തൊഴില്‍ജീവിതം മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. തൊഴില്‍മേഖല കൂടുതല്‍ സഹകരണപരവും ചലനാത്മകവുമാകുന്നതുമൂലം തൊഴില്‍ദാതാക്കള്‍ േഡറ്റ അനലിറ്റിക്‌സ് പോലെയുള്ള സാങ്കേതികകഴിവുകള്‍ക്ക് മാത്രമല്ല ഇനി പ്രാധാന്യം നല്‍കുക. സര്‍ഗാത്മകത, വിമര്‍ശനാത്മക ചിന്ത, പ്രശ്‌നപരിഹാരം, സ്വാധീനം, വൈകാരികമായ സാമര്‍ഥ്യം തുടങ്ങിയ അനൗദ്യോഗിക നൈപുണ്യങ്ങള്‍ നേടിയ ഉദ്യോഗാര്‍ഥികളെയാണ് അന്വേഷിക്കുക. ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെയെന്ന് ശ്രദ്ധിച്ച് പുതിയ വൈദഗ്ധ്യങ്ങള്‍ നേടുന്നതിലൂടെമാത്രമേ യുവാക്കള്‍ക്ക് ഭാവിയില്‍ തൊഴില്‍മേഖലയില്‍ നിലനില്‍ക്കാന്‍ സാധിക്കൂ.

പുതിയ നൈപുണിയുടെ ആവശ്യകത വര്‍ധിക്കുമ്പോള്‍ നിലവിലുള്ള പല കഴിവുകളും അപ്രധാനമാകുന്നുണ്ട്. മലയാളിയുടെ സങ്കല്പത്തിലുള്ള ജോലികള്‍ക്കും മാറ്റങ്ങള്‍ വരാനുള്ള സാധ്യതകള്‍ ചിന്തിക്കാം.

അധ്യാപനം

തൊഴില്‍ നൈപുണ്യ വികസനത്തിന് ശ്രദ്ധയൂന്നി വിദ്യാര്‍ഥികളെ തൊഴിലുകള്‍ക്ക് പ്രാപ്തരാക്കുന്ന അധ്യാപന മികവുള്ളവര്‍ക്കാവും അവസരങ്ങള്‍.

വിദ്യാര്‍ഥികള്‍ക്കുവേണ്ട യുക്തിവിചാരം, നിര്‍ണായക തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, സാമാന്യബുദ്ധി, പ്രവൃത്തിപരമായ ആശയവിനിമയശേഷി എന്നിവ നിര്‍ണായകമാണ്. അവസരങ്ങളും വിദ്യാര്‍ഥികളുടെ അഭിരുചികളും മനസ്സിലാക്കി തൊഴില്‍നൈപുണി വികസിപ്പിക്കാന്‍ കഴിവുള്ള അധ്യാപകര്‍ക്കുമാത്രമേ ഭാവിയില്‍ ഉന്നതനിലവാരമുള്ള തൊഴില്‍ ലഭിക്കൂ.

അക്കൗണ്ടന്റ്

കംപ്യൂട്ടറും സോഫ്റ്റ്വേറുകളും ഉപയോഗിച്ച് ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂടെ ചെയ്യാവുന്ന കണക്കെഴുത്ത് നിലവില്‍വന്നു. നിര്‍മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അക്കൗണ്ടന്റ് തൊഴില്‍മേഖലകളില്‍ ഭാവിയില്‍ വന്‍ പരിണാമം സൃഷ്ടിക്കും. ബുക്ക് കീപ്പിങ്, ക്ലാര്‍ക്ക്, ട്രാന്‍സാക്ഷണല്‍ േഡറ്റ എന്‍ട്രി തുടങ്ങിയ തൊഴിലുകള്‍ ഓട്ടോമേറ്റഡാകും. ഡിജിറ്റല്‍ സാങ്കേതികപരിജ്ഞാനം, അവബോധ ധാരണ, തീരുമാനമെടുക്കല്‍, അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സ് നിയമപരിജ്ഞാനം എന്നീ സുപ്രധാനമായ കഴിവുകളുള്ളവര്‍ക്കേ അക്കൗണ്ടന്റ് മേഖലയില്‍ മികച്ച തൊഴില്‍ലഭിക്കൂ.

ബാങ്കിങ്

ഡേറ്റാ അനലിറ്റിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ ടെക്‌നോളജിയുടെ പക്വമായ വികാസത്തോടെ ഇപ്പോഴുള്ളതില്‍ മൂന്നിലൊന്നുവിഭാഗം ബാങ്കിങ് ജോലികളും നഷ്ടപ്പെടും. ബാങ്ക് ടെല്ലര്‍, കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, അനലിസ്റ്റ്, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍, ലോണ്‍ പ്രോസസിങ് തുടങ്ങി നാല്‍പ്പതോളം വിവിധ ബാങ്കിങ് തൊഴിലുകള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കും.

സര്‍ക്കാര്‍ജോലി

സുരക്ഷിതമേഖലയായി നിലനില്‍ക്കുന്ന ഒരു തൊഴില്‍മേഖലയാണിത്. ഇതിലെ നിലവാരപ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുള്ള തലമുറയാണ് വളര്‍ന്നുവരുന്നത്. മനുഷ്യത്വപരമായ സമീപനം, ജനസൗഹൃദമായ അന്തരീക്ഷം, സേവനമനോഭാവം, പ്രശ്‌നപരിഹാരസാമര്‍ഥ്യം, കാര്യക്ഷമത, ദീര്‍ഘവീക്ഷണം തുടങ്ങിയ കഴിവുള്ളവര്‍ക്കുമാത്രമേ ഭാവിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി തൊഴിലെടുക്കാന്‍ അവസരങ്ങള്‍ ലഭിക്കൂ.

നഴ്സ്

മെഷീന്‍ ടെക്‌നോളജികൊണ്ട് പകരംെവക്കല്‍ സാധ്യമാവാത്ത തൊഴില്‍മേഖലയാണ് നഴ്സിങ്. ലോകജനസംഖ്യ കൂടിവരുകയാണ്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല വികസിതരാജ്യത്തും വയോജകരുടെ ജനസംഖ്യ ഉയരും. അവര്‍ക്ക് വിവിധ ആരോഗ്യപരിപാലന സേവനങ്ങള്‍ ആവശ്യമായി വരും. ആഗോളതലത്തില്‍ നഴ്സുമാരുടെ കുറവ് നിലനില്‍ക്കുന്നു. മികച്ച ആശയവിനിമയശേഷിയും മാനുഷിക ഗുണങ്ങളുമുള്ള നഴ്‌സുമാര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒട്ടേറെയാണ്.

ഗള്‍ഫ് ജോലികള്‍

ഗള്‍ഫ് നാടുകളില്‍ നിലവിലുള്ള തൊഴിലുകളില്‍ 45 ശതമാനത്തോളം ഓട്ടോമേഷന്‍ യന്ത്രവത്കരണം നടപ്പാക്കല്‍ സാധ്യമാകുമെന്നാണ് മക്കിന്‍സി റിപ്പോര്‍ട്ട് പറയുന്നത്. തൊഴില്‍പരമായ പ്രവൃത്തികള്‍ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യാന്‍ സാധിക്കാത്ത ഒരുപാട് മേഖലയുണ്ട്. എന്നാല്‍, ഭാഗികമായ ഒരുപാട് തൊഴിലുകള്‍ റോബോട്ടിക്‌സ്, നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഒരു വലിയ വിഭാഗം താഴ്ന്ന-മധ്യ വര്‍ഗ വിദേശതൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ കുറയ്ക്കും.

ടെക്നിക്കല്‍ ഓട്ടോമേഷന്‍ 90 ശതമാനവും ബാധിക്കുന്നത് താഴ്ന്നവരുമാനക്കാരായ വിദേശികളായ തൊഴിലാളികളെയാണ്.

ഈ മേഖലകള്‍ അറിയണം, പഠിക്കണം

  • നിര്‍മിതബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും), മെഷീന്‍ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ്, ഡേറ്റാ മൈനിങ്, ഡേറ്റാ വിഷ്വലൈസേഷനും കോഡിങ്ങും.
  • ബ്ലോക്ക്ചെയിന്‍, ഫിന്‍ടെക്, അസെറ്റ് മാനേജ്മെന്റ്, വെല്‍ത്ത് മാനേജ്മെന്റ്, റിസ്‌ക് മാനേജ്മെന്റ് ആന്‍ഡ് കംപ്ലയിന്‍സ്.
  • ഇലക്ട്രോണിക് ടെക്‌നോളജീസ് (ഉദാ: ഇ-കൊമേഴ്സ്, വെബ്, ഇ-പേമെന്റ് സൊലൂഷന്‍സ്), ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി, സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, സെക്യൂരിറ്റി സിസ്റ്റംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്.
  • ഇമ്മേഴ്‌സീവ് മീഡിയ (വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി), സമൂഹമാധ്യമം, സംവേദനാത്മക മാധ്യമം ഒപ്പം ഗെയിം വികസനവും.
  • എന്‍ക്രിപ്ഷന്‍ ടെക്‌നോളജീസ്, സൈബര്‍ ഇന്റലിജന്‍സ് ആന്‍ഡ് സൈബര്‍ റിസ്‌ക് മാനേജ്‌മെന്റ്, സൈബര്‍ ഇന്‍സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ കംപ്ലയിന്‍സ്.
  • സ്റ്റാര്‍ട്ട്അപ്പ്, ടെക്‌നോപ്രണര്‍ഷിപ്പ്, ധനകാര്യം, പ്ലാറ്റ്ഫോം മോഡലുകള്‍, ബിസിനസ് മോഡലുകള്‍, ആഗോളവത്കരണം, പ്രോഡക്ട്/ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ്, സുസ്ഥിരവളര്‍ച്ച.
  • സിസ്റ്റംസ് എന്‍ജിനിയറിങ്, സുസ്ഥിര പരിഹാരങ്ങള്‍, സ്വയം നിയന്ത്രിതഗതാഗത പരിഹാരങ്ങള്‍, ആള്‍ട്ടര്‍നേറ്റ് എനര്‍ജി.


Content Highlights: Changing World and Career; New Skills for Changing Needs