ക്‌സൈസ് നിയമനത്തിനുള്ള ശാരീരികസ്ഥിരതാ പരീക്ഷയ്ക്ക് (എന്‍ഡുറന്‍സ് ടെസ്റ്റ്) ഓടാനുള്ള ദൂരം രണ്ടര കിലോമീറ്ററാക്കി വര്‍ധിപ്പിക്കും. ഇനിയുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ഇത് ബാധകമാക്കും.

നിലവില്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് ഓടേണ്ടിയിരുന്നത്. ഇത് മൂന്ന് കിലോമീറ്ററാക്കി ഉയര്‍ത്തണമെന്നാണ് എക്‌സൈസ് വകുപ്പ് ശുപാര്‍ശ ചെയ്തത്. 

ഇന്ത്യാ റിസര്‍വ് ബറ്റാലിയന് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഓടേണ്ടത്. എക്‌സൈസിന് അത് കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടര കിലോമീറ്ററാക്കി നിശ്ചയിക്കുകയാണ് കഴിഞ്ഞ പി.എസ്.സി. യോഗം ചെയ്തത്. 

സിവില്‍ എക്‌സൈസ് ഓഫീസറായി നിയമനം കിട്ടുന്നതിന് പുരുഷന്മാര്‍ 13 മിനിറ്റിലും സ്ത്രീകള്‍ 15 മിനിറ്റിലുമായി രണ്ടര കിലോമീറ്റര്‍ ദൂരം ഓടണം. ഈ പരീക്ഷ ജയിക്കുന്നവരെയായിരിക്കും കായികക്ഷമതാപരീക്ഷയ്ക്ക് ക്ഷണിക്കുന്നത്.

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്കുള്ള ഒ.എം.ആര്‍. പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. അതില്‍ വിജയിക്കുന്നവരെയാണ് എന്‍ഡുറന്‍സ് ടെസ്റ്റിന് ക്ഷണിക്കുക. 

ഇവര്‍ രണ്ടര കിലോമീറ്റര്‍ ദൂരം ഓടി പരിശീലിക്കേണ്ടി വരും. കഴിഞ്ഞ തവണ രണ്ട് കിലോമീറ്ററായിരുന്നപ്പോള്‍ ഭൂരിഭാഗം പേരും എന്‍ഡുറന്‍സ് ടെസ്റ്റ് വിജയിച്ചിരുന്നു. കായിക പരീക്ഷയ്ക്ക് അര്‍ഹത നേടുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കഴിയാത്തത് അന്ന് വിമര്‍ശനങ്ങള്‍ക്കിടയാക്കി. അതുകൊണ്ടാണ് മാനദണ്ഡം പരിഷ്‌കരിക്കാന്‍ എക്‌സൈസ് വകുപ്പ് ശുപാര്‍ശ ചെയ്തത്.