കംപ്യൂട്ടര്‍ സയന്‍സ് രംഗത്ത് ഇന്ന് പ്രചാരമേറെയുള്ള ശാഖകളാണ് നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ.) മെഷീന്‍ ലേണിങ്ങും. വിവര സാങ്കേതിക ലോകത്ത് സൃഷ്ടിക്കപ്പെടുന്ന അസംഖ്യം വിവരങ്ങളില്‍നിന്ന് കംപ്യൂട്ടര്‍ ഉപകരണങ്ങളെ പഠിക്കാന്‍ സഹായിക്കുന്ന കംപ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് മെഷീന്‍ ലേണിങ്. ഇങ്ങനെ പഠിച്ചെടുക്കുന്ന വിവരങ്ങളുപയോഗിച്ച് മനുഷ്യനെപ്പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ ഏറെ മുന്നില്‍ ചിന്തിക്കാനും വിശകലംചെയ്യാനും പഠിക്കാനും അത് പ്രയോഗിക്കാനുമെല്ലാം യന്ത്രങ്ങള്‍ക്ക് കഴിവുനല്‍കുന്ന മറ്റൊരു കംപ്യൂട്ടര്‍ ശാസ്ത്ര ശാഖയാണ് നിര്‍മിതബുദ്ധി. ഈ രംഗത്ത് ഇന്ന് അവസരങ്ങള്‍ ഏറെയാണ്. 

എവിടെയെല്ലാം?

നിര്‍മിതബുദ്ധിക്ക് കടന്നുചെല്ലാന്‍ കഴിയാത്ത മേഖലകളില്ല. ഏറ്റവും ലളിതമായി പറഞ്ഞാല്‍ അരിയില്‍നിന്ന് കല്ല് വേര്‍തിരിക്കുന്നതുമുതല്‍ ഭരണകൂടതലത്തില്‍ നയരൂപവത്കരണം നടത്തുന്നത് ഉള്‍?െപ്പടെയുള്ളതും ഒരുപക്ഷേ, അതിനെക്കാള്‍ പ്രധാനമായ മറ്റ് പലതും നിര്‍മിതബുദ്ധിക്ക് ചെയ്യാന്‍ കഴിയും. മനുഷ്യന്റെ കായികവും ബൗദ്ധികവുമായ എല്ലാ പിന്തുണയും ഈ സാങ്കേതിക വിദ്യയ്ക്കും ആവശ്യമാണ്. അവിടെയാണ് ഈ രംഗത്തുള്ള അവസരങ്ങള്‍

ആഴത്തിലുള്ള പഠനം

ഏത് എന്‍ജിനീയറിങ് മേഖലയിലുള്ളവര്‍ക്കും പരിശീലനം തേടാവുന്ന വിഷയമാണിത്. കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലമുള്ളവര്‍ക്ക് പഠിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് പോലുള്ള വിഷയങ്ങളില്‍ ബിരുദ കോഴ്സുകള്‍ കുറവാണെങ്കിലും പി.ജി. ഡിപ്ലോമ കോഴ്സുകളുണ്ട്. പരിശീലനം നല്‍കുന്ന നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. പലതും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ്. 
ഓണ്‍ലൈനായും പഠിക്കാം. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം.) കേരളയില്‍ പരിശീലനം നല്‍കുന്നുണ്ട്. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (നിലീറ്റ്) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബിഗ്ഡേറ്റ അനാലിസിസ് പോലുള്ള പി.ജി. ഡിപ്ലോമ കോഴ്സുണ്ട്. എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. ഖരഖ്പുര്‍ ഐ.ഐ.ടി. സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മദ്രാസ് ഐ.ഐ.ടി. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഗവേഷണ കോഴ്സുകള്‍ ലഭ്യമാണ്. വിദേശ സര്‍വകലാശാലകളിലും പഠിക്കാം. 

അവസരങ്ങള്‍

എന്‍ജിനീയറിങ്, ശാസ്ത്രമേഖലകളിലും ഐ.ടി, ബാങ്കിങ്, ഫിനാന്‍ഷല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ്, ടെലികോം, വിദ്യാഭ്യാസം, കല, ആരോഗ്യം, പ്രതിരോധം തുടങ്ങി നിരവധിയിടങ്ങളിലും അവസരമുണ്ട്. ഐ.ടി. വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാവി സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്ന 'ഫ്യൂച്ചര്‍ സ്‌കില്‍സ്' പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്നുണ്ട്. എ.ഐ. റിസര്‍ച്ച് സയന്റിസ്റ്റ്, എ.ഐ. റിസര്‍ച്ച് സൈന്റിസ്റ്റ് ഇമേജ് ആന്‍ഡ് വീഡിയോസ്, ഹാര്‍ഡ്വേര്‍ ഇന്റഗ്രേഷന്‍ എന്‍ജിനീയര്‍, ലാംഗ്വേജ് പ്രൊസസിങ്, ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ ആര്‍ക്കിടെക്റ്റ്, സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍, ടെസ്റ്റിങ് സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ അടക്കമുള്ള മേഖലകളില്‍  പ്രവര്‍ത്തിക്കാം.

പരിശീലനം നേടാം

"കംപ്യൂട്ടര്‍ സയന്‍സിന് കീഴില്‍ വരുന്നതാണെങ്കിലും ഏത് എന്‍ജിനീയറിങ് മേഖലയിലും ഉപയോഗപ്രദമാണ് നിര്‍മിതബുദ്ധി. ഏത് മേഖലകളിലുള്ളവര്‍ക്കും ഈ സാങ്കേതികവിദ്യയില്‍ പരിശീലനം നേടാം. അത് അവര്‍ക്കൊരു അധിക നേട്ടമാണ്. " 

-വിമലാ മാത്യു, സയന്റിസ്റ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി