നിങ്ങള്‍ പരിശീലിക്കുന്നതോ ചെയ്യുന്നതോ ആയ തൊഴിലിലെ പ്രാവീണ്യം എത്രത്തോളമാണ്? അതില്‍ നിങ്ങള്‍ക്കുള്ള കഴിവ് മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ താത്പര്യമുണ്ടോ? അതേ, തൊഴില്‍ പരിശീലിക്കുന്നവരുമായി മത്സരമായാലോ? 

ഇതിനെല്ലാമുള്ള അവസരമാണ് സംസ്ഥാന വ്യാവസായിക പരിശീലനവകുപ്പും കേരള അക്കാദമി ഫോര്‍ എക്‌സലന്‍സും (സമലെ) ചേര്‍ന്നൊരുക്കുന്ന ഇന്ത്യാ സ്‌കില്‍ കേരളാ മത്സരം. പങ്കെടുക്കാന്‍ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ വിഷയമല്ല.

യുവാക്കളുടെ തൊഴില്‍ശേഷിയും നൈപുണ്യവും നിലവാരവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ ഇന്റര്‍നാഷണലിന് മുന്നോടിയായാണ് സംസ്ഥാനത്തും തൊഴില്‍ നൈപുണ്യമത്സരം നടത്തുന്നത്. ഇതിനായി 20 നൈപുണ്യമേഖലകളിലൊന്ന് തിരഞ്ഞെടുക്കാം.

നൈപുണ്യ മേഖലകള്‍  

കാര്‍പെന്ററി, പെയിന്റിങ് ആന്‍ഡ് ഡെക്കറേഷന്‍, പ്ലംബിങ് ആന്‍ഡ് ഹീറ്റിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിങ്, ഫാഷന്‍ ടെക്നോളജി, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് കാഡ്, ഷീറ്റ് മെറ്റല്‍ ടെക്നോളജി, വെല്‍ഡിങ്, സി.എന്‍.സി. മില്ലിങ്, സി.എന്‍.സി. ടര്‍ണിങ്, ബേക്കറി, റെസ്റ്റോറന്റ് ആന്‍ഡ് സര്‍വീസ്, ഓട്ടോമൊബൈല്‍ ടെക്നോളജി, ഫ്‌ലോറിസ്ട്രി, ഗ്രാഫിക് ഡിസൈന്‍ ടെക്നോളജി, ത്രീഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, മൊബൈല്‍ റോബോട്ടിക്‌സ്. 

സാങ്കേതിക പഠനം ഇല്ലാത്തവര്‍ക്കും

ഏതെങ്കിലും ടെക്നിക്കല്‍ യോഗ്യതയുള്ളവര്‍ക്കും ഐ.ടി.ഐ., പോളിടെക്നിക്, വി.എച്ച്.എസ്.ഇ., എന്‍ജിനീയറിങ്, ടി.എച്ച്.എസ്. തുടങ്ങിയവയോ സമാനമായ മറ്റുകോഴ്സുകളോ പഠിച്ചവര്‍ക്കും സാങ്കേതിക പഠനം നേടാതെ ഈ മേഖലകളില്‍ സ്വയം നൈപുണ്യം സ്വായത്തമാക്കിയവര്‍ക്കും പങ്കെടുക്കാം.

പ്രായം, സമ്മാനം

1997 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവരാവണം. സംസ്ഥാനതലത്തില്‍ ഒന്നാമത് എത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുമാണ് സമ്മാനം. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും പ്രോത്സാഹന സമ്മാനമുണ്ട്.

താത്പര്യമുള്ളവര്‍ http://www.indiaskillskerala.com എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 25. 
ഫോണ്‍: 0471 2735949, +918547878783, +919633061773. Email: info@indiaskillskerala.com. https://www.facebook.com/IndiaSkillsKerala2018/

മിടുക്കുണ്ടെങ്കില്‍ റഷ്യയിലേക്ക് പറക്കാം

ജില്ലാതലത്തിലുള്ള മത്സരം മാര്‍ച്ച് 15-നും 17-നും ഇടയില്‍ നടക്കും. അഭിരുചിയുള്ള സ്‌കില്‍ മേഖലയിലെ പ്രോജക്ട് നിശ്ചിതസമയത്തിനകം ചെയ്തുതീര്‍ക്കുകയാണ് ചെയ്യേണ്ടത്. 
20 വിഭാഗങ്ങളിലും മത്സരമുണ്ടാകും. ഇതില്‍ ജയിച്ചാല്‍ സോണല്‍ തലത്തിലെത്താം. ജില്ലകളെ മൂന്നുസോണായി തിരിച്ചാകും മത്സരം. 

സൗത്ത് സോണ്‍: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട. 
സെന്‍ട്രല്‍ സോണ്‍: ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്. 
നോര്‍ത്ത് സോണ്‍: കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം. 
ഏപ്രില്‍ ഒന്‍പതിനും 13-നും ഇടയിലാകും സോണല്‍ മത്സരം. സംസ്ഥാനതല മത്സരം ഏപ്രില്‍ 28-നും 30-നും ഇടയില്‍ നടക്കും.

വേള്‍ഡ് സ്‌കില്‍സ് മത്സരത്തിന്റെ അതേ മാനദണ്ഡപ്രകാരം നടത്തുന്ന ഇന്‍ഡ്യാ സ്‌കില്‍സ് കേരളയിലെ വിജയികള്‍ക്ക് ജൂലായില്‍ നടത്തുന്ന അഖിലേന്ത്യാ സ്‌കില്‍സ് മത്സരത്തില്‍ പങ്കെടുക്കാം. ഇതിലെ വിജയികളാണ് റഷ്യയില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.