലായിരുന്നു എസ്.എസ്.എല്‍.സി.പഠനം. കൊല്ലം എസ്.എന്‍.പബ്ലിക് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനുശേഷം കരിക്കോട് ടി.കെ.എം. എന്‍ജിനിയറിങ് കോളേജില്‍നിന്നു ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി.ടെക് നേടി. തുടര്‍ന്ന് മൂന്നുവര്‍ഷം തിരുവനന്തപുരത്ത് വിവിധ സിവില്‍സര്‍വീസ് പരിശീലനകേന്ദ്രങ്ങളില്‍ ക്ലാസെടുത്തു. റവന്യൂ സര്‍വീസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദീപു. ആര്.സുധീറിന്റെയും സി.വി.ബിന്ദുവിന്റെയും മകനാണ്. നിബു സുധീറാണ് സഹോദരന്.
ദുരന്തത്ത തോല്പിച്ച് രോഹിന്‍രാജ്
ദുരന്തത്തെ തോല്‍പ്പിച്ച് ആദ്യം കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്. പിന്നാലെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസും. മരണത്തെ മുഖാമുഖം കണ്ട രോഹിന്‍രാജ് എന്ന ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വിജയഗാഥയാണ് ഈ നേട്ടങ്ങള്‍.
ഉത്സവപ്പറമ്പിലുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും തളര്‍ന്ന് വിധിയെ പഴിച്ചിരിക്കാതെ പോരാടിയാണ് പോരുവഴി പള്ളിമുറി പേരൂര്വീട്ടില് രോഹിന്‍രാജ് എന്ന മുപ്പത്തൊന്നുകാരന് കെ.എ.എസും ഐ.എ.എസും നേടിയത്. 26-ാം പേരുകാരനായാണ് കഴിഞ്ഞ ബാച്ച് കേരള അഡ്മിനിസ്ട്രേറ്റ് സര്‍വീസില്‍ പ്രവേശിച്ചത്. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഐ.എ.എസ്. 674-ാം റാങ്ക് ലഭിച്ച വിവരം അറിയുന്നത്. 2013 മാര്‍ച്ച് 22-നാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരുന്ന രോഹിന്രാജിന്റെ വിധിയെ മാറ്റിമറിച്ച അപകടമുണ്ടായത്.
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ കെട്ടുകാഴ്ച കാണാന്‍ കരക്കാരന്‍ കൂടിയായ രോഹിന്‍രാജ് കൂട്ടുകാര്‍ക്കൊപ്പമാണ് വയലില്‍ എത്തിയത്. ഉരവുകണ്ടത്തില് നിരന്ന വലിയ എടുപ്പുകുതിരയില്‍ ഒന്നിനെ തോളിലേറ്റുന്നതിനു മുന്നോടിയായി ശക്തമായി ഉലുത്തി. അതിനിടെ മുപ്പതടിയോളം ഉയരത്തില്‍നിന്ന് കുതിരയുടെ മുകള്ത്തട്ടൊടിഞ്ഞ് അടുത്തുനില്ക്കുകയായിരുന്ന രോഹിന്റെ തലയില്‍ വീണു. ഗുരുതരമായി പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം അബോധാവസ്ഥയില്‍ കിടന്നു.
ആറുമാസത്തെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മുഖത്തിന്റെ ഒരുഭാഗത്തെ ചലനശേഷിയും കേള്‍വിശക്തിയും നഷ്ടമായി. എങ്കിലും പഠനം തുടര്‍ന്നു. ബി.ടെക്കും എം.ബി.എ.യും നേടി. 2018-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി പരാജയപ്പെട്ടു. ഇതിനിടെയാണ് കെ.എ.എസ്. ലഭിക്കുന്നത്. ഒടുവില്‍ ഐ.എ.എസും കൈപ്പിടിയിലൊതുക്കിയാണ് രോഹിന്രാജിന്റെ യാത്ര. പ്രേരകശക്തിയായത് അച്ഛന് രാജശേഖരന് പിള്ളയും അമ്മ ഇന്ദിര അമ്മയുമാണെന്ന് രോഹിന് പറയുന്നു.
Content Highlights: Civil Services Rank holders from Kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..