എ.കെ. മിശ്ര

സ്വപ്നദേശത്തേക്ക് യാത്രപോകുന്ന നായകനോട് വഴിയോരത്തെ സന്ന്യാസി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തിരിക്കുമ്പോഴാണ് മുന്നിലെ കസേരയിലേക്ക് ആ മനുഷ്യന്‍ വന്നിരുന്നത്... നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്ത് ആ മനുഷ്യന്‍ സംസാരിച്ചു തുടങ്ങിയപ്പോഴും ആദ്യം കാതോരം ഒഴുകിയെത്തിയത് ആ വാക്കു തന്നെയായിരുന്നു... 'സ്വപ്‌നം'.

''നിങ്ങള്‍ സ്വപ്നം കാണണം... അത് സാക്ഷാത്കരിക്കാന്‍ ശ്രമിക്കേണ്ടതും നിങ്ങള്‍ തന്നെയാണ്. സിവില്‍ സര്‍വീസ് പരീക്ഷ അറിവിന്റെ മനോഹരമായൊരു സ്വപ്നമാണ്. അഞ്ചു ലക്ഷത്തിലധികം പേരില്‍ നിന്ന് ആയിരം പേരെ തിരഞ്ഞെടുക്കുന്ന ഒരു പരീക്ഷ. ആത്മവിശ്വാസവും കഠിനാധ്വാനവും നിങ്ങളുടെ കൂടെയുണ്ടെങ്കില്‍ സിവില്‍ സര്‍വീസെന്ന സ്വപ്നം പുഷ്പംപോലെ നിങ്ങളുടെ കൈക്കുടന്നയില്‍ വന്നു വീഴും. അത് നിങ്ങള്‍ കൈപ്പിടിയിലൊതുക്കിയാല്‍ ആ സ്വപ്നം പിന്നീടൊരിക്കലും മാഞ്ഞുപോകില്ല...''

സ്വപ്നങ്ങളെപ്പറ്റിയാണ് പറഞ്ഞുകൊണ്ടിരുന്നതെങ്കിലും ആ മനുഷ്യന്‍ മുന്നിലേക്ക് കുടഞ്ഞിട്ടതു മുഴുവന്‍ 'സിവില്‍ സര്‍വീസ്' എന്ന മനോഹരമായൊരു യാഥാര്‍ഥ്യമായിരുന്നു. ഏതൊരു ഇന്ത്യക്കാരന്റെയും ജീവിതത്തിലെ വലിയ മോഹങ്ങളിലൊന്നായ സിവില്‍ സര്‍വീസ് രംഗത്തേക്ക് നൂറുകണക്കിന് കുട്ടികളെ കൈപിടിച്ചുയര്‍ത്തിയ ഈ മനുഷ്യന്റെ പേര് എ.കെ. മിശ്ര...

'ചാണക്യ ഐ.എ.എസ്. അക്കാദമി' യുടെ ചെയര്‍മാനായ എ.കെ. മിശ്ര എന്ന ജാര്‍ഖണ്ഡുകാരന് പിന്നെയും ഒരുപാട് മേല്‍വിലാസങ്ങളുണ്ട്. എഴുത്തുകാരന്‍, പ്രാസംഗികന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ തുടങ്ങി പല മേല്‍വിലാസങ്ങളും ഒപ്പം ചേര്‍ത്തുവയ്ക്കുമ്പോഴും മിശ്രയുടെ മനസ്സില്‍ എപ്പോഴുമുള്ളത് ഒരു സ്വപ്‌നമാണ്... 'രാജ്യത്തിനു വേണ്ടി ഇനിയുമൊരുപാട് കുട്ടികളെ സിവില്‍ സര്‍വീസ് രംഗത്തേക്ക് കൊണ്ടുവരണം.'

കുസാറ്റില്‍ ഒരു സെമിനാറിനെത്തിയ എ.കെ. മിശ്ര 'മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

? ആരാകാനാണ് ആഗ്രഹം എന്നു ചോദിക്കുമ്പോള്‍ കുട്ടിക്കാലത്ത് പലരും പറയുന്ന ഉത്തരമാണല്ലോ 'കളക്ടര്‍' എന്ന പദവി. ഇത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നാണോ

സാധ്യമാകുമോ എന്ന ചോദ്യമാണ് പ്രധാനം. അത് എളുപ്പമാണോയെന്നല്ല ആദ്യം ചിന്തിക്കേണ്ടത്. സിവില്‍ സര്‍വീസ് ആര്‍ക്കെങ്കിലും അപ്രാപ്യമായ ഒന്നല്ല. കുട്ടിക്കാലത്ത് ക്ലാസില്‍ ടീച്ചറോ മറ്റോ ആരാകാനാണ് ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ പലരും 'കളക്ടറാകണം' എന്ന ഉത്തരം പറയാറുണ്ട്. പക്ഷേ, വലുതാകുമ്പോള്‍ അവര്‍ ആ ഉത്തരത്തിലേക്കെത്തുന്നില്ലെങ്കില്‍ അതിനു കാരണം അവര്‍ തന്നെയാണ്. വ്യക്തമായ ലക്ഷ്യങ്ങളോടെയുള്ള ആഗ്രഹം ആര്‍ക്കും സാക്ഷാത്കരിക്കാവുന്ന ഒന്നാണ്. അതിനു വേണ്ടത് കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ്.

? സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരുടെ തയ്യാറെടുപ്പുകള്‍ എങ്ങനെയാകണം

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ജോലി എന്തായിരിക്കും... അതിന്റെ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണ്... എന്നൊന്നുമറിയാതെയാണ് പലരും ഈ പരീക്ഷയിലേക്ക് കടന്നുവരുന്നത്. തന്നെ മനസ്സിലാക്കി, സിവില്‍ സര്‍വീസിനോടുള്ള തന്റെ ആഭിമുഖ്യം എത്രയുണ്ടെന്നു മനസ്സിലാക്കി വേണം ഈ രംഗത്തേക്ക് കടന്നുവരേണ്ടത്. വ്യക്തമായ ധാരണയോടെ ലക്ഷ്യം മനസ്സിലുറപ്പിച്ച പ്രയത്‌നം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

? സിവില്‍ സര്‍വീസിനു വേണ്ടി ഒരാള്‍ എങ്ങനെയാകണം പഠിക്കേണ്ടത്

സിവില്‍ സര്‍വീസിലേക്ക് ഓരോ വര്‍ഷവും ആയിരത്തോളം പേരെ മാത്രമാണ് വിവിധ സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതില്‍ ഐ.എ. എസിനാകട്ടെ 150 ഓളം സീറ്റുകള്‍ മാത്രമാണുള്ളത്. അഞ്ചു ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും രാജ്യത്ത് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതെന്ന കാര്യം ഓര്‍ക്കുക.

ആദ്യത്തെ ശ്രമം കൊണ്ട് പലപ്പോഴും വിജയം നേടാന്‍ കഴിഞ്ഞെന്നു വരില്ല. പരിശീലനം തുടങ്ങുമ്പോള്‍ത്തന്നെ ഈ യാഥാര്‍ഥ്യം നിങ്ങളുടെ മനസ്സില്‍ വ്യക്തമായുണ്ടാകണം. ഒന്നോ രണ്ടോ തവണ ശ്രമിച്ചിട്ട് വിജയം നേടാന്‍ കഴിയാതെ വരുമ്പോള്‍ നിരാശയോടെ പിന്തിരിഞ്ഞുപോകുന്ന ഒരുപാടുപേരെ കണ്ടിട്ടുണ്ട്. പക്ഷേ, ഒരുകാര്യം നിങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും, 'സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലൂടെ നിങ്ങള്‍ നേടുന്ന അറിവും ആത്മവിശ്വാസവും നിങ്ങള്‍ മറ്റേതു ജോലിയിലെത്തിയാലും അവിടെ ഗുണകരമാകും.'

? കേരളത്തില്‍ സിവില്‍ സര്‍വീസ് പഠനത്തിനുള്ള സാധ്യതകള്‍ മികച്ചതാണോ. പലരും പരീക്ഷയ്ക്ക് പഠിക്കാന്‍ ഡല്‍ഹിക്കും മറ്റും വരുന്നുണ്ടല്ലോ

സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക് പഠിക്കണമെങ്കില്‍ ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ പോകണമെന്നത് പഴഞ്ചന്‍ വിശ്വാസമാണ്. എവിടെയായിരുന്നാലും നിങ്ങള്‍ എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം.
പഠനത്തിനായുള്ള പുസ്തകങ്ങളും ആനുകാലികങ്ങളുമൊക്കെ ലൈബ്രറികളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് പലയിടത്തും സൗജന്യ പരിശീലനങ്ങളും നല്‍കുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കി, ആസൂത്രണത്തോടെ മുന്നോട്ടു പോകുന്നതാണ് പ്രധാനം.

? ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ എഴുതുമ്പോള്‍ പലരും കാലിടറി വീഴുന്നുണ്ടല്ലോ.

ജനറല്‍ സ്റ്റഡീസ് പേപ്പറുകളാണ് ഒരാളുടെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാക്കുന്നത്. വിഷയത്തിലുള്ള അറിവ്, ആശയപരമായ വ്യക്തത, ആനുകാലിക പൊതുവിജ്ഞാനത്തിലെ അറിവ് എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അനായാസം ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ എഴുതാന്‍ കഴിയും. ഓപ്ഷണല്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. താത്പര്യവും പരിചയവുമുള്ള വിഷയങ്ങളാകണം ഓപ്ഷണലായി തിരഞ്ഞെടുക്കേണ്ടത്. ഏതു പേപ്പര്‍ എഴുതുമ്പോഴും സമയം ഒരു പ്രധാന ഘടകമായതിനാല്‍, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്ത് ഉത്തരങ്ങള്‍ എഴുതി പഠിക്കുന്നത് വളരെ നന്നായിരിക്കും.

? താങ്കള്‍ നൂറുകണക്കിന് കുട്ടികളെ സിവില്‍ സര്‍വീസ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പരിശീലകനാണല്ലോ. ഇരുപത് വര്‍ഷം നീണ്ട ഈ കാലത്തെ എങ്ങനെ കാണുന്നു

സിവില്‍ സര്‍വീസ്, പഠിപ്പിസ്റ്റുകള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ ശരിയല്ലെന്നാണ് ഈ കാലംകൊണ്ട് ഞാന്‍ മനസ്സിലാക്കിയ പ്രധാന കാര്യം. ചെറിയ ക്ലാസുകളില്‍ ഒന്നാം റാങ്കോടെ വളര്‍ന്നുവന്ന ഒരു കുട്ടിക്ക് സിവില്‍ സര്‍വീസ് കിട്ടണമെന്ന് നിര്‍ബന്ധമില്ല... ചെറിയ ക്ലാസുകളില്‍ ശരാശരി മാര്‍ക്ക് മാത്രം വാങ്ങി വന്ന ഒരു കുട്ടിക്ക് ഒരിക്കലും സിവില്‍ സര്‍വീസ് കിട്ടില്ലെന്നും കരുതേണ്ടതില്ല. ആത്മവിശ്വാസവും കഠിനാധ്വാനവും ചിട്ടയായ തയ്യാറെടുപ്പുകളും കനത്ത മത്സരങ്ങളും ഒരുപോലെ ചേര്‍ന്ന പരീക്ഷയാണിത്. അതു നിങ്ങള്‍ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം.

? സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കഠിനാധ്വാനമാണോ ആസൂത്രണമാണോ പ്രധാനം

'ലക്ഷ്യത്തെ സാധൂകരിക്കാന്‍ മാര്‍ഗം ഏതുമാകാം' എന്നാണല്ലോ ഭഗവദ്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഹാര്‍ഡ് വര്‍ക്കാണോ, സ്മാര്‍ട്ട് വര്‍ക്കാണോ വേണ്ടതെന്ന് നിങ്ങള്‍തന്നെയാണ് തീരുമാനിക്കേണ്ടത്.
സാധാരണ ലൈബ്രറിയിലെ പുസ്തകങ്ങള്‍ മുതല്‍ ഓണ്‍ലൈന്‍ മാഗസിനുകള്‍, പരീക്ഷാസഹായ വെബ്‌സൈറ്റുകള്‍, ഓണ്‍ലൈന്‍ നോക്ക് ടെസ്റ്റുകള്‍ തുടങ്ങി എത്രയോ മാര്‍ഗങ്ങള്‍ നമുക്കുമുന്നിലുണ്ട്. എതു മാര്‍ഗത്തിലൂടെയായാലും ലക്ഷ്യത്തിലെത്തിച്ചേരലാണ് പ്രധാനം.

? സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഭാഷ ഒരു പ്രശ്‌നമാണോ

ഏതു ഭാഷയിലെഴുതിയാലും അതെങ്ങനെ എഴുതി എന്നതാണ് പ്രധാനം. സിലബസ് പൂര്‍ണമായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണ് ഭൂരിഭാഗം പേരുടെയും പരാജയത്തിനു കാരണമെന്നാണ് ഞാന്‍ കരുതുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ ഓരോ വര്‍ഷവും മാറ്റങ്ങള്‍ക്കു വിധേയമാണ്. എന്നാല്‍, ഒരിക്കലും മാറാത്ത ചില മേഖലകളും ഈ പരീക്ഷയിലുണ്ട്. ഇതൊക്കെ വ്യക്തമായി മനസ്സിലാക്കിയാല്‍ എതു ഭാഷയില്‍ എഴുതിയാലും കുഴപ്പമില്ല

? 'സക്‌സസ് ഗുരു' എന്നാണല്ലോ താങ്കള്‍ അറിയപ്പെടുന്നത്. എന്താണ് താങ്കളുടെ വിജയത്തിന് പിന്നിലുള്ള രഹസ്യം. താങ്കളുടെ ഇനിയുള്ള സ്വപ്നമെന്താണ്

പരാജയപ്പെടുമെന്നുള്ള ഭീതിയാണ് എല്ലാ പരാജയങ്ങളുടെയും പിന്നിലെ പ്രധാന കാരണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ വിജയപ്രതീക്ഷയോടെ നിങ്ങള്‍ മുന്നോട്ടു പോകൂ... വിജയം ഒരു പൂവായി നിങ്ങളുടെ കൈക്കുടന്നയില്‍ വന്നു വീഴും.  

രാജ്യത്തെ സേവിക്കാനുള്ള ഒരാളുടെ ആഗ്രഹമാണ് സിവില്‍ സര്‍വീസിന്റെ അടിസ്ഥാനം. ഒരുപാടുപേരെ ഇനിയും സിവില്‍ സര്‍വീസ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തണമെന്നാണ് ഇനിയുള്ള എന്റെ സ്വപ്നവും. ഞാന്‍ ആദ്യം പറഞ്ഞില്ലേ... നിങ്ങള്‍ സ്വപ്നം കാണൂ... ഞാനും സ്വപ്നം കാണുകയാണ്.