കര്‍ഷകമായ കരിയര്‍ സ്വപ്നം കാണുന്നവര്‍ക്ക് കമ്പനി സെക്രട്ടറിമാരാകാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) നടത്തുന്ന പരീക്ഷകള്‍ വിജയിച്ച് പ്രായോഗിക പരിശീലനത്തിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗത്വം നേടുകയാണ് കമ്പനി സെക്രട്ടറി ആകാനുള്ള യോഗ്യത.

എങ്ങനെ തുടങ്ങാം

കമ്പനി സെക്രട്ടറി എക്‌സിക്യുട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ് (സി.എസ്.ഇ.ഇ.ടി.) വിജയിക്കുകയാണ് ആദ്യത്തെ ഘട്ടം. പ്ലസ് ടു (സയന്‍സ്/ഹ്യൂമാനിറ്റീസ്/കൊമേഴ്‌സ്) പഠിക്കുന്നവര്‍ക്കും വിജയിച്ചവര്‍ക്കും പ്രവേശനപരീക്ഷയ്ക്ക് എന്നുവേണമെങ്കിലും അപേക്ഷിക്കാം. മറ്റു കോഴ്‌സ് പഠിക്കുന്നവര്‍ക്കും ജോലിചെയ്യുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

വര്‍ഷത്തില്‍ നാലുതവണ പ്രവേശനപരീക്ഷ നടത്തും. ഓണ്‍ലൈനായി ഒബ്ജക്റ്റീവ് രീതിയിലാണ് പരീക്ഷ. വിശദവിവരങ്ങള്‍www.icsi.edu ല്‍ ലഭിക്കും.

പഠനം

പ്രവേശനപരീക്ഷ വിജയിച്ചാല്‍ രണ്ടാംഘട്ടമായ എക്‌സിക്യൂട്ടീവ് പ്രോഗ്രാമില്‍ ചേരാം. രജിസ്‌ട്രേഷന്‍ സമയത്ത് പ്ലസ് ടു വിജയിച്ചിരിക്കണം. ഈ ഘട്ടത്തില്‍ രണ്ട് മൊഡ്യൂളുകളിലായി എട്ട് പേപ്പറുകള്‍ പഠിക്കണം. ഇവ വിജയിച്ചാല്‍ മൂന്നാംഘട്ടമായ പ്രൊഫഷണല്‍ പ്രോഗ്രാമില്‍ ചേരാം. ഇതില്‍ മൂന്ന് മൊഡ്യൂളുകളിലായി ഒന്‍പത് പരീക്ഷകള്‍ ഉണ്ട്. വര്‍ഷത്തില്‍ ജൂണിലും ഡിസംബറിലും പരീക്ഷ നടത്തും. പ്രീ-എക്‌സാമിനേഷന്‍ ടെസ്റ്റ് വിജയിച്ചവര്‍ക്ക് മാത്രമേ രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷകള്‍ എഴുതാന്‍ സാധിക്കൂ.

ചുമതലകള്‍

പത്തു കോടിയിലേറെ മൂലധനമുളള പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും ഉള്‍പ്പെടെയുളള എല്ലാ കമ്പനികളിലും കമ്പനി സെക്രട്ടറിയെ നിയമിക്കേണ്ടതുണ്ട്. ഈ സ്ഥാപനങ്ങള്‍, നിയമപ്രകാരം നടപ്പാക്കേണ്ടവ യഥാസമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ഇവരുടെ പ്രധാന ചുമതല. കൂടാതെ, യോഗങ്ങള്‍ വിളിക്കണം, തീരുമാനങ്ങള്‍ നടപ്പാക്കണം, കമ്പനി/ കോര്‍പ്പറേറ്റ് നിയമങ്ങള്‍, വിദേശ വിനിമയ ചട്ടങ്ങള്‍, ഓഹരി ഇഷ്യൂ എന്നിവയില്‍ ഉപദേശങ്ങള്‍ നല്‍കണം.

ഉയര്‍ന്ന ശമ്പളം

കഠിനാധ്വാനം ചെയ്താല്‍ മൂന്നുവര്‍ഷംകൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.വാര്‍ഷിക ശമ്പളം ആറ് ലക്ഷത്തിനു മുകളിലുണ്ട്. കോര്‍പ്പറേറ്റ് കമ്പനികളുടെ വാര്‍ഷികറിപ്പോര്‍ട്ട് പരിശോധിച്ചാല്‍ സീനിയര്‍ കമ്പനി സെക്രട്ടറിമാര്‍ ഒരു കോടിയിലേറെ സമ്പാദിക്കുന്നു എന്ന് മനസ്സിലാക്കാം. ഡോക്ടര്‍, എന്‍ജിനിയര്‍, ഓഡിറ്റര്‍, അഭിഭാഷകര്‍ എന്നിവരെപ്പോലെ സ്വന്തമായി പ്രാക്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

വിഷയങ്ങളും പരിശീലനവും

കമ്പനി ലോ, മറ്റു കോര്‍പ്പറേറ്റ് നിയമങ്ങള്‍, ടാക്‌സേഷന്‍, അക്കൗണ്ടിങ്, മാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കണം. വിദൂര പഠനം ആയതിനാല്‍ പാഠപുസ്തകങ്ങള്‍ അയച്ചുതരും. ഓണ്‍ലൈന്‍ ക്ലാസിലും പങ്കെടുക്കാം. പരീക്ഷ വിജയിക്കുവാന്‍ ഓരോ മൊഡ്യൂളിലും 50 ശതമാനം നേടണം. കൂടാതെ, ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് മിനിമം ലഭിക്കണം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന്, പ്രായോഗിക പരിശീലനം നിര്‍ബന്ധമാണ്. പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

(ഐ.സി.എസ്.ഐ. ദക്ഷിണേന്ത്യ കൗണ്‍സില്‍ മുന്‍ ചെയര്‍മാനാണ് ലേഖകന്‍)

Content Highlights: Careers in company Secretary