പ്രതീകാത്മക ചിത്രം | Photo:gettyimages.in
ജീവിതം അർഥവത്താവുന്നത് എന്തിനുവേണ്ടി ജീവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാവുമ്പോഴാണ്. മുറിയിലെ മാറാലകളത്രയും തൂത്തുവാരുന്ന നാം പലപ്പോഴും മനസ്സിലെ മാറാലകളെ തൂത്തുവാരാറില്ല. മനസ്സിലെ മാറാലകൾക്കുള്ള മറുമരുന്നാണ് ഉദയാസ്തമയങ്ങൾ. എന്തുകൊണ്ടോ അതൊന്നാസ്വദിച്ച് മനസ്സൊന്നു ചാർജുചെയ്യാൻ പലർക്കും സമയമുണ്ടാവുന്നില്ല. അല്ലെങ്കിൽ മറന്നുപോവുന്നു.
എല്ലാദിവസവും സംഭവിക്കുന്ന ഒന്നാണ് സൂര്യോദയവും അസ്തമയവും. നമുക്കായി പ്രകൃതി ഒരുക്കുന്ന നിത്യവിസ്മയം, ജീവിതത്തിന്നർഥം തിരയാൻ, കയറ്റിറക്കങ്ങളെ ഓർമിപ്പിക്കാൻ, മനസ്സിലെ മാറാലകളെ തിരിച്ചറിവിന്റെ കിരണങ്ങളാൽ തൂത്തുകളയാൻ. കാലത്തിൽ ജനിച്ച് കാലത്തിൽ അവസാനിക്കുന്ന ഉദയാസ്തമയങ്ങൾ ഓർമിപ്പിക്കുന്നത് നമ്മുടെ ജീവിതങ്ങളെത്തന്നെയാണ്. അതിന്റെ നൈരന്തര്യത്തെയും നൈമിഷികതയെയും. സ്വയമെരിഞ്ഞ് ലോകത്തിനായി പ്രകാശിക്കേണ്ട ആവശ്യകതയെ ഓർമിപ്പിക്കുന്ന പ്രകൃതിയിലെ പ്രതിഭാസമാണ് സൂര്യൻ. സൂര്യന്റെ ഔദാര്യമാണ് ജീവിതം, സൂര്യൻ കണക്കെ സ്വയംപ്രകാശിച്ചവരുടെയും.
കാലങ്ങളോളമുള്ള ജീവിതമല്ല, കർമനിരതമായ ജീവിതമാണ് ലോകം ആവശ്യപ്പെടുന്നത്. സംശയമുണ്ടെങ്കിൽ നമ്മളാരാധിക്കുന്ന പ്രതിഭകളെ നോക്കുക. അതിൽ കൊള്ളിമീൻ കണക്കെ കടന്നുപോയവരുണ്ട്. പക്ഷേ, അവരവശേഷിപ്പിച്ചുപോയ ഊർജത്തിന്റെ രഥമേറിയാണ് നമ്മുടെ പ്രയാണം. മാറാലയില്ലാത്ത മുറിയും മാറാലകെട്ടിയ മനസ്സുമാണ് ശരാശരിക്കാരുടേതെങ്കിൽ മാറാലയില്ലാത്ത മനസ്സാണ് പ്രതിഭകളെ അടയാളപ്പെടുത്തുക. സ്വന്തം അജ്ഞതയെ പറ്റിയുള്ള തിരിച്ചറിവുതന്നെ വലിയൊരു പുരോഗതിയാണ്. ഇരുട്ടെത്ര കഠിനമാവട്ടെ, പ്രതീക്ഷയുടെ പുതിയ പ്രഭാതത്തിലേക്ക് സൂര്യൻ നമ്മെ ഉണർത്തുന്നു.
സൂര്യനെപ്പറ്റി, സൂര്യപ്രകാശത്തെപ്പറ്റി എത്രമാത്രം പതിരില്ലാത്ത ചൊല്ലുകളാണ്? അത്രമേൽ നമ്മൾ ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന, ആരാധിക്കുന്ന എല്ലാം നമുക്ക് സൂര്യശോഭയും സൂര്യതേജസ്സുമാണ്. സുപ്രഭാതം നമ്മൾ ആശംസിക്കുന്നത്, പുതിയ വെളിച്ചത്തിലേക്കുള്ള പ്രതീക്ഷയായാണ്. വേണ്ടത് ഉദയാസ്തമയങ്ങൾ കാണുകയാണ്, ആ പ്രകാശത്തിന്റെ പങ്കുപറ്റുകയും.
Content Highlights: Career guidance column of IIMK director, Debashis Chatterjee, Sunrise and sunset
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..