ദിലീപ് കുടുംബാംഗങ്ങളോടൊപ്പം (ഫയൽച്ചിത്രം)
തിരുവനന്തപുരം: കൊറിയയിൽ സാംസങ് കമ്പനിയിലെ ആകർഷകമായ ജോലി വേണ്ടെന്നുവെച്ചാണ് 2018-ൽ സിവിൽ സർവീസസ് മോഹവുമായി ചങ്ങനാശ്ശേരി സ്വദേശി ദിലീപ് കെ. കൈനിക്കര കേരളത്തിലേക്ക് മടങ്ങുന്നത്. വലിയ ശമ്പളത്തോടെയുള്ള ജോലി രാജിവെച്ച് സിവിൽ സർവീസസ് പഠിക്കാനുള്ള തീരുമാനത്തെ സംശയിച്ചവരായിരുന്നു കൂടുതലും. പഠിച്ചാൽ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമായിരുന്നു കൈമുതൽ. കൂടെ വീട്ടുകാരുടെ പിന്തുണയും.
മൂന്നാമത്തെ ശ്രമത്തിൽ റാങ്ക്
ഫലംവരുമ്പോൾ തിരുവനന്തപുരം പട്ടത്തെ ഫ്ളാറ്റിലായിരുന്നു ദിലീപ്. കേരളത്തിൽ ഒന്നാമനാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ആദ്യ നൂറിൽ ഇടംനേടുമെന്ന് കരുതിയതായി ദിലീപ് പറഞ്ഞു. മൂന്നാമത്തെ ശ്രമത്തിലാണ് 21-ാം റാങ്കോടെ ദിലീപ് വിജയം നേടിയത്. രണ്ടാമത്തെ ശ്രമത്തിൽ അഭിമുഖം വരെയെത്തിയിരുന്നു.
ഇതിനിടയിൽ കഴിഞ്ഞവർഷം ഫോറസ്റ്റ് സർവീസ് പരീക്ഷയെഴുതി വിജയിച്ചു. ഇതിന്റെ പരിശീലനം നടക്കുന്നതിനിടെയാണ് അവധിയെടുത്ത് സിവിൽ സർവീസിന് തയ്യാറെടുത്തത്. 2011-ൽ കേരള എൻട്രൻസിൽ ഒന്നാംറാങ്കോടെയാണ് വിജയിച്ചത്. തുടർന്ന് മദ്രാസ് ഐ.ഐ.ടി.യിൽനിന്ന് ബി.ടെക്. പഠനം കഴിഞ്ഞ് നേരെ കൊറിയയിലെ പ്രശസ്തമായ ജോലി.
കേരളത്തിൽ പ്രവർത്തിക്കണം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലായിരുന്നു ദിലീപിന്റെ പ്രവർത്തനം. സാങ്കേതികമേഖലയിലെ ജോലിയെക്കാൾ സന്തോഷം തരാൻ സിവിൽ സർവീസിന് കഴിയുമെന്ന് തോന്നിയതോടെ ജോലി ഉപേക്ഷിച്ചു. തിരുവനന്തപുരത്തെത്തി പരിശീലനം ആരംഭിച്ചു.
പഠനത്തിനായി ടൈംടേബിൾ തയ്യാറാക്കി. ആദ്യപരീക്ഷയിൽ വരുത്തിയ തെറ്റുകൾ കണ്ടെത്തിയായിരുന്നു പിന്നീടുള്ള പരിശീലനം. പഠനത്തിനൊപ്പം മാനസികോല്ലാസത്തിനും പ്രാധാന്യം നൽകി. മാതൃകാപരീക്ഷകൾ ഏറെ ഗുണംചെയ്തെന്നും ദിലീപ് പറയുന്നു. ഐ.എ.എസ്. ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള കേഡറിൽ ജോലിചെയ്യണമെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.
റിട്ട. എസ്.ഐ. ചങ്ങനാശ്ശേരി പി.സി. കവല കൈനിക്കര വീട്ടിൽ കെ.എസ്. കുര്യാക്കോസിന്റെയും അധ്യാപികയായ ജോളിമ്മ ജോസിന്റെയും മകനാണ് ദിലീപ്. ബിരുദാനന്തരബിരുദ വിദ്യാർഥിനിയായ അമലുവാണ് സഹോദരി.
Content Highlights: Civil Serivices Exam results out, Dileep bagged 21th Rank
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..